ക്ഷേത്രഭൂമികള്‍ കയ്യേറി നിയമവിരുദ്ധമായി കൈവശം വച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അദാലത്തുകള്‍ വഴി പട്ടയം നല്‍കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്തുതോല്പ്പിക്കേണ്ടതുണ്ട്. ഇടതുമുന്നണി സര്‍ക്കാരിന്റെ പിന്തുണയോടെ മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഏക്കറുകണക്കിന് ഭൂമികള്‍ കയ്യേറ്റ/കൈവശക്കാര്‍ക്ക് നല്‍കാനുള്ള ഗൂഢനീക്കത്തിനെതിരെ ക്ഷേത്രസംരക്ഷണ സമിതിയെയും ഹിന്ദു ഐക്യവേദിയെയും പോലുള്ള ഹൈന്ദവ സംഘടനകള്‍ രംഗത്തുവന്നുകഴിഞ്ഞു. പബ്ലിക് ഹിയറിങ്ങില്ലാതെ അദാലത്ത് നടത്തി ക്ഷേത്രഭൂമികള്‍ക്ക് പട്ടയം നല്‍കുന്നത് നിയമവിരുദ്ധം മാത്രമല്ല, കോടതിയലക്ഷ്യവുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്ഷേത്രസ്വത്തിന്റെ അവകാശി ദേവനായതിനാല്‍ അത് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന് കോടതി വിധികളുണ്ട്. ഇത് മാനിക്കാതെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ നാല് സെന്റുമുതല്‍ അഞ്ചേക്കര്‍ വരെയുള്ള കയ്യേറ്റഭൂമികള്‍ക്ക് നടപടിക്രമങ്ങള്‍ പാലിക്കാതെ പട്ടയം നല്‍കാനുള്ള നീക്കം ദ്രുതഗതിയില്‍ നടക്കുന്നത്. ഹിന്ദുവിരുദ്ധമായ ഈ നീക്കം വിജയിച്ചാല്‍ കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വങ്ങള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളുടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി അത് അനധികൃതമായി കൈവശം വച്ചിരിക്കുന്നവര്‍ക്ക് പതിച്ചു നല്‍കാനാണ് അണിയറയില്‍ ശ്രമം നടക്കുന്നത്. ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നും പ്രക്ഷോഭങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നും ക്ഷേത്രഭൂമികള്‍ക്ക് പട്ടയം നല്‍കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാരും മലബാര്‍ ദേവസ്വം ബോര്‍ഡും തത്കാലം പിന്‍വാങ്ങിയിരിക്കുകയാണ്.
മലബാറില്‍ ഹൈദരാലിയുടെയും മകന് ടിപ്പുവിന്റെയും പടയോട്ടത്തെ തുടര്‍ന്നും തിരുവിതാംകൂറില്‍ കേണല്‍ ജോണ്‍ മണ്‍റോയുടെ ഭരണത്തിലും ചെറുതും വലുതുമായ ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ ഭൂമിയാണ് അന്യാധീനപ്പെട്ടു പോയത്. ഇതില്‍ വലിയൊരു ഭാഗം ഓരോരുത്തരും ഉടമസ്ഥതയിലാക്കി കഴിഞ്ഞു. ഇപ്പോഴത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് ക്ഷേത്രങ്ങളുടെ 25000 ഏക്കര്‍ ഭൂമി മറ്റുള്ളവര്‍ അനധികൃതമായി കൈവശം വച്ചുകൊണ്ടിരിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. പടയോട്ടക്കാലത്ത് തകര്‍ന്ന മലപ്പുറം തളി ശിവക്ഷേത്രം ഹിന്ദു സംഘടനകളുടെ ഐതിഹാസിക പോരാട്ടത്തിന്റെ ഫലമായി വീണ്ടെടുക്കാന്‍ കഴിഞ്ഞെങ്കിലും ക്ഷേത്ര ഭൂമിയുടെ ഏറിയകൂറും മറ്റുള്ളവര്‍ സ്വന്തമാക്കുകയുണ്ടായി. വിവിധ ജില്ലകളിലായി വലുതും ചെറുതുമായ ക്ഷേത്രങ്ങളുടെ ഏക്കറു കണക്കിനു ഭൂമി രേഖകളൊന്നുമില്ലാതെ ഇപ്പോഴും മറ്റുള്ളവര്‍ കൈവശം വച്ചുകൊണ്ടിരിക്കുകയാണ്. ഇവ വീണ്ടെടുക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നും നടത്താതിരിക്കുന്ന ദേവസ്വം ബോര്‍ഡുകളാണ് കാലാകാലങ്ങളില്‍ അധികാരത്തില്‍ വരുന്ന ഹിന്ദുവിരുദ്ധ ഭരണകൂടങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി കയ്യേറ്റക്കാര്‍ക്കും കൈവശക്കാര്‍ക്കും പട്ടയം നല്കാന് ഒരുങ്ങുന്നത്. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കാന്‍ ഇടക്കാലത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരു നീക്കം നടത്തിയെങ്കിലും ജനങ്ങളുടെ എതിര്‍പ്പുണ്ടാകുമെന്നു പറഞ്ഞ് പിന്മാറുകയായിരുന്നു. ആരാണ് ഈ ജനങ്ങളെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത് വലിയ ഒരു ഒത്തുകളിയുടെ ഭാഗമാണ്.
അഹിന്ദുക്കളുടെ കടന്നാക്രമണങ്ങളില്‍നിന്നും, ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കുമെന്നും, ക്ഷേത്രം പൊളിച്ച് കപ്പ നടണമെന്നുമൊക്കെ പറഞ്ഞവരുടെ ഭരണത്തില്‍നിന്നും ആധുനിക കാലത്ത് ക്ഷേത്രങ്ങള്‍ വീണ്ടെടുത്ത് സംരക്ഷിച്ചുപോരുന്നത് ഹൈന്ദവ സംഘടനകളാണ്. മുണ്ടക്കയത്തെ പാഞ്ചാലിമേട്ടില്‍ ഏക്കറുകണക്കിന് ക്ഷേത്രഭൂമി കയ്യേറി ചിലര്‍ കുരിശു നാട്ടിയത് വലിയ വിവാദത്തിനിടയാക്കിയിരുന്നല്ലോ. മുണ്ടക്കയം ടൗണ്‍ സ്ഥിതി ചെയ്യുന്ന പ്രദേശം മുഴുവന്‍ അവിടുത്തെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെതാണ്. ഇതു സംബന്ധിച്ച കേസുണ്ട്. അന്തിത്തിരി കത്തിക്കാന്‍ വകയില്ലാതിരുന്ന ക്ഷേത്രങ്ങള്‍ ഭക്തജനങ്ങളുടെ സഹായത്തോടെ കേരളാ ക്ഷേത്ര സംരക്ഷണ സമിതിയെപ്പോലുള്ള സംഘടനകളാണ് പുനരുജ്ജീവിപ്പിച്ചത്. തളി സമരം പോലെ നിരവധി സമരങ്ങള്‍ ഇതിനുവേണ്ടി നടത്തേണ്ടിവന്നു. ക്ഷേത്രസ്വത്തിലും ഭൂമിയിലും ആര്‍ക്കും എന്തുമാവാമെന്ന സ്ഥിതി ഇപ്പോഴുമുണ്ട്. തൃശൂര്‍ വടക്കുന്നാഥന്റെ തേക്കിന് കാടും, ആലുവ ശിവക്ഷേത്ര ഭൂമിയായ മണപ്പുറവുമൊക്കെ ഏറ്റെടുക്കാനും, ക്ഷേത്ര വിരുദ്ധമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനുമുള്ള ശ്രമങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഹൈന്ദവ സംഘടനകള്‍ വലിയ പ്രതിഷേധങ്ങള്‍ നടത്തി ഇതിനെ ചെറുത്തുപോരുകയാണ്. ഇതിനിടെയാണ് ക്ഷേത്രഭൂമി കയ്യേറ്റക്കാര്‍ക്ക് വിട്ടുനല്‍കാനുള്ള തീരുമാനം സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡുകളുടെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഇതിനെതിരെ ഹിന്ദുജനതയെ ബോധവല്‍ക്കരിക്കണം. വലിയ ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവരണം. നിയമപരമായ പോരാട്ടങ്ങളും നടക്കണം. പിന്നോട്ടു പോകുന്നത് ഹിന്ദുക്കളുടെ നിലനില്‍പ്പു തന്നെ അപകടപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: