തിരുവനന്തപുരം: ശ്രീരാമദാസ മിഷന് യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്ര 2022 മാര്‍ച്ച് 27ന് കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്രസന്നിധിയില്‍ നിന്ന് ആരംഭിക്കും. മൂകാംബികാദേവിയുടെ ശ്രീകോവിലില്‍ നിന്ന് മുഖ്യതന്ത്രി പകര്‍ന്നു നല്കുന്ന ജ്യോതി ശ്രീരാമദാസാശ്രമം അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമരഥത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് രഥപരിക്രമണത്തിന് തുടക്കം കുറിക്കും.
ശ്രീരാമായണത്തിന്റെ ആദ്ധ്യാത്മികമായ ആന്തരികസത്ത ജനഹൃദയങ്ങളിലെത്തിക്കുക എന്ന സന്ദേശവുമായാണ് രഥയാത്ര നടത്തുന്നത്. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും രഥയാത്ര നടക്കുകയെന്ന് ശ്രീരാമദാസ മിഷന് യൂണിവേഴ്സല്‍ സൊസൈറ്റി അദ്ധ്യക്ഷന്‍ എസ്. കിഷോര്‍ കുമാര്‍ അറിയിച്ചു.
ക്ഷേത്ര മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ള ശ്രീരാമരഥത്തില്‍ പഞ്ചലോഹനിര്‍മ്മിതമായ ശ്രീരാമസീത ആഞ്ജനേയ വിഗ്രഹം, ശ്രീരാമപാദുകം, ചൂഡാരത്നം എന്നിവയും ശ്രീരാമദാസാശ്രമ സ്ഥാപകാചാര്യന്‍ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെയും ഛായാചിത്രങ്ങളും നിത്യാരാധനയ്ക്കും ദര്‍ശനത്തിനുമായി ഉണ്ടാകും.
മാര്‍ച്ച് 27ന് ദക്ഷിണ കര്‍ണ്ണാടകം, 28ന് കാസര്‍ഗോഡ് 29ന് കണ്ണൂര്‍, 30ന് കണ്ണൂര്‍-വയനാട്, 31ന് കോഴിക്കോട്, ഏപ്രില്‍ ഒന്നിന് മലപ്പുറം, രണ്ടിന് പാലക്കാട്, മൂന്നിന് തൃശ്ശൂര്‍, നാലിന് എറണാകുളം-ഇടുക്കി, അഞ്ചിന് കോട്ടയം, ആറിന് പത്തനംതിട്ടആലപ്പുഴ, ഏഴിന് കൊല്ലം, അന്നുതന്നെ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ച് വെഞ്ഞാറമൂട് മാങ്കുളം സത്യാനന്ദ ആശ്രമത്തില്‍ എത്തിച്ചേരും.
എട്ടിന് കന്യാകുമാരിയിലേക്ക് പോയി തിരികെ കളിയിക്കാവിള-നെയ്യാറ്റിന്‍കര വഴി ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ എത്തും. ഒമ്പതാം തീയതി ആശ്രമത്തില്‍ തുടരും. ശ്രീരാമനവമി ദിനമായ ഏപ്രില്‍ 10ന് വൈകുന്നേരം തിരുവനന്തപുരത്ത് കിഴക്കേകോട്ട അഭേദാശ്രമത്തില്‍ നിന്നും പാദുകസമര്‍പ്പണ ശോഭായാത്ര ആരംഭിക്കും.
പാളയം ശ്രീഹനുമദ് ക്ഷേത്രത്തില്‍ പാദുകസമര്പ്പണത്തിനു ശേഷം ആശ്രമത്തില്‍ തിരികെയെത്തുന്നതോടെ ശ്രീരാമനവമി രഥയാത്ര പര്യവസാനിക്കും. ശ്രീരാമനവമി ദിനമായ ഏപ്രില്‍ 10ന് ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ രാവിലെ 10ന് ശ്രീരാമനവമി സമ്മേളനം നടക്കും. സമ്മേളനത്തില്‍ 2022ലെ ആശ്രമബന്ധു പുരസ്കാരം സമ്മാനിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: