പാശ്ചാത്യലോകത്ത്, നിങ്ങള്‍ യോഗയെന്ന വാക്ക് ഉച്ചരിച്ചാല്‍, ആളുകള്‍ അസാധ്യമായ ശാരീരിക നിലകളെ കുറിച്ചാണ് ചിന്തിക്കുക. ഇതു യോഗയെ കുറിച്ചുള്ള വികലമായ സങ്കല്പമാണ്. യോഗയെന്ന വാക്കിന്റെ അക്ഷരാര്‍ത്ഥം ‘ഐക്യം’. ഐക്യമെന്നാല്‍ എന്താണ്?
ഈ അസ്തിത്വം മുഴുവന്‍ ഒരേ ഊര്‍ജത്തിന്റെ ലക്ഷക്കണക്കിന് തരത്തിലുള്ള രൂപഭേദങ്ങള്‍ മാത്രമാണെന്ന് ശാസ്ത്രം സംശയാതീതമായി തെളിയിച്ചിട്ടുണ്ട്. എത്രയോ കാലങ്ങളായി മതങ്ങള്‍ പറയുന്നു ‘ദൈവം എല്ലായിടത്തുമുണ്ടെന്ന്’. ദൈവം എല്ലായിടത്തും ഉണ്ടെന്നു നിങ്ങള്‍ പറഞ്ഞാലും ‘എല്ലാം ഒരേ ഊര്‍ജ’മാണെന്നു പറഞ്ഞാലും അവ വ്യത്യസ്തമായ കാര്യങ്ങളല്ല. ഐന്സ്റ്റീന് അതിനെ ഊര്‍ജമെന്നു വിളിക്കുന്നു, നിങ്ങള്‍ അതിനെ ദൈവമെന്നു വിളിക്കുന്നു. ഒരേ കാര്യം രണ്ടു വ്യത്യസ്ത തരത്തില്‍ പറയുന്നതാണിത്. ശാസ്ത്രജ്ഞന് അതു ഗണിതത്തിലൂടെ അനുമാനിച്ചെടുത്തുവെന്നേയുള്ളൂ, അത് അനുഭവിച്ചിട്ടില്ല. ആരെങ്കിലും പറഞ്ഞതു കൊണ്ടു മാത്രം വെറുതെ അതു വിശ്വസിക്കുന്ന ഒരാളും അത് അനുഭവിച്ചിട്ടില്ല.
ഒരു യോഗി, അനുമാനങ്ങളും വിശ്വാസപ്രമാണങ്ങളും കൊണ്ടു മാത്രം അടങ്ങിയിരിക്കുന്ന ഒരാളല്ല. അദ്ദേഹത്തിന് അതറിയണം. അദ്ദേഹം കണ്ണുമടച്ച് ഇരിക്കുകയാണെങ്കില്‍, അവിടെ വ്യക്തിയും പ്രപഞ്ചവും വേറെയല്ല. അയാള്‍ തന്നെയാണ് പ്രപഞ്ചം. ഒരൊറ്റ നിമിഷത്തേക്കെങ്കിലും നിങ്ങള്‍ നിങ്ങളുടെ ചുറ്റുമുള്ളതിനെയെല്ലാം അനുഭവിക്കുകയാണെങ്കില്‍, പിന്നെ നിങ്ങളുടെ ചുറ്റുമുള്ളതിനെ കരുതലോടെ കാണുകയും സംരക്ഷിക്കുകയും വേണമെന്ന് നിങ്ങളോട് ആരും പറയേണ്ട കാര്യമില്ല. നിങ്ങള്‍ ഉറപ്പായും അതു ചെയ്തു കൊള്ളും. കാരണം നിങ്ങള്‍ സ്വയം അറിഞ്ഞതിനോട് നിങ്ങള്‍ക്ക് ഒരു തരത്തിലുള്ള സംഘര്‍ഷവുമില്ല. അവിടെ പരമമായ ഐക്യവും, ആഴത്തിലുള്ള നിമഗ്നതയുമാണുള്ളത്. യോഗയെന്നാല്‍ നിങ്ങളുടെ ശരീരം വളയ്ക്കുന്നതും ശ്വാസം പിടിച്ചു വെയ്ക്കുന്നതുമല്ല. നിങ്ങള്‍ക്ക് യഥാര്‍ത്ഥ്യത്തെ അതിന്റെ ശരിയായ രീതിയില്‍ കാണാനാവുന്ന ഒരു അനുഭവത്തിലേക്ക് എത്തിക്കാന്‍ വേണ്ടിയുള്ള സാങ്കേതികവിദ്യയും പ്രക്രിയയുമാണത്.
ഇങ്ങനെയൊരു കാര്യം സാധ്യമാണോ? നിങ്ങള്‍ ആരാണെന്ന അനുഭവത്തിന്റെ അടിത്തറ നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങളുടെ അതിരുകളാണ്. ‘ഈ അതിരുകള്ക്കുള്ളിലുള്ളത് നിങ്ങളും, അതിരുകള്‍ക്ക് പുറത്തുള്ളത് നിങ്ങളല്ലാത്തതും’ ഇതാണ് ജീവിതത്തില്‍ നിങ്ങളുടെ അനുഭവം.
നിങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും നിമിഷത്തില്‍, തീവ്രമായ സന്തോഷമോ, പരമാനന്ദമോ അനുഭവിച്ചിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ശരീരത്തിന്റെ, എട്ടു മുതല്‍ ഒമ്പത് ഇഞ്ച് വരെ അകലത്തില്‍ കൈകള്‍ വെച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ തൊടുന്നതു പോലുള്ള അനുഭവമുണ്ടാവും. അതു പോലെ തന്നെ നിങ്ങളുടെ ഒരു കാല് മുറിച്ചു മാറ്റപ്പെട്ടാലും, ആ കാലുള്ള പോലെയുള്ള അനുഭവം ഉണ്ടായിരിക്കുമെന്നത് വൈദ്യശാസ്ത്രം തെളിയിച്ച കാര്യമാണ്. അപ്പോള്‍ ഇന്ദ്രിയശരീരത്തിന് ഭൗതികശരീരത്തിന്റെ അപ്പുറത്തേക്കും സാന്നിധ്യമുണ്ട്. ഇന്ദ്രിയശരീരം വലുതാക്കാന്‍ ഒരു മാര്‍ഗമുണ്ട്.
നിങ്ങളുടെ ജീവോര്‍ജം വളരെ ചൈതന്യവത്താക്കിയാല്, നിങ്ങളുടെ ഇന്ദ്രിയശരീരം നിങ്ങളാഗ്രഹിക്കുന്ന പോലെ വലുതാകും. ഈ പ്രപഞ്ചം മുഴുവന്‍ നിങ്ങളുടെ ഭാഗമായി, എല്ലാം ഒന്നാണെന്ന അനുഭവം ഉണ്ടാകുന്ന രീതിയില്‍ ഇന്ദ്രിയപരമായ അനുഭവത്തിന്റെ പരിധി വലുതാക്കുകയെന്നതാണ് യോഗകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ ഐക്യത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: