ന്യൂദല്‍ഹി: സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്, പ്രധാനമന്ത്രിയെ കണ്ട് കേരളത്തിലെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് ഒരുഉറപ്പും നല്‍കിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വേ മന്ത്രിയുമായി സംസാരിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞെന്നുമാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. കൂടിക്കാഴ്ചയ്ക്കുശേഷം റെയില്‍വേമന്ത്രി രാജ്യസഭയില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സില്‍വര്‍ ലൈനിന് ഒരു കാരണവശാലും അനുമതി നല്‍കാനാവില്ലെന്നാണ് മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം വ്യഥാവിലായി.താന്‍ പറഞ്ഞതെല്ലാം പ്രധാനമന്ത്രി കേട്ടിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതൊരു മാതൃകയാണ്. ഈ മാതൃക മുഖ്യമന്ത്രിക്കും സ്വീകരിക്കാവുന്നതാണ്. എല്ലാവരോടും പ്രധാനമന്ത്രി മാന്യമായാണ് പെരുമാറാറുള്ളത്. തന്നെ സന്ദര്‍ശിക്കാന്‍ വരാറുള്ളവരോട് കടക്കൂപുറത്ത് എന്ന് പ്രധാനമന്ത്രി പറയാറില്ല, അത് മാതൃകയാക്കണം. പ്രധാനമന്ത്രിയുടെ പെരുമാറ്റം കൊണ്ട് മുഖ്യമന്ത്രിക്ക് തെറ്റിദ്ധാരണയുണ്ടോയെന്ന് അറിയില്ല. കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ വന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വ്യാമോഹം. കെറെയിലിന് കേരളത്തിലെ ജനങ്ങള്‍ അനുകൂലമാണെന്ന് പറയുന്ന മുഖ്യമന്ത്രി റഫറണ്ടം നടത്താന്‍ തയ്യാറാകണം.
കെ റെയില്‍ തയ്യാറാക്കുന്ന എല്ലാ പദ്ധതിയും റെയില്‍വേ അംഗീകരിക്കണമെന്നില്ല. അന്തിമ അനുമതിക്കുവേണ്ടി കേന്ദ്രത്തെയും റെയില്‍വേയും സമീപിക്കുമ്പോഴാണ് തീരുമാനം എടുക്കേണ്ടതെന്നും പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: