ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരിഗണിക്കാതെ നാഷനല്‍ അസംബ്ലി. പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ പ്രതിപക്ഷം സമര്‍പ്പിച്ച നിര്‍ണായക അവിശ്വാസ പ്രമേയം അവതരിപ്പിക്കാതെ മാര്‍ച്ച് 28 വരെ പിരിയുകയായിരുന്നു. ഖുര്‍ആന്‍ പാരായണത്തോടും അന്തരിച്ച എംഎന്‍എ ഖയാല്‍ സമാനും മുന്‍ പ്രസിഡന്റ് റഫീഖ് തരാറിനുമുള്ള പ്രാര്‍ത്ഥനകളോടെയാണ് സെഷന് ആരംഭിച്ചത്. തുടര്‍ന്ന് പ്രമേയം പരിഗണക്കാതെ പാര്‍ലമെന്ററി പാരമ്പര്യങ്ങളുടെ വെളിച്ചത്തില്‍ അത് നിര്‍ത്തിവയ്ക്കുന്നതായി എന്‍എ സ്പീക്കര്‍ അസദ് കൈസര്‍ പ്രഖ്യാപിക്കുകായായിരുന്നു. ഇത് ബഹളത്തിലേക്ക് വഴിമാറിയതോടെ മാര്‍ച്ച് 28 നാലു മണിവരെ സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.
നാഷനല്‍ അസംബ്ലിയില്‍ ഇമ്രാന്റെ പാര്‍ട്ടിക്ക് 155 അംഗങ്ങളാണുള്ളത്. സഖ്യകക്ഷികളായ എംക്യുഎംപിക്ക് ഏഴ്, പിഎംഎല്ക്യുവിന് അഞ്ച്, ബിഎപിക്ക് അഞ്ച്, ജിഡിഎയ്ക്ക് മൂന്ന് എന്നിങ്ങനെയാണ് അംഗബലം. ആകെ 179 അംഗങ്ങളാണ് സഖ്യത്തിലുള്ളത്. 342 അംഗ നാഷനല്‍ അസംബ്ലിയില്‍ അവിശ്വാസത്തില്‍നിന്നു രക്ഷനേടാന്‍ ഇമ്രാന് ഖാന് 172 പേരുടെ പിന്തുണ വേണം. കണക്കുകളില്‍ ഭൂരിപക്ഷം ഉണ്ടെങ്കിലും ഇമ്രാന് ഖാന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫില്‍നിന്നു തന്നെ നല്ലൊരു വിഭാഗം പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നിരുന്നു.
സ്വന്തം പാര്‍ട്ടിയിലെ 20 അംഗങ്ങള്‍ക്കു പുറമേ എംക്യുഎംപി, പിഎംഎല്‍ക്യു, ബിഎപി എന്നിവ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയതാണ് ഇമ്രാന് തിരിച്ചടിയായത്. സഖ്യകക്ഷികളെ അനുനയിപ്പിക്കാന്‍ ഇമ്രാന് നടത്തിയ അവസാന വട്ട ശ്രമങ്ങളും വിജയം കണ്ടിട്ടില്ലായിരുന്നു.ഇതോടെ, പരാജയം മുന്നില്‍ കണ്ടാണ് പ്രമേയത്തില്‍ നിന്ന് ഇമ്രാന് ഖാന് ഒളിച്ചോടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: