ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങളെ രാജ്യത്തെ കര്‍ഷകരില്‍ 86 ശതമാനവും പിന്തുണയ്ക്കുന്നതായി സുപ്രീംകോടതി നിയമിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളിലെ മൂന്നു കോടിയിലേറെ കര്‍ഷകര്‍ കാര്‍ഷിക പരിഷ്കരണ നിയമങ്ങളെ പിന്തുണയ്ക്കുകയാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇടനിലക്കാരുടെയും പ്രതിപക്ഷ കര്‍ഷക സംഘടനകളുടെയും പ്രക്ഷോഭത്തെ തുടര്‍ന്ന് മൂന്നു നിയമങ്ങളും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
പിന്‍വലിച്ച നിയമങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. കാര്‍ഷിക പരിഷ്കരണ നിയമങ്ങളെ പിന്തുണച്ച നിശബ്ദരായ ഭൂരിപക്ഷത്തോട് അനീതി കാട്ടിയെന്നും സമിതി കുറ്റപ്പെടുത്തുന്നു.
കാര്‍ഷിക മേഖലയിലെ തര്‍ക്ക പരിഹാരത്തിനായി സിവില്‍ കോടതിയോ ആര്ബിട്രേഷന് സംവിധാനങ്ങളോ കര്‍ഷകര്‍ക്ക് അടിയന്തരമായി ഏര്‍പ്പെടുത്തണമെന്ന് സമിതി നിര്‍ദേശിക്കുന്നു. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ വഴിയോ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷന് വഴിയോ വേഗത്തിലാക്കണം. അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ് കൗണ്‍സില്‍ എല്ലാ സംസ്ഥാനങ്ങളിലും നിയമം മൂലം നടപ്പാക്കണമെന്ന നിര്‍ദേശവും സമിതി മുന്നോട്ടുവച്ചിട്ടുണ്ട്.
കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി, ഷേത്കാരി സംഘടനാ പ്രസിഡന്റ് അനില്‍ ഗണ്‍വത്, ഇന്റര്‍നാഷണല്‍ ഭക്ഷ്യനയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രമോദ് കുമാര്‍ ജോഷി, ഭാരതീയ കിസാന്‍ യൂണിയന് പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് മാന്‍ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. ഭൂപീന്ദര്‍ സിങ് മാന്‍ സമിതിയില്‍ നിന്ന് സ്വയം ഒഴിവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: