ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ബിജെപിയ്ക്ക് വേണ്ടി വോട്ടുചെയ്ത നജ്മ ഉസ്മയെ വീട്ടില്‍ നിന്നും പുറത്താക്കി ഭര്‍ത്താവും കുടുംബവും. യോഗി ആദിത്യനാഥ് നയിക്കുന്ന ബിജെപിയ്ക്ക് വേണ്ടി വോട്ടു ചെയ്തു എന്നതിന്റെ പേരിലായിരുന്നു നജ്മ ഉസ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയത്.
താന്‍ ബിജെപിയ്ക്കാണ് വോട്ട് ചെയ്തതായി വീട്ടുകാരോട് മാര്‍ച്ച് 10ന് തന്നെ പറഞ്ഞതായി മാര്‍ച്ച് 20ന് ഞായറാഴ്ചയാണ് നജ്മ ഉസ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇതാണ് ഭര്‍ത്താവ് മുഹമ്മദ് തയ്യബിനെയും കുടുംബത്തെയും ചൊടിപ്പിച്ചത്. കടുത്ത സമാജ് വാദി പാര്‍ട്ടി ഭക്തരാണ് മുഹമ്മദ് തയ്യബും കുടുംബവും.
ഭര്‍ത്താവ് തയ്യബ് നജ്മയെ ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് വീട്ടില്‍ നിന്നും ഇറക്കിവിട്ടു. കൂട്ടത്തില്‍ മുത്തലാഖ് ചൊല്ലിയതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സഹായം തേടാനും തയ്യബ് വെല്ലുവിളിക്കുകയും ചെയ്തു. നേരത്തെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുമെന്ന് ഭര്‍ത്താവ് നജ്മയെ ഭീഷണിപ്പെടുത്തിയിരുന്നു.
‘തെരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് 10ന് വന്നുകൊണ്ടിരിക്കുകയായിരുന്നു. ബിജെപി അധികാരത്തില്‍ വരുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. താന്‍ വോട്ടു ചെയ്ത പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് ഞാന്‍ ആവേശത്തോടെ പറഞ്ഞുപോയി. ഇത് ഭര്‍ത്താവിനെയും കുടുംബക്കാരെയും ചൊടിപ്പിച്ചു’-നജ്മ പറയുന്നു.
‘അവര്‍ എന്നെ തല്ലുക മാത്രമാല്ല, വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തു. മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുമെന്നും ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നു’- നജ്മ പറയുന്നു.
ഇതോടെ യുപി തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകളും ബിജെപിയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മുത്തലാഖ് ക്രിമിനല്കുറ്റമാക്കിയതുള്പ്പെടെയുള്ള നിയമങ്ങള്‍ മുസ്ലിം സ്ത്രീവോട്ടര്‍മാരെ ബിജെപിയ്ക്ക് അനുകൂലമായി തിരിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍.
നജ്മയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തക ഫര്‍ഹത് നഖ് വി ആവശ്യപ്പെട്ടു. ‘മുസ്ലിം സ്ത്രീകള്‍ക്കും അവര്ക്കിഷ്ടമുള്ളവര്ക്ക് വോട്ട് ചെയ്യാന്‍ അവകാശമുണ്ട്. പക്ഷെ വീട്ടിലെ പുരുഷന്മാര് സ്ത്രീകളുടെ ഈ അവകാശം തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ ഇത്തരം ആളുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. ‘- ഫര്‍ഹത് നഖ് വി പറഞ്ഞു. മുസ്ലിം സ്ത്രീകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വോട്ട് ചെയ്യാന്‍ അധികാരമില്ലാത്തത് നാണക്കേടാണെന്നും അവര്‍ പറഞ്ഞു.
2017ല്‍ ചരിത്രപ്രാധാന്യമുള്ള വിധിയില്‍ സുപ്രീം കോടതി മുത്തലാഖിനെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. 2019 ആഗസ്തില്‍ കേന്ദ്രസര്‍ക്കാര്‍ മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കി മാറ്റി നിയമം പാസാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: