ചെങ്ങന്നൂര്‍: മന്ത്രിയുടെയും ബന്ധുക്കളുടെയും ഭൂമി സംരക്ഷിക്കാന്‍ കെ റെയില്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുമ്പോള്‍ വഴിയാധാരമാകുന്നത് ഭൂതംകുഴി കോളനിയിലെ 58 പട്ടികജാതി കുടുംബങ്ങള്‍. മന്ത്രി സജി ചെറിയാന്റെ സ്വന്തം വാര്‍ഡിലെ ജനങ്ങളുടെ ദുരവസ്ഥയാണിത്.
മന്ത്രിയുടെയും ബന്ധുക്കളുടെയും വീടും വസ്തുവകകളും സംരക്ഷിക്കാന്‍ സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ രണ്ടു തവണ മാറ്റം വരുത്തിയതില്‍ ബിജെപിയും കെ റെയില്‍ വിരുദ്ധ സമിതിയും നാട്ടുകാരും ഒറ്റക്കെട്ടായി പ്രതിഷേധം തുടരുന്നു. മന്ത്രിയുടെ വീടും പറമ്പും സംരക്ഷിക്കാനാണ് ആദ്യതവണ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതെങ്കില്‍ രണ്ടാം തവണ അദ്ദേഹത്തിന്റെ ഉറ്റ ബന്ധുവിന്റെ കിടപ്പാടം നഷ്ടപ്പെടാതിരിക്കാനാണെന്നു നാട്ടുകാരും സമര സമിതിയും പറയുന്നു. നിലവിലുള്ള അലൈന്‍മെന്റ് മൂന്നാമത്തേതാണ്. അതിന്റെ സര്‍വേ നമ്പര്‍ മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നൂറനാട്, പടനിലം വഴി പന്തളത്തിനടുത്ത് ഇടപ്പോണിലെത്തുന്ന ആദ്യ അലൈന്‍മെന്റ് ശാര്‍ങക്കാവ് കടന്ന് ചാങ്ങപ്പാടത്ത് മുളക്കുഴ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലേക്കാണ് പ്രവേശിക്കുന്നത്. ഇത് കൊഴുവല്ലൂര്‍ ലിറ്റില്‍ ~വര്‍ പള്ളിക്കും മന്ത്രി സജി ചെറിയാന്റെ വീടിനും മധ്യത്തിലൂടെയാണ്. അവിടെ നിന്ന് പെരിങ്ങാലയില്‍ കയറി ചെങ്ങന്നൂരിലെ നിര്‍ദിഷ്ട സ്റ്റേഷനായ പിരളശേരിയിലെത്തും. ഈ അലൈന്‍മെന്റ് മന്ത്രിയുടെ വീടിനെ ബാധിക്കുമെന്നു വ്യക്തമായതോടെ ആദ്യ മാറ്റം കൊണ്ടുവന്നു.
250 മീറ്റര്‍ മാറ്റി കൊഴുവല്ലൂര്‍ ദേവീ ക്ഷേത്രത്തിന്റെ നാഗത്തറയ്‌ക്കു മുന്നില്‍ ഭൂതംകുന്ന് കോളനിയിലൂടെയായിരുന്നു പുതിയ അലൈന്‍മെന്റ്. എന്നാല്‍ ഈ അലൈന്‍മെന്റ് പ്രകാരം പാതയെത്തുന്നതു മന്ത്രിയുടെ ബന്ധുവിന്റെ വീടുള്‍പ്പെട്ട പറമ്പിലേക്കാണ്. ഇതോടെ രണ്ടാം അലൈന്‍മെന്റിലും മാറ്റംവരുത്തിയെന്ന് കെ റെയില്‍ വിരുദ്ധ സമര സമിതി ചൂണ്ടിക്കാട്ടി. അലൈന്‍മെന്റില്‍ മാറ്റംവരുത്തിയതു ഭൂതംകുഴി കോളനിയില്‍ നിന്നാണ്. നേര്‍ രേഖയില്‍ പോകുമെന്നു പറയപ്പെടുന്ന പാത കോളനിയില്‍ നിന്നു യു ടേണില്‍ റോഡ് മുറിച്ചു കടന്നായി പിരളശേരിയിലേക്കുള്ള പോക്ക്. രണ്ട് അലൈന്‍മെന്റുകളിലുമില്ലാത്ത വീടുകള്‍ക്കും സ്ഥലത്തിനും നടുവിലൂടെയാണിത്. ഈ രണ്ട് അലൈന്‍മെന്റിനും സര്‍വേ നമ്പര്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: