തിരുവനന്തപുരം: 28, 29 തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന ദേശീയ പണിമുടക്കില്‍ കേരള എന്‍ജിഒ സംഘ് പങ്കെടുക്കില്ല. രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പണിമുടക്കെന്നും ഇത് രാഷ്‌ട്രീയ പ്രേരിതമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള ക്ഷാമബത്ത കുടിശികയും ലീവ് സറണ്ടര്‍ ഇല്ലാതാക്കിയതിനെ കുറിച്ചും പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതിനെ സംബന്ധിച്ചും ഒരക്ഷരവും ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ ഉരിയാടാത്തത് ഇതിന് ഉദാഹരണമാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സാമ്പത്തിക വര്‍ഷാവസാന സമയത്ത് നടത്തുന്ന സമരം കൊണ്ട് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാനേ സാധിക്കൂ.
പദ്ധതി നിര്‍വഹണം നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാതെ വരും. അതിനുമുന്നോടിയായാണ് ജീവനക്കാരെ ആക്ഷേപിച്ച് സര്‍ക്കാര്‍ പ്രതിനിധികള്‍ രംഗത്ത് വരുന്നത്. മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും സമരത്തില്‍ നിന്നും പിന്മാറണമെന്നും ജോലിക്കെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ്, ജനറല്‍ സെക്രട്ടറി എ. പ്രകാശ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: