കോഴിക്കോട് : കെ റെയില്‍ പദ്ധതിക്കായുള്ള സര്‍വ്വേ കല്ല് സ്ഥാപിക്കുന്നതിനെതിരെ ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായതോടെ കോഴിക്കോട് ജില്ലയിലെ കല്ലിടല്‍ മാറ്റിവെച്ചു. കെ റെയില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തേയ്ക്ക് എത്തിയതോടെ ജനം സംഘടിച്ചെത്തി സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെയാണ് കല്ലിടല്‍ മാറ്റിവെച്ചത്.
അതേസമയം കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയില്‍ കെ റെയില്‍ കല്ലിടാന്‍ അതിരാവിലെ തന്നെ ഉദ്യോഗസ്ഥരെത്തി. ഇതറിഞ്ഞ് നാട്ടുകാരും സംഘടിച്ചെത്തി. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. റോഡിന്റെ രണ്ട് വശവും പ്രതിഷേധക്കാരെ തടഞ്ഞു.
കെ റെയില്‍ അളവെടുക്കുന്ന തൊഴിലാളികളെ തടയാനെത്തിയ നാട്ടുകാരെ പോലീസ് തടഞ്ഞു. ഡിവൈഎസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തിലാണ് പോലീസ് സന്നാഹം സ്ഥലത്തെത്തിയത്. തുടര്‍ന്ന് കെ റെയില്‍ ഉദ്യോഗസ്ഥര്‍ ഇവിടെ കല്ലിടല്‍ നടപടി തുടങ്ങി. ഇതോടെ നാട്ടുകാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രദേശത്തും സംഘര്‍ഷാവസ്ഥയാണ്.
കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച സര്‍വേ നടപടികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇന്നും നടപടികള്‍ മാറ്റിവെച്ചിരിക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധ സമരം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥര്‍ ഇന്ന് സര്‍വേയുമായി ബന്ധപ്പെട്ട നടപടികളൊന്നും വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്.
ചോറ്റാനിക്കരയിലും ഇന്ന് കല്ലിടുന്നില്ല. പ്രതിഷേധസാധ്യത കണക്കിലെടുത്താണ് തീരുമാനം. മലപ്പുറം തിരുന്നാവായയില്‍ സര്‍വേ നടപടികള്‍ ഒന്നുമായിട്ടില്ല. സിഗ്നല്‍ തകരാറിനെ തുടര്‍ന്നാണ് സര്‍വേ തുടങ്ങാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: