സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടുമെന്ന വ്യാമോഹവുമായി മുന്നോട്ട് പോവുകയാണ് കേരള സര്‍ക്കാര്‍. വികസനമല്ല, വിനാശമാണ് ഫലം എന്ന് വിദഗ്ധര്‍ കാര്യകാരണസഹിതം വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ കേള്‍ക്കുന്ന മട്ടില്ല. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുകയാണെങ്കില്‍ നമുക്ക് നഷ്ടമാകുന്നതില്‍ പ്രധാനം നമ്മുടെ ജീവജലം കൂടിയാണ്. മലയാളികളുടെ ജലസംഭരണികള്‍ തകര്‍ത്തെറിഞ്ഞാണ് ഈ പദ്ധതി കാസര്‍കോട് എത്തുക. 130 കിലോമീറ്റര്‍ പാടശേഖരങ്ങള്‍ നികത്തി, നൂറോളം മലകള്‍ ഇടിച്ച് ആ മണ്ണുപയോഗിച്ച് ഒമ്പത് മീറ്റര്‍ ഉയരത്തില്‍ പാത നിര്‍മിച്ച്, മതിലു കെട്ടി പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിച്ച് ഈ പദ്ധതി നടപ്പാക്കുന്നുവെങ്കില്‍ ഓര്‍ക്കുക, കേരളത്തിലെ മൂന്നര കോടി ജനതയുടെ ശുദ്ധജലം മുട്ടിക്കുന്ന പദ്ധതിയായിരിക്കും അതെന്ന്.
ഭൂമിയിലെ ജലത്തില്‍ 97 ശതമാനവും സമുദ്ര ജലമാണ്. ആര്‍ട്ടിക്, അന്റാര്‍ട്ടിക്, ഗ്രീന്‍ലാന്‍ഡ് മേഖലകളില്‍ ജലം മഞ്ഞുകട്ടകളായി ഉറഞ്ഞിരിക്കുന്നു. ബാക്കി വരുന്ന ജലമാണ് നദികളേയും തടാകങ്ങളേയുമെല്ലാം സമ്പന്നമാക്കിയിരുന്നത്. എന്നാല്‍ നമ്മുടെ ജലാശയങ്ങള്‍ അനുദിനം മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഉപയോഗ യോഗ്യമായ ജലത്തിന്റെ അളവ് നന്നേ കുറഞ്ഞു. ആവശ്യത്തിന് ശുദ്ധജലം ലഭിക്കാതെ വരുമ്പോള്‍ മലിന ജലവും ഉപയോഗിക്കാന്‍ ജനം നിര്‍ബന്ധിതരാകുന്നു.
70 ശതമാനം രോഗങ്ങള്‍ക്ക് കാരണം മലിനജല ഉപയോഗമാണ്. ഇത് മനസ്സിലാക്കിയാണ് മോദി സര്‍ക്കാര്‍ ജല്‍ ജീവന് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ലോകത്ത് 172 ദശലക്ഷം ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ല എന്നാണ് കണക്ക്. ജലജന്യരോഗങ്ങള്‍ മൂലം ലോകത്ത് അനേകം കുട്ടികള്‍ മരിക്കുന്നു.
44 നദികള്‍, 20 ശുദ്ധജല തടാകങ്ങള്‍, ആയിരക്കണക്കിന് അരുവികള്‍, കുളങ്ങള്‍, ലക്ഷക്കണക്കിന് കിണറുകള്‍ എല്ലാം ഉള്ള നാടാണ് കേരളം. പക്ഷേ ഇവിടേയും കടുത്ത ജലക്ഷാമമാണ്. നമുക്ക് 3000 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നുണ്ട്. ശരാശരി 12 കോടി ഘന അടി മീറ്റര്‍ വെള്ളം മഴയില്‍ നിന്ന് ലഭിക്കുന്നു. പക്ഷേ ഈ വെള്ളത്തിന്റെ 60 ശതമാനം അപ്പോള്‍ത്തന്നെ കടലിലേക്ക് ഒഴുകുന്നു.
ശേഖരിച്ചു നിര്‍ത്തണ്ട സംഭരണികളായ വനങ്ങള്‍ ഇന്ന് ഒന്‍പത് ശതമാനം മാത്രം. മലകള്‍, ചതുപ്പുകള്‍, തണ്ണീര്‍ത്തടങ്ങള്‍, പാടങ്ങള്‍ എല്ലാം നികത്തി. അങ്ങനെ പെയ്ത്തുവെള്ളം തടസ്സമില്ലാതെ പുഴയിലേക്കും അതിവേഗം കടലിലേക്കും ചെന്നെത്തുന്നു. ഇങ്ങനെ പ്രകൃതിദത്തമായ സംഭരണികള്‍ ഇല്ലാതാക്കി. ഇപ്പോഴോ മരുഭൂമികള്‍ നിരവധിയുള്ള രാജസ്ഥാനില്‍ ആളോഹരി ജലലഭ്യത 15 ലിറ്റര്‍. എന്നാല്‍ പശ്ചിമഘട്ട സംരക്ഷണ വലയത്തില്‍ കഴിയുന്ന കേരളത്തില്‍ 10 ലിറ്റര്‍!
എന്താണ് പരിഹാരം? വികസനത്തിന്റെ മറവില്‍ അനസ്യൂതം നടത്തുന്ന പ്രകൃതി ചൂഷണം അവസാനിപ്പിക്കുകയാണ് ആദ്യ പ്രതിവിധി. ജല സോത്രസ്സുകള്‍, നദികള്‍, ഇട തോടുകള്‍, അരുവികള്‍, കുളങ്ങള്‍, തടാകങ്ങള്‍, ചിറകള്‍ ഇവ സംരക്ഷിച്ച് മഴവെള്ള ശേഖര കേന്ദ്രങ്ങളാക്കുക. കാവ് സംരക്ഷിക്കുക. നീര്‍ക്കുഴികള്‍ എടുക്കുക, തടയണ നിര്‍മ്മാണം, മണ്ണ് ബണ്ട്, തടം എടുക്കല്‍, ചകിരി വലവിരിക്കല്‍, മേല്‍ക്കൂര മഴവെള്ള ശേഖരണം, രാമച്ചം, തീറ്റപ്പുല്ല് കൃഷി ഇതെല്ലാം മഴവെള്ളം ശേഖരണത്തിനുള്ള മാര്‍ഗ്ഗങ്ങളാണ്. ഇതൊക്കെ നടപ്പാക്കി സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കാന്‍ മാതൃകയാവേണ്ട സര്‍ക്കാരാണ് അതിവേഗ റെയില്‍ സംവിധാനം നടപ്പാക്കുന്ന വ്യഗ്രതയില്‍ കേരളത്തിന്റെ കുടിവെള്ളം മുട്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: