ന്യൂദല്‍ഹി: ‘എത്രയും നേരത്തെ പിന്മാറണം, തരിമ്പും ബാക്കിയില്ലാതെ പിന്മാറണം’ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് സമ്പൂര്‍ണമായ പിന്മാറ്റം ഉടന്‍ വേണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയോട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആവശ്യപ്പെട്ടു.
ഇന്ത്യ-ചൈന ബന്ധം മുന്നോട്ട് പോകുന്നതിന് അതല്ലാതെ ഒരു വഴിയില്ലെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കി. തുടര്‍ചര്‍ച്ചകള്‍ക്കുള്ള ചൈനയുടെ ക്ഷണത്തിന് അടിയന്തരപ്രശ്നങ്ങള്‍ പരിഹരിച്ചതിന് ശേഷമാകാമെന്ന മറുപടിയാണ് ഡോവല്‍ നല്‍കിയത്. അതേസമയും വാങ്യിയും അജിത്ഡോവലുമായി നടന്ന കൂടിക്കാഴ്ച സൗഹാര്ദ്ദപൂര്വമായിരുന്നുവെന്നും സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിക്കുന്നതായിരുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും പരസ്പരം സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരേ ദിശയില്‍ പ്രവര്‍ത്തിക്കാനും കഴിയുന്നത്ര വേഗത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും ധാരണയായി. കഴിഞ്ഞദിവസം ന്യൂദല്‍ഹിയിലെത്തിയ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്നലെയാണ് ഡോവലുമായി പ്രതിനിധിതല ചര്‍ച്ചകള്‍ നടത്തി. ഉഭയകക്ഷി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും നയതന്ത്ര, സൈനിക തലങ്ങളില്‍ ക്രിയാത്മക ഇടപെടലുകള്‍ തുടരേണ്ടതിന്റെ ആവശ്യകത ഇരുകൂട്ടരും ഊന്നിപ്പറഞ്ഞു.
2020ല്‍ ഗാല്‍വാന്‍ താഴ്വരയില് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനുശേഷം നടക്കുന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ആദ്യത്തെ ആശയവിനിമയമാണിത്. തര്‍ക്കം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും നിരവധി റൗണ്ട് അതിര്‍ത്തി ചര്‍ച്ചകള്‍ നടത്തി. കിഴക്കന്‍ ലഡാക്കില്‍ സംഘര്ഷമേഖലകളില്നിന്നെല്ലാം ചൈന പൂര്‍ണമായും പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കുന്നത് പരസ്പര വിശ്വാസം വളര്‍ത്താനും ബന്ധങ്ങളില്‍ പുരോഗതിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: