ക്ലാസ് മുറികളില്‍ ഹിജാബ് വിലക്കിക്കൊണ്ടുള്ള വിധിയില്‍ കര്‍ണാടക ഹൈക്കോടതി ഒരു കാര്യം പ്രത്യേകം എടുത്തു പറയുകയുണ്ടായി. ഹിജാബ് വിവാദം കത്തിപ്പടര്‍ന്നതിനു പിന്നില്‍ സമൂഹത്തില്‍ അസ്വസ്ഥതയും ശത്രുതയും പടര്‍ത്താന്‍ ലക്ഷ്യമിട്ട് ചില അജ്ഞാത കരങ്ങള്‍ പ്രവര്‍ത്തിച്ചതായി കരുതേണ്ടിയിരിക്കുന്നുവെന്നാണ് വിശാല ബെഞ്ച് പറഞ്ഞത്. ഈ ശക്തികളെക്കുറിച്ച് പോലീസിന്റെ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. ഹിജാബ് വിവാദം കുത്തിപ്പൊക്കിയതിനു പിന്നില്‍ ചില ഇസ്ലാമിക ഭീകരവാദ സംഘടനകളാണെന്നും ഹര്‍ജികളുടെ വിചാരണയ്ക്കിടെ സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ മുദ്ര വച്ച കവറില്‍ നല്കിയ ഈ റിപ്പോര്‍ട്ട് കോടതി പരിശോധിക്കുകയുണ്ടായി. സത്വരമായ അന്വേഷണം നടത്തി കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നാണ് റിപ്പോര്‍ട്ട് മടക്കി നല്‍കിക്കൊണ്ട് കോടതി പറഞ്ഞത്. കര്‍ണാടക സര്‍ക്കാര്‍ നല്കിയ രഹസ്യ റിപ്പോര്‍ട്ടിലുള്ള വിവരങ്ങളും അതിനെക്കുറിച്ച് വിധിന്യായത്തില്‍ കോടതി പറഞ്ഞ കാര്യങ്ങളും ശരിയാണെന്നു തെളിയിക്കുന്നതാണ് ഹിജാബ് അനുവദിക്കണമെന്ന ഹര്‍ജികളില്‍ വിധി പറഞ്ഞ ജഡ്ജിമാരുടെ ജീവനുനേരെ ഉയര്‍ന്നിരിക്കുന്ന ഭീഷണി.
വധഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടക്കം നാലുപേര്‍ക്ക് സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ നല്‍കിയിരിക്കുകയാണ്. ഹിജാബ് വിലക്കിയ ജഡ്ജിമാരെ വധിക്കുമെന്ന് തമിഴ്നാട്ടിലെ മധുരയില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ച തമിഴ്നാട് തൗഹീദ് ജമാഅത്ത് നേതാവ് കോവൈ റഹ്മത്തുള്ള എന്നയാളെ പോലീസ് അറസ്റ്റു ചെയ്യുകയും ഈ സംഘടനയില്‍പ്പെട്ട മറ്റു ചിലര്‍ക്കെതിരെ കേസെടുക്കുകയുമുണ്ടായി. കര്‍ണാടക പോലീസും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇസ്ലാമില്‍ ഹിജാബ് ധരിക്കുന്നത് ഒഴിച്ചുകൂടാനാവാത്ത മതാചാരങ്ങളില്പ്പെട്ടതല്ലെന്ന് ആധികാരികമായ മതഗ്രന്ഥങ്ങളും മറ്റും പരിശോധിച്ചാണ് കോടതി വ്യക്തമാക്കിയത്. ഹിജാബ് മതപരമായ വേഷമല്ലെന്നും യൂണിഫോമിന് പകരമായി അത് അനുവദിക്കാനാവില്ലെന്നും കോടതി വിധിച്ചത് ഇസ്ലാമിക തീവ്രവാദികളെ പ്രകോപിപ്പിച്ചിരുന്നു. ഉഡുപ്പിയിലെ ഒരു പ്രീ-യൂണിവേഴ്സിറ്റി കോളജില്‍ തുടക്കമിട്ട വിവാദം സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ചതും ചില ഇസ്ലാമിക തീവ്രവാദ സംഘടനകളാണ്. രാജ്യവ്യാപകമായി ഇതിന് പ്രചാരണം നല്‍കുകയും ചെയ്തു. ഹര്‍ജിക്കാര്‍ക്ക് പറയാനുള്ളതെല്ലാം കേട്ട ശേഷമാണ് കോടതി ഹിജാബ് വിലക്കിക്കൊണ്ടുള്ള വിധി പറഞ്ഞത്. എന്നാല്‍ വിധിയെ അംഗീകരിക്കാനോ മാനിക്കാനോ ഇസ്ലാമിക തീവ്രവാദികള്‍ തയ്യാറായില്ല. ഹിജാബ് ധരിച്ചല്ലാതെ ക്ലാസ്സില്‍ വരില്ലെന്ന നിലപാടിലാണ് ചില വിദ്യാര്‍ത്ഥിനികള്‍. ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത് കോടതി സംശയിച്ച തീവ്രവാദ സംഘടനകളാണ്. വിധി വന്നശേഷവും ഹിജാബ് ധരിച്ച് ക്ലാസു മുറികളില്‍ പ്രവേശിച്ച ചിലരെ അധികൃതര്‍ പുറത്താക്കുകയുണ്ടായി. ഇതിനിടെ ആണ്‍കുട്ടികളെ നിസ്കാരത്തൊപ്പി ധരിപ്പിച്ച് ക്ലാസ് മുറികളില്‍ കയറ്റിവിട്ട് പ്രകോപനമുണ്ടാക്കാനും ശ്രമം നടന്നു. ഇതിനു പിന്നിലും കോടതി സൂചിപ്പിച്ച മതതീവ്രവാദികളുടെ അജ്ഞാത കരങ്ങളാണ്.
ഹിജാബ് നിരോധിച്ചുകൊണ്ട് വിധി പറഞ്ഞ ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന വധഭീഷണി രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. തങ്ങള്‍ക്ക് അനുകൂലമല്ലാത്ത കോടതിവിധികളെ അംഗീകരിക്കില്ലെന്നതാണ് ഇസ്ലാമിക മതമൗലികവാദികളുടെ പൊതുനിലപാട്. പാര്‍ലമെന്റ് ആക്രമണക്കേസിലും മുംബൈ ഭീകരാക്രമണക്കേസിലും അയോധ്യാക്കേസിലുമൊക്കെ വിധി പറഞ്ഞ കോടതികള്‍ക്കെതിരെ മതപ്രചോദിതമായ വിമര്‍ശനങ്ങള്‍ ഉയരുകയുണ്ടായി. ഏറ്റവുമൊടുവില്‍ അഹമ്മദാബാദ് ബോംബു സ്ഫോടനക്കേസില്‍ ഗുജറാത്ത് കോടതിയുടെ വിധിയുണ്ടായപ്പോള്‍, തനിക്ക് കുറ്റബോധമില്ലെന്നും മതകോടതിയിലാണ് വിശ്വസിക്കുന്നതെന്നുമാണ് വധശിക്ഷ ലഭിച്ച തീവ്രവാദികളിലൊരാള്‍ പ്രതികരിച്ചത്. ഇതേ മനോഭാവത്തിന്റെ പ്രതിഫലനമാണ് ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി ഉയര്‍ന്നിരിക്കുന്നതും. റിപ്പബ്ലിക്കിന്റെ പരമാധികാരത്തെ അംഗീകരിക്കില്ലെന്ന നിലപാടാണിത്. ജനാധിപത്യ വ്യവസ്ഥയുടെ ആനുകൂല്യത്തില്‍ അതിനെതിരെ പ്രവര്‍ത്തിക്കാന്‍ ഇവരെ അനുവദിക്കാന്‍ പാടില്ല. ഇത്തരം സംഘടനകളെ നിയമപരമായി നിരോധിക്കുകയും അതില്‍പ്പെടുന്നവരെ കര്‍ക്കശമായി കൈകാര്യം ചെയ്യുകയും വേണം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സര്‍ക്കാരുകള്‍ക്കും മാത്രമല്ല ഇവര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ മാധ്യമങ്ങള്‍ക്കും ബാധ്യതയുണ്ട്. എന്നാല്‍ ഇസ്ലാമിക തീവ്രവാദികളോട് മൃദുസമീപനം പുലര്‍ത്തുകയാണ് പല മാധ്യമങ്ങളും. ഉത്തര്‍പ്രദേശില്‍ കലാപത്തിനു ശ്രമിച്ച സിദ്ദിഖ് കാപ്പനുമായി കൈകോര്ക്കുകയാണല്ലോ പല മാധ്യമ പ്രവര്‍ത്തകരും. കര്‍ണാടകയിലെ ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന വധഭീഷണി മുഴുവന്‍ രാജ്യത്തിന്റെയും സൈ്വര ജീവിതത്തെ ബാധിക്കുന്നതാണ്. ഇതിനു പിന്നിലുള്ള വിധ്വംസക ശക്തികളെ കര്‍ക്കശമായി കൈകാര്യം ചെയ്യണം. ജനങ്ങള്‍ ഒപ്പം നില്‍ക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: