തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ സ്ത്രീകള്‍ക്ക് സുരക്ഷിതമില്ലാത്ത നാടായി പിണറായി സര്‍ക്കാര്‍ മാറ്റിയെന്ന് ബിജെപി ദേശീയ സെക്രട്ടറി വിജയ രാഹേത്കര്‍. സ്ത്രീ സുരക്ഷയ്‌ക്ക് സ്ത്രീ ശക്തി, കാവന്നൂരിലെ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുക, ഞങ്ങള്‍ക്കും ജീവിക്കണം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ വനിതാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ സ്ത്രീ മുന്നേറ്റ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സ്ത്രീകളെ വിരോധികളായി കാണുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. ലൗജിഹാദിന്റെയും മയക്ക് മരുന്നിന്റെയും ഇരകള്‍ സംസ്ഥാനത്ത് കൂടി വരികയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംസ്ഥാനത്ത് ആറ് ഇരട്ടിയായി വര്‍ധിച്ചു. ഇതില്‍ മൂന്നില്‍ ഒന്ന് കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെടുമ്പോഴാണ് ഈ വര്‍ധന. ലൗജിഹാദ് മയക്ക്, മരുന്ന് ജിഹാദ് എന്നിവയെ കുറിച്ച് പല തവണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാര്‍ ഇതിനെതിരെ ചെറു വിരല്‍പോലും അനക്കുന്നില്ല.
ഒരു സമുദായത്തിന് വേണ്ടി ഗുരുതരമായ വിവരങ്ങള്‍ അവഗണിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഇരു മുന്നണികളും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി ഭീകരവാദ ബന്ധമുള്ള സംഘടനകള്‍ക്കൊപ്പം നില്‍ക്കുകയാണ്. ഈ പ്രീണന നയം സമൂഹത്തിന്റെ സമാധാനം നശിപ്പിക്കുകയാണ്. പിണറായി വിജയന്‍ സര്‍ക്കാറിന്റെ പ്രീണന നയം മൂലം ദലിത്, ഒബിസി വിഭാഗങ്ങളിലെ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്ത സ്ഥിതിയാണ്. സ്ത്രീകളുടെയും സമൂഹത്തിന്റെയും സമാധാനം നശിപ്പിക്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. 2021 ജനുവരി വരെ 16,418 സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികള്‍ മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണ്. 19 കോണ്‍ഗ്രസ് എംപിമാര്‍ കേരളത്തില്‍ നിന്നും ഉണ്ട്. ഇവരും സംസ്ഥാനത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് മിണ്ടുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ നിശബ്ദത പാലിക്കുന്ന കോണ്‍ഗ്രസും സ്ത്രീ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നു അവര്‍ ആരോപിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും വിജയ രാഹേത്കര്‍ വ്യക്തമാക്കി.
സ്ത്രീകളെ കബളിപ്പിച്ച് അധികാരത്തില്‍ വന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സ്ത്രീപീഡകരുടെയും ബലാല്‍സംഗക്കാരുടെയും താവളമായി കേരളം മാറി. കാവന്നൂരില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ മുഖ്യമന്ത്രിയോ, മറ്റു മന്ത്രിമാരോ സര്‍ക്കാര്‍ പ്രതിനിധികളോ തിരിഞ്ഞ് നോക്കിയില്ല. മാത്രമല്ല ഇരയ്‌ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടിപോലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. കെ റെയില്‍ നടപ്പിലാക്കുന്നമെന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണ്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി.രമ അദ്ധ്യക്ഷത വഹിച്ചു. മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോന്‍, സംസ്ഥാന അദ്ധ്യക്ഷ നിവേദിത സുബ്രഹ്മണ്യന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവി, ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, അഡ്വ.പി.സുധീര്‍, സെക്രട്ടറിമാരായ അഡ്വ. സിന്ധുമോള്‍, രാജി പ്രസാദ്, രേണു സുരേഷ്, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നവ്യ ഹരിദാസ്, സിനി മനോജ്, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയാ രാജീവ്, ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: