ലണ്ടന്‍: മനുഷ്യരക്തത്തില്‍ വലിയ തോതില്‍ പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി ഞെട്ടിക്കുന്ന പുതിയ പഠനം. പഠനമനുസരിച്ച്, പരിശോധിച്ചവരില്‍ 77 ശതമാനം ആള്‍ക്കാരിലും രക്തത്തില്‍ മൈക്രോപ്ലാസ്റ്റിക് കണികകള്‍ ഉണ്ടായിരുന്നു.
ഡച്ച് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പോളിയെത്തിലീന്‍ ടെറഫ്താലേറ്റ് (പിഇടി) മനുഷ്യരക്തത്തില്‍ കാണപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ ഏറ്റവും കൂടുതലുള്ള രൂപമാണെന്ന് കണ്ടെത്തി. പിഇടി സാധാരണയായി വെള്ളം, ഭക്ഷണം, വസ്ത്രങ്ങള്‍ എന്നിവ പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നതാണ്. ബ്രിട്ടീഷ് ദിനപത്രമായ ദി ഇന്‍ഡിപെന്‍ഡന്റെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം വായുവിലൂടെയും ഭക്ഷണപാനീയങ്ങളിലൂടെയും പ്ലാസ്റ്റിക് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
പഠനത്തിന്റെ കണ്ടെത്തലുകള്‍ തീര്‍ച്ചയായും ഭയപ്പെടുത്തുന്നതാണെന്നും ഇത്രയും വലിയതോതില്‍ ആള്ക്കാര് പ്രത്യക്ഷത്തില്‍ വളരെയധികം പ്ലാസ്റ്റിക് അകത്താക്കുകയോ ശ്വസിക്കുകയോ ചെയ്യുന്നുവെന്ന് തെളിയുകയാണെന്ന് ആംസ്റ്റര്‍ഡാമിലെ വ്രിജെ യൂണിവേഴ്സിറ്റിയിലെ ഇക്കോടോക്സിക്കോളജി ആന്‍ഡ് വാട്ടര്‍ ക്വാളിറ്റി ആന്‍ഡ് ഹെല്‍ത്ത് പ്രൊഫസര്‍ ഡിക്ക് വെതാക്ക് വ്യക്തമാക്കി. ശരീരത്തിലെ ഈ പ്ലാസ്റ്റിക് കണികകള്‍ വിട്ടുമാറാത്ത തരത്തിലുള്ള രോഗാവസ്ഥയ്ക്ക് കാരണമാകും.
പോളിപ്രൊപ്പിലിന്‍, പോളിസ്റ്റൈറൈന്‍, പോളിമീഥൈല്‍ മെതാക്രിലേറ്റ്, പോളിയെത്തിലീന്‍, പോളിയെത്തിലീന്‍ ടെറഫ്താലേറ്റ് (പിഇടി) എന്നീ അഞ്ച് തരം പ്ലാസ്റ്റിക്കുകളുടെ പരിശോധനയ്ക്കായി 22 പേരുടെ രക്തസാമ്പിളുകളാണ് പരിശോധിച്ചത്. 22 രക്തദാതാക്കളില്‍ 17 പേരുടെയും രക്തത്തില്‍ പ്ലാസ്റ്റിക് കണങ്ങളുടെ അളവ് കണ്ടെത്തി. പിഇടി കഴിഞ്ഞാല്‍ മനുഷ്യന്റെ രക്തസാമ്പിളുകളില്‍ കാണപ്പെടുന്ന രണ്ടാമത്തെ പ്ലാസ്റ്റിക്കാണ് പോളിസ്റ്റൈറൈന്‍. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് പലതരം വീട്ടുപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ്. രക്തത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ മൂന്നാമത്തെ തരം പ്ലാസ്റ്റിക്ക് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പോളിയെത്തിലീന്‍ ആണ്. പരിശോധനയില്‍ 50 ശതമാനം പേരുടെയും രക്തത്തില്‍ പോളിയെത്തിലീന്‍ ടെറഫ്താലേറ്റ് കണ്ടെത്തിയതായി പഠനം പറയുന്നു. അതേസമയം, പരിശോധിച്ച 36 ശതമാനം ആളുകളുടെ രക്തത്തില്‍ പോളിസ്റ്റൈറൈന്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: