Categories: Kerala

സിപിഎമ്മിനെ പേടിച്ച് മിണ്ടാതെ കേരള കോണ്‍ഗ്രസ്, എംഎല്‍എയ്‌ക്ക് പോലും കാര്യങ്ങള്‍ വിശദീകരിക്കാനാവാത്ത സ്ഥിതി, മുതലെടുക്കാൻ ജോസഫ് വിഭാഗം

പ്രാദേശിക നേതാക്കളുടെ അതൃപ്തി പരിഹരിക്കാന്‍ ജോസ് വിഭാഗം നേതാക്കള്‍ ഇതുവരെ ശ്രമം നടത്തിയിട്ടില്ല. മാടപ്പള്ളിയില്‍ പോലീസിന്റെ ക്രൂര നടപടികള്‍ ഉണ്ടായിട്ടും സ്ഥലം എംഎല്‍എ ജോബ് മൈക്കിള്‍ ഇടപെടാതിരുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കോട്ടയം: സില്‍വര്‍ ലൈനിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും സിപിഎമ്മിനെ ഭയന്ന് നിലപാട് വ്യക്തമാക്കാതെ കേരള കോണ്‍ഗ്രസ്(എം). കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം പ്രതിനിധാനം ചെയ്യുന്ന ചങ്ങനാശ്ശേരി മണ്ഡലത്തിലെ മാടപ്പള്ളിയിലാണ് സില്‍വര്‍ ലൈനിനെതിരെയുള്ള പ്രക്ഷോഭം ആദ്യം കനപ്പെട്ടത്. ഇവിടെ എംഎല്‍എയ്‌ക്ക് പോലും ജനങ്ങള്‍ക്ക് മുന്നിലെത്തി കാര്യങ്ങള്‍ വിശദീകരിക്കാനാവാത്ത സ്ഥിതിയാണ്. ഇത് അണികളില്‍ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.

ഈ എതിര്‍പ്പ് മുതലെടുക്കാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നീക്കം തുടങ്ങി. കോട്ടയം ജില്ലയിലെ പ്രതിഷേധങ്ങളില്‍ ജോസഫ് വിഭാഗം നേതാക്കള്‍ സജീവമാണ്. പ്രാദേശിക നേതാക്കളുടെ അതൃപ്തി പരിഹരിക്കാന്‍ ജോസ് വിഭാഗം നേതാക്കള്‍ ഇതുവരെ ശ്രമം നടത്തിയിട്ടില്ല. മാടപ്പള്ളിയില്‍ പോലീസിന്റെ ക്രൂര നടപടികള്‍ ഉണ്ടായിട്ടും സ്ഥലം എംഎല്‍എ ജോബ് മൈക്കിള്‍ ഇടപെടാതിരുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിഷേധത്തെ തണുപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ കല്ല് സ്ഥാപിച്ച വീടുകളിലെത്തി ഒപ്പമുണ്ടെന്ന് വരുത്താന്‍ എംഎല്‍എ ശ്രമം നടത്തി. ഇതിനോട് നാട്ടുകാര്‍ രൂക്ഷമായാണ് പ്രതികരിച്ചത്.

എല്‍ഡിഎഫ് നടത്തിയ കെ റെയില്‍ വിശദീകരണ യോഗത്തില്‍ പദ്ധതി നടപ്പാക്കണമെന്ന നിലപാടാണ് ജോബ് മൈക്കിള്‍ സ്വീകരിച്ചത്. ജനങ്ങള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന ആശങ്കയും കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ക്കുണ്ട്. കോട്ടയം പാര്‍ലമെന്റ് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റെ കൈവശമാണിപ്പോള്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക