മാടപ്പള്ളി (കോട്ടയം): സില്‍വര്‍ ലൈന്‍ നടപ്പാക്കിയാല്‍ കൂടുതല്‍ നഷ്ടമുണ്ടാകുന്നത് ചങ്ങനാശേരി താലൂക്കിലെ മാടപ്പള്ളി പഞ്ചായത്തില്‍. മാടപ്പള്ളിയിലെ ഭൂരിപക്ഷം പ്രദേശങ്ങളും പാതയുടെ അടിയിലാകും. പഞ്ചായത്തിലെ ഏഴു വാര്‍ഡുകളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നു പോകുന്നത്. സമീപ പഞ്ചായത്തുകളില്‍ ഒന്നോ രണ്ടോ വാര്‍ഡിന്റെ കോണുകളിലൂടെ മാത്രമേ പാത കടന്നുപോകുന്നുള്ളൂ.
പ്രാഥമിക കണക്കില്‍ 400 വീടുകള്‍, ഇരുന്നൂറ്റമ്പതോളം കടകള്‍, ഒരു ക്ഷേത്രം, നാലു പള്ളികള്‍, ഒരു ഐടിഐ, ഒരു പെട്രോള്‍ പമ്പ്, രണ്ട് അങ്കണവാടികള്‍ തുടങ്ങിയവ പൂര്‍ണമായും ഒഴിഞ്ഞു കൊടുക്കേണ്ടി വരും. ചൂരപ്പാടി ക്ഷേത്രം പൊളിച്ചു നീക്കണം. ചങ്ങനാശേരി – വാഴൂര്‍, മാമ്മൂട് – വെങ്കോട്ട, പെരുമ്പനച്ചി – കോട്ടയം റോഡുകളില്‍ ഫ്ളൈ ഓവറുകള്‍ നിര്‍മിക്കണം. ഇതിനായി വീണ്ടും സ്ഥലം ഏറ്റെടുക്കേണ്ടി വരും.
സില്‍വര്‍ ലൈന്‍ കടന്നു പോകുന്നതായി രേഖപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിലെ ആളുകള്‍ ഓരോ ദിവസം കഴിയുന്തോറും വലിയ ആശങ്കയിലാണ്. സ്ഥലത്തിന്റെ ആധാരം സ്വകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും വച്ച് ലോണ്‍ എടുത്തവരും പ്രദേശത്ത് ധാരാളമുണ്ട്. പണമടച്ച് ആധാരം കൈപ്പറ്റാനുള്ള നിര്‍ദേശങ്ങള്‍ ഇവര്‍ക്ക് വന്നു തുടങ്ങിയിട്ടുണ്ട്. രണ്ടും മൂന്നും സെന്റ് ഭൂമിയുള്ളവര്‍ ആധാരം പണയപ്പെടുത്തിയാണ് വീട് നിര്‍മിച്ചിട്ടുള്ളത്. ഇതില്‍ ഒരു രൂപ പോലും തിരികെ അടയ്ക്കാത്തവരുണ്ട്.
സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കൊപ്പം ലോണ്‍ കൊടുത്ത സ്ഥാപനങ്ങള്‍ക്കും വന്‍ നഷ്ടമാണുണ്ടാകുന്നത്. ലോണ്‍ അടയ്ക്കാതെ വന്നാല്‍ ബാങ്കുകള്‍ക്ക് ഈ സ്ഥലം ഏറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. അതുകൊണ്ടാണ് ലോണ്‍ എടുത്തവര്‍ ഉടന്‍ പണം തിരികെ അടയ്ക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: