പനാജി: ഗോവയിൽ തുടര്‍ഭരണം നേടിയ ബിജെപിയുടെ കപ്പിത്താന്‍ ഡോ.പ്രമോദ് സാവന്ത് തന്നെ രണ്ടാമതും മുഖ്യമന്ത്രിയാകും. പനാജിയിൽ നടന്ന കേന്ദ്ര നേതാക്കളുടെയും എംഎല്‍എമാരുടെയും യോഗത്തിലാണ് തീരുമാനമുണ്ടായത്.
വിശ്വജിത്ത് റാണെയാണ് മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ നിര്‍ദേശിച്ചത്. ഈ തീരുമാനം യോഗം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നുവെന്ന് നരേന്ദ്ര സിംഗ് തോമർ അറിയിച്ചു.
ബിജെപി കേന്ദ്ര നിരീക്ഷകരായ നരേന്ദ്ര സിംഗ് തോമർ, എൽ മുരുകൻ, നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസ്, പാർട്ടി സംസ്ഥാന പ്രസിഡന്‍റ് സദാനന്ദ് ഷേത് തനവാഡെ എന്നിവരും യോഗത്തിൽ പങ്കെടുത്തു. അടുത്ത അഞ്ച് വർഷത്തേയ്‌ക്ക് ഗോവയെ പ്രമോദ് സാവന്ത് തന്നെ നയിക്കുമെന്നും തോമർ കൂട്ടിച്ചേർത്തു.
അടുത്ത 5 വർഷം ഗോവ മുഖ്യമന്ത്രിയായി പ്രവർത്തിക്കാൻ അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും പ്രമോദ് സാവന്ത് നന്ദി അറിയിച്ചു. 40 അംഗ ഗോവ നിയമസഭയില്‍ ബിജെപി 20 സീറ്റുകള്‍ നേടി. മൂന്ന് സ്വതന്ത്രരുടെയും എംജിപി പാര്‍ട്ടിയുടെയും പിന്തുണ ബിജെപിയ്‌ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: