പൊന്നാനി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മെട്രോമാന് ഇ. ശ്രീധരന്. പദ്ധതിക്ക് റെയില്‍വേയുടെ അനുമതി ലഭിക്കില്ലെന്ന് സാങ്കേതിക വിദഗ്ധനെന്ന നിലയില്‍ ഉറപ്പുണ്ടെന്നും കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാന്‍ തന്നെയാണെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതിക്ക് വരുന്ന ചെലവിന്റെ കാര്യത്തില്‍, പണി പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍, ഭൂമി ഏറ്റെടുക്കുന്നതില്‍, ബഫര്‍ സോണ്‍ കാര്യത്തില്‍ എല്ലാം സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. നിലത്തൂടെ ഹൈസ്പീഡ് റെയില്‍ പറ്റില്ല. നമ്മുടെ മണ്ണ് അതിനു ചേര്‍ന്നതല്ല. ഭൂമി ഏറ്റെടുക്കല്‍ കാര്യത്തില്‍ വ്യക്തതയില്ല. ബഫര്‍ സോണ്‍ ഭൂമിക്ക് നഷ്ടപരിഹാരം കിട്ടില്ല. എത്രയാണ് ബഫര്‍സോണിന് വേണ്ടതെന്ന് നിശ്ചയമില്ല. പ്രധാനമന്ത്രി അനുഭാവപൂര്‍വം കേട്ടു എന്നല്ലാതെ സംതൃപ്തി പ്രകടിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല.
പാളത്തിന് മതിലുകെട്ടിയാല്‍ കേരളം രണ്ടാകില്ലെന്ന് ഇപ്പോഴും അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവിടെ റെയില്‍വേ ലൈന്‍ ആവശ്യമുണ്ട്, പക്ഷേ ഇതുപോലൊന്നു വേണ്ട. ഹൈസ്പീഡ് ആയിക്കോട്ടെ, അത് മുകളിലൂടെയോ തുരുങ്കത്തിലൂടെയോ വേണം. സര്‍ക്കാര്‍ ഇതില്‍ പിടിവാശി കാണിക്കുന്നതില്‍ എന്തോ ഹിഡണ്‍ അജണ്ടയുണ്ട്. ഇടപാടില്‍ എന്തോ ബാധ്യതപ്പെട്ടിട്ടുണ്ട്. അത് കമ്മിഷന് ആണെന്നെന്നും ഞാന്‍ പറയില്ല. എനിക്കതറിയില്ല. പക്ഷേ സര്‍ക്കാരിന് പിന്മാറാന് പറ്റാത്ത ബാധ്യത ആരോടോ ഉണ്ട്. കണ്‍സള്‍ട്ടന്‍സിയില്‍ ഉള്ളവരെല്ലാം റെയില്‍വേയില്‍നിന്ന് വിരമിച്ചവരാണ്. അവര്‍ക്ക് അറിയാത്ത മേഖലയാണിത്.
ഞാന്‍ പറയുന്നത് രാഷ്ട്രീയകാരണത്താലാണെന്ന് മുഖ്യമന്ത്രി പറയില്ലെന്ന് ശ്രീധരന് പറഞ്ഞു. ഞാനയച്ച കത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുന്നു. അവര്‍ക്ക് സത്യം മുഖ്യമന്ത്രിയുടെ മുന്നില്‍ പറയാന്‍ ധൈര്യമില്ല. അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ കൊടുക്കുന്നില്ല. 2013 ലെ കണക്കിലാണ് കൊടുക്കുന്നത്. അതിന്റെ നാലിരട്ടി ഗ്രാമത്തിലും രണ്ടിരട്ടി നഗരത്തിലും കൊടുക്കണമെന്ന് 2013 ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്.
ഈ പദ്ധതി നടപ്പാക്കണമെങ്കില്‍ പുതുക്കി നിശ്ചയിക്കണം. അതിനുള്ള സൂചനകളാണ് എനിക്ക് മനസ്സിലാകുന്നത്. ഇക്കാര്യത്തില്‍ ഞാന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. പദ്ധതി അപ്രൂവ് ചെയ്തിട്ടേ ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കാവൂ എന്നാണ് അതില്‍ ആവശ്യപ്പെട്ടിട്ടുള്ളു. റെയില്‍വേ ബോര്‍ഡില്‍ അതെത്തി. പക്ഷേ റെയില്‍വേ ഔദ്യോഗികമായി സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിട്ടില്ല. റെയില്‍വേ മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്. റെയില്‍വേയ്ക്ക് അറിയാം ഈ പദ്ധതി റിപ്പോര്‍ട്ട് ശരിയല്ലെന്ന്. 400 കിലോ മീറ്റര്‍ നിലത്തൂടെയാണ്. അവര്‍ക്കറിയാം നടപ്പിലാകില്ല എന്ന്.
സാമൂഹ്യാഘാത പഠനത്തിന് കല്ലിടണ്ട. സെന്‍ട്രല്‍ ലൈന്‍ മാര്‍ക്കിങ്ങാണ് വേണ്ടത്. 1200 പുതിയ ലൈന്‍ നിര്‍മിച്ച ആളാണ് ഞാന്‍. പുറമേ കൊങ്കണ്‍ റെയില്‍വേ. പുതിയ ലൈന്‍ ചെയ്യുമ്പോള്‍ എന്തൊക്കെയാണ് വേണ്ടതെന്ന് എനിക്കറിയാം. പക്ഷേ ഇവര്‍ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണ്, ശ്രീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: