തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ ബഫര്‍ സോണില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം തിരുത്തി കെ റെയില്‍ എംഡി അജിത് കുമാര്‍. പദ്ധതി കടന്നു പോകുന്ന വശങ്ങളില് 10 മീറ്റര്‍ ബഫര്‍ സോണ്‍ ആണ്. അഞ്ചു മീറ്ററില്‍ നിര്‍മ്മാണം നടത്താന്‍ അനുവദിക്കില്ല. ബാക്കി അഞ്ചു മീറ്ററില്‍ അനുമതിയോടെ നിര്‍മ്മാണം നടത്താം. റെയില്‍വേ ലൈനിന്റെ ഇരു വശങ്ങളിലും കമ്പിവേലി കെട്ടി തിരിക്കും. ഏറ്റെടുത്തിനു ശേഷമുള്ള ഭൂമി ഉടമസ്ഥന് വേണ്ടെങ്കില്‍ അതും സര്‍ക്കാര്‍ ഏറ്റെടുക്കും. ബഫര്‍ സോണ്‍ തീരുമാനിച്ചത് നിലവിലെ നിയമം അനുസരിച്ചാണെന്നും അജിത് കുമാര്‍.
ഇപ്പോള്‍ നടക്കുന്നത് ഭൂമി ഏറ്റെടുക്കലല്ല, സാമൂഹികാഘാത പഠനമാണ്. തടസങ്ങളുണ്ടായാല്‍ സാമൂഹികാഘാത പഠനം വൈകും. പദ്ധതി വൈകുന്തോറും ദിവസം നഷ്ടമാകുന്നത് 3500 കോടി രൂപയാണ്. നഷ്ടപരിഹാരം നല്കിയ ശേഷമേ ഭൂമി ഏറ്റെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.ആരെയൊക്കെ ബാധിക്കുമെന്ന് മനസിലാക്കാനാണ് പഠനം നടത്തുന്നത്. അലൈന്മെന്റ് അന്തിമമായ റൂട്ടുകളിലാണ് കല്ലിടുന്നത്. കല്ലിടലുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. പിഴുതുമാറ്റിയ കല്ലുകളുടെ സ്ഥാനത്ത് പുതിയ കല്ലിടും. ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ അഭിപ്രായം വിദഗ്ദ്ധര്‍ കേള്‍ക്കുമെന്നും എംഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: