ശശി നാരായണന്
ആര്‍ഷഭാരത ഗുരുപരമ്പരയില്‍ നിന്ന് നമ്മുടെ കാലത്തിനു കിട്ടിയ വരദാനമായിരുന്നു പണ്ഡിതരത്നം കെ.പി. നാരായണപിഷാരടി മാഷ്. തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമാ പഠനകാലത്ത് ലഭിച്ച ഏറ്റവും വലിയ ഒരനുഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ ശിഷ്യനാവാന്‍ കഴിഞ്ഞത്. ‘നിറകുടം തുളുമ്പില്ല’ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു പിഷാരടി സാറിന്റെ വ്യക്തിത്വം.
ഞങ്ങളുടെ നാട്യശാസ്ത്രാധ്യാപകനായിരുന്നു ശുഭ്രവേഷധാരിയും സുസ്മേരവദനനുമായിരുന്ന പിഷാരടി മാഷ്. പാണ്ഡിത്യ ഗൗരവം ഒട്ടുമില്ലാത്ത പെരുമാറ്റം. എന്നാല്‍ വിഷയജ്ഞാനം അഗാധം. സംസ്കൃതമെന്നാല്‍ മൃതഭാഷയാണെന്നും ആര്‍ക്കും മനസ്സിലാവാത്ത വരേണ്യതയുടെ പാണ്ഡിത്യ വിരസതയാണതിന്റെ മുഖമുദ്രയെന്നും ധരിച്ച- സാധാരണ സ്കൂള്‍ വിദ്യാഭ്യാസംകൊണ്ട് നമുക്ക് കിട്ടുന്ന ധാരണ അങ്ങനെയാണ്- എനിക്ക് സംസ്കൃതം ഗഹനമായ ജ്ഞാനദീപ്തിയോടൊപ്പം സ്വപ്ന സാന്ദ്രതയുടെ പൂനിലാവു പൊഴിക്കുന്ന ഭാഷയുടെ മകരന്ദമാണെന്ന തിരിച്ചറിവു തന്നതിന് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
വര്‍ത്തമാനകാല ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളില്‍പ്പെട്ട് ആശയക്കുഴപ്പം നിറഞ്ഞൊരു കാലത്തായിരുന്നു അദ്ദേഹത്തിന്റെ ശിഷ്യനായത്. അതുകൊണ്ടുതന്നെ ചിന്താധിക്യത്താല് ചൂടുപിടിച്ച തീക്ഷ്ണമായ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും നറുപുഞ്ചിരിയോടെ യുക്തിഭദ്രമായി അദ്ദേഹം തന്നിരുന്ന ഉത്തരങ്ങളായിരുന്നു എന്റെ ഉള്ളം തണുപ്പിച്ചിരുന്നത്.
ഭാരതീയ ശാസ്ത്രീയ നാടകവിഭാഗത്തില്‍ (കിറശമി ഇഹമശൈരമഹ ഠവലമൃേല) ഭാസമഹാകവിയുടെ ‘ഊരുഭംഗം’ സംവിധാനം ചെയ്യാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി നാട്യശാസ്ത്രം പ്രത്യേക പഠനത്തിനായി കുറെ നാളുകള്‍ അദ്ദേഹത്തിന്റെ വീടായ നാരായണീയത്തില്‍ പോയിരുന്നു. സന്ധ്യാവന്ദന സമയമടുക്കുന്നതുവരെ എല്ലാ തലതിരിഞ്ഞ സംശയങ്ങള്‍ക്കും യുക്തിപരമായി ഉത്തരം തന്ന് നമ്മുടെ പൗരാണിക ശാസ്ത്രങ്ങളുടെ കാലിക പ്രസക്തി അദ്ദേഹം ബോധ്യപ്പെടുത്തി.
ആ പരമ്പരയിലെ ജ്ഞാനികളും സാത്വികരുമായ ആചാര്യന്മാര് ഇനി ഉണ്ടാകും എന്നു പറയുക വയ്യ. സര്വ്വകാലങ്ങളോടും തലമുറകളോടും സംവദിക്കാന്‍ കഴിയുന്ന, ഇരുട്ടകറ്റാന്‍ പ്രാപ്തനായിരുന്ന ആ ഋഷിവര്യന് അനന്തകോടി പ്രണാമം!
(തപസ്യ രംഗകലാ വിഭാഗം അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: