കുറവിലങ്ങാട്: കത്തുന്ന മീനച്ചൂടിന് ആശ്വസമായി പുതുമഴ പെയ്തിറങ്ങിയതോടെ ജില്ലയിലെ തരിശു പ്രദേശങ്ങളില്‍ കൃഷി ഇറക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. പുതുമഴക്ക് ശേഷം പ്രധാനമായും കപ്പ, വാഴ, ചേന, ഇഞ്ചി, പച്ചക്കറികള്‍ എന്നിവയാണ് കൃഷി ചെയ്യുന്നത്. ഇതില്‍ ഏറ്റവുമധികം കര്‍ഷകര്‍ കൃഷി ചെയ്യുന്ന വിളയാണ് കപ്പ. കപ്പയ്‌ക്ക് വളക്കൂറുള്ള മണ്ണാണിവിടമെന്ന പ്രത്യേകതയുമുണ്ട്.
കൊവിഡ് കാലത്ത് കപ്പയ്‌ക്ക് ആവശ്യക്കാരേറിയത് കര്‍ഷകരെ കപ്പകൃഷി പ്രിയമുള്ളതാക്കി. അതുകൊണ്ടു തന്നെ നാട്ടില്‍ തരിശ്ശ് കിടന്നതും അല്ലാത്തതുമായ സ്ഥലങ്ങളില്‍ വ്യാപകമായി കപ്പ കൃഷിക്ക് സ്ഥലം ഒരുക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. കര്‍ഷകരും വിവിധ കര്‍ഷക കൂട്ടായ്മകളും കുടുംബശ്രീ പ്രവര്‍ത്തകരും ഒരുപോലെ ചേര്‍ന്ന് വ്യാപകമായി കൃഷി ആരംഭിക്കുന്നത്.
കുറവിലങ്ങാട്, വയല, കടപ്പൂര്, വെമ്പള്ളി, കാളികാവ്, തോട്ടുവ, കുര്യനാട്, ഉഴവൂര്‍, വെളിയന്നൂര്‍ തുടങ്ങി നിരവധി പാടങ്ങളില്‍ ഇന്ന് കപ്പ കൃഷി വ്യപകമായി ചെയ്തു വരുന്നു. പ്രധാനമായും രണ്ടു സീസണുകളിലാണ് കേരളത്തില്‍ കപ്പക്കൃഷി. മാര്‍ച്ച് മാസത്തിലെ വേനലിന്റെ അവസാനത്തില്‍ ലഭിക്കുന്ന പുതുമഴ കാലത്താണ് ആദ്യത്തെ സീസണ്‍. തുലാം മാസത്തോടെ രണ്ടാമത്തെ സീസണിലെ കൃഷി ആരംഭിക്കും.
ഒക്ടോബര്‍ അവസാനത്തോടെ നടുന്ന കപ്പ ഏപ്രില്‍ മാസത്തോടെ വിളവെടുക്കും. എല്ലായിടത്തും ഇടവിള കൃഷിയും ഇട്ടു തുടങ്ങി. കൂടുതലും പച്ചക്കറിയാണ് ഇടവിളയായി ചെയ്യുന്നത്. പയര്‍ കൃഷിയാണ് കൂടുതല്‍. ഇനി അടുത്ത രണ്ടു മാസങ്ങള്‍ കഴിഞ്ഞാല്‍ പ്രധാന റോഡ് വക്കുകളിലും ഗ്രാമപ്രദേശങ്ങളിലെ കടകളിലും മാര്‍ക്കറ്റുകളിലും നാടന്‍ പയര്‍ വില്പന സ്ഥിരം കാഴ്ചയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: