കൊച്ചി : ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായതോടെ സംസ്ഥാന വ്യാപകമായി ഇന്നത്തെ കെ റെയില്‍ സര്‍വ്വേ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം. പോലീസ് സുരക്ഷയില്ലാതെ സര്‍വ്വേ തുടരാനാകില്ലെന്ന നിലപാടിലാണ് കെ റെയിലിനായി സര്‍വ്വേ നടത്തുന്ന സ്വകാര്യ ഏജന്‍സി ഉദ്യോഗസ്ഥരുടെ നിലപാട്. പ്രകോപനം ഒഴിവാക്കാനാണ് ഇന്നെത്ത സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചതെന്നാണ് കെ റെയില്‍ അധികൃതരുടെ വിശദീകരണം നല്‍കിയിരിക്കുന്നത്.
ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് എറണാകുളം, കോഴിക്കോട് ജില്ലകളിലെ സില്‍വര്‍ലൈന്‍ സര്‍വ്വേ താത്കാലികമായി നിര്‍ത്തിവെച്ചു. എറണാകുളത്ത് 12 കിലോമീറ്റര്‍ പാതയുടെ സര്‍വ്വേ മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. എന്നാല്‍ എറണാകുളം ജില്ലയില്‍ ചോറ്റാനിക്കര പിറവം കേന്ദ്രീകരിച്ചായിരുന്നു ഇന്ന് കെ റെയില്‍ കല്ലിടല്‍ നടക്കേണ്ടിയിരുന്നത്. ജനവാസമേഖലയിലാണ് കല്ലിടല്‍ തുടരേണ്ടത് എന്നതിനാല്‍ പ്രതിരോധിക്കാന്‍ ഉറച്ച് നില്‍ക്കുകയായിരുന്നു സമരസമിതിയും. പ്രദേശത്ത് ബിജെപിയും കോണ്‍ഗ്രസും ഇന്ന് മുതല്‍ ചോറ്റാനിക്കരയില്‍ പ്രതിഷേധ സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
പ്രതിഷേധക്കാര്‍ വനിതാ ജീവക്കാരെ അടക്കം കയ്യേറ്റം ചെയ്യുന്ന സാഹചര്യമാണ്. വ്യാഴാഴ്ച പിറവത്ത് സര്‍വ്വേ സംഘത്തിന്റെ കാര്‍ ഉപരോധിച്ചത് വലിയ പരിഭ്രാന്തിയുണ്ടാക്കിയുരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ യാതൊരു സുരക്ഷയുമില്ലാതെ സര്‍വ്വേ നടപടികളുമായി മുന്നോട്ട് പോകാനാകില്ലെന്ന് കെ റെയിലിനെ അറിയിച്ചു. ജില്ലയില്‍ ഇനി 12 കിലോമീറ്റര്‍ മാത്രമേ സര്‍വ്വേ പൂര്‍ത്തിയാക്കാനുള്ളൂ. പോലീസ് സംരക്ഷണയുണ്ടെങ്കില്‍ പ്രതിസന്ധിയില്ലെന്നും ഏജന്‍സി പറയുന്നു.
അതേസമയം ഡിവൈഎഫ്ഐയുടെ ജനസഭ എന്ന പേരില്‍ കെ റെയില്‍ അനുകൂല പരിപാടി ചോറ്റാനിക്കരയില്‍ നടത്തുന്നുണ്ട്. വടക്കന്‍ കേരളത്തിലും ഇന്ന് സര്‍വ്വേ നടപടികളില്ല. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുന്നത് വരെ സര്‍വ്വേ നീട്ടി വയ്ക്കാനും ആലോചനയുണ്ട്. ഇത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. തത്കാലത്തേയ്ക്ക് ഇന്ന് സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കാനാണ് അനൗദ്യോഗിക തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: