ആനിമസ്‌ക്രീനും അക്കാമ്മ ചെറിയാനും തിരുവനന്തപുരം നഗരത്തില്‍ പ്രതിമകള്‍ ഉണ്ട്. കേരള സമൂഹത്തിന്റെ പരിവര്‍ത്തനത്തിനുവേണ്ടി അവര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിക്കപ്പെടേണ്ടതുതന്നെ. എന്നാല്‍ മലയാളിയുടെ സാംസ്‌കാരിക മനസ്സിനെ അടിമുടി ഉഴുതുമറിച്ച സിവിയ്‌ക്ക് ഒരു പ്രതിമയോ കാര്യമായ സ്മാരകങ്ങളോ തിരുവനന്തപുരത്തെന്നല്ല കേരളത്തിലെവിടെയും ഇല്ല. ഇപ്പോള്‍ ഒരു പ്രതിമ പബ്ലിക് ലൈബ്രറിക്ക് അടുത്ത് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് പത്രങ്ങളില്‍ നിന്ന് അറിയാനായി. സിവി മരിച്ച് 100 വര്‍ഷം ഇന്ന് തികയുന്നു. ഇത്രയും കാലം അതുണ്ടായില്ല എന്നത് നമ്മള്‍ നമ്മളോടു തന്നെ കാണിക്കുന്ന അവഗണന എന്നേ പറയാനാവൂ.
വെറും ചരിത്രാഖ്യായികാകാരന്‍ മാത്രമാണോ സി.വി. രാമന്‍ പിള്ള എന്ന അപ്രതിമനായ മഹാ പ്രതിഭാശാലി? മലയാളിയുടെ എഴുത്തുജീവിതവും സാമൂഹ്യജീവിതവും ശ്രദ്ധേയമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകണമെന്ന ബോധപൂര്‍വ്വമായ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച അതുല്യപ്രതിഭയായിരുന്നു സിവി. ആധുനിക നോവലുകളെക്കുറിച്ച് ഇംഗ്ലീഷില്‍ നിന്നും പരിചയം നേടിയ അദ്ദേഹം മലയാളത്തിലും അത്തരം കൃതികളുണ്ടാകണമെന്നാഗ്രഹിച്ചു. അതിനുവേണ്ടി അക്ഷീണം പരിശ്രമിച്ചു.
സിവിയും ചന്തുമേനോനും ഏതാണ്ട് ഒരേ കാലത്ത് എഴുതിയവരാണെങ്കിലും പാശ്ചാത്യ നോവലിനെ അപ്പടി പറിച്ചുനടുന്നതില്‍ ചന്തുമേനോനെപ്പോലെ സിവിയ്‌ക്കു താല്‍പര്യം ഉണ്ടായിരുന്നില്ല. അവയെ കേരളവല്‍ക്കരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എഴുത്തിലൂടെ സാക്ഷാത്കരിക്കാന്‍ രണ്ടുപേരും ഉദ്ദേശിച്ച മൂല്യങ്ങള്‍ വ്യത്യസ്തമായത് അതുകൊണ്ടാണ്. സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ പാശ്ചാത്യമൂല്യങ്ങളില്‍ ചന്തുമേനോന്‍ ശ്രദ്ധവച്ചപ്പോള്‍ സിവി ശ്രദ്ധിച്ചത് ദേശസ്‌നേഹത്തിലും അഴിമതി മുക്ത ഭരണത്തിലുമായിരുന്നു. അദ്ദേഹം ആരംഭിച്ച പ്രസിദ്ധീകരണങ്ങളുടെ പേരുകള്‍ പരിശോധിച്ചാല്‍ തന്നെ മനസ്സിലാകും എന്തായിരുന്നു ഉന്നമെന്ന്. കേരള പാട്രിയറ്റ്, വഞ്ചിരാജ്, മിതഭാഷി എന്നിവയൊക്കെ രാഷ്‌ട്രീയമായ ഇടപെടലുകള്‍ക്കുവേണ്ടിത്തന്നെ തുടങ്ങിയവയായിരുന്നു.
പ്രക്ഷോഭകാരിയായ സിവിയെ അധികം പേര്‍ ശ്രദ്ധിച്ചു കാണുന്നില്ല. 1891ല്‍ മലയാളി മെമ്മോറിയല്‍ എന്ന ഭീമഹര്‍ജി രാജാവിനു സമര്‍പ്പിച്ചതിന്റെ പിന്നിലെ പ്രേരകശക്തി ഈ നോവലിസ്റ്റ് ആയിരുന്നു. ദിവാന്മാരുടെ ദുര്‍ഭരണത്തെ നിശിതമായ ഭാഷയില്‍ വിമര്‍ശിക്കുന്ന ധാരാളം ലേഖനങ്ങള്‍ അക്കാലത്ത് അദ്ദേഹം എഴുതി. ദിവാന്‍ വി.പി. മാധവറാവു, ദിവാന്‍ രാഘവയ്യ തുടങ്ങിയവരൊക്കെ സിവിയുടെ പേനയുടെ ചൂടറിഞ്ഞവരാണ്. സാഹിത്യരചനയും ഒപ്പം സാമൂഹ്യ പരിഷ്‌കരണവും ഒരുപോലെ നിര്‍വഹിച്ച മറ്റൊരെഴുത്തുകാരനെ മലയാളത്തില്‍ ചൂണ്ടിക്കാണിക്കാനുണ്ടെങ്കില്‍ അതു കുമാരനാശാനെ മാത്രമേയുള്ളൂ. എഴുത്തുകാരന്‍ തന്റെ അവാര്‍ഡുകളില്‍ മാത്രം ശ്രദ്ധവയ്‌ക്കേണ്ടവരാണെന്ന ഇക്കാലത്തുള്ള ധാരണയ്‌ക്ക് കടകവിരുദ്ധമായിരുന്നു ആ മഹാ ആഖ്യായികാകാരന്റെ നിലപാട്. തീവ്രമായ സാമൂഹ്യ ഇടപെടലുകള്‍ വഴി അദ്ദേഹം വ്യത്യസ്തനായി നിലകൊള്ളുന്നു.
സാമൂഹ്യമായ ഇടപെടലിനുള്ള തീവ്രമായ അഭിനിവേശം വെളിവാക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ പ്രഹസനങ്ങള്‍. മഹേന്ദ്ര വിക്രമ വര്‍മയുടെ (എഡി 600-630) കാലം മുതലേ പ്രഹസനം എന്ന സങ്കല്‍പമുണ്ടെങ്കിലും നമ്മുടെ ഗദ്യസാഹിത്യത്തില്‍ അങ്ങനെ ഒന്നു തുടങ്ങിവച്ചത് സിവി തന്നെ. കുറുപ്പില്ലാ കളരി, തെന്തനാംകോട്ട് ഹരിശ്ചന്ദ്രന്‍, കൈമളശ്ശന്റെ കടശ്ശിക്കൈ ഡോക്ടര്‍ക്കു കിട്ടിയ മിച്ചം, ചെറുതേന്‍ കുളമ്പസ്, പണ്ടത്തെ പാച്ചന്‍, പാപി ചെല്ലണടം പാതാളം തുടങ്ങി അസംഖ്യം പ്രഹസനങ്ങളിലൂടെയും മഹത്തായ ചരിത്രാഖ്യായികകളിലൂടെയും സിവി സ്ഥാപിച്ചെടുക്കാനുദ്യമിക്കുന്ന മൂല്യം ദേശസ്‌നേഹം എന്നതുതന്നെ.
ഇന്ത്യയില്‍ ദേശസ്‌നേഹികള്‍ ഏറ്റവും കുറവുള്ള ഇന്നത്തെ കേരളത്തില്‍ സിവിയുടെ പ്രസക്തി വളരെ കൂടുതലാണ്. ബ്രിട്ടീഷ് ഭരണത്തിന്റെ കെടുതികള്‍ അന്നത്തെ തിരുവിതാംകൂറില്‍ കാര്യമായി അനുഭവപ്പെട്ടിരുന്നില്ല എന്നതിനാല്‍ ഈ നോവലിസ്റ്റിന്റെ കൂറ് രാജസ്ഥാനത്തോടായിരുന്നു എന്നത് ഒരു കുറവായി ചിലര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. അന്നതേ സാധ്യമാകുമായിരുന്നുള്ളൂ. ഇന്ന് വിശാലഭാരതം രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നതിനാല്‍ ദേശസ്‌നേഹം എന്നതു മറ്റൊരു തലത്തിലേയ്‌ക്കു വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ എല്ലാക്കാലത്തും സ്വരാജ്യസ്‌നേഹം പ്രസക്തമായ ഒരു സാമൂഹ്യ മൂല്യം തന്നെയാണ്.
ചരിത്രത്തെ സിവി തന്റെ താത്പര്യപ്രകാരം വളച്ചൊടിച്ചു എന്നൊക്കെ ചില നിരൂപകര്‍ പരാതിപ്പെട്ടിട്ടുണ്ട്. ഒരു ചരിത്രഗ്രന്ഥമെഴുതാനല്ല അദ്ദേഹം തുനിഞ്ഞത്, പ്രത്യുത ഒരു ചരിത്രാഖ്യായികയായിരുന്നു ലക്ഷ്യം എന്നേ അതിനു സമാധാനം പറയാന്‍ പറ്റൂ. ചരിത്രഗ്രന്ഥത്തിനു വേണ്ട വിശ്വാസ്യതയും വസ്തുനിഷ്ഠതയും ആഖ്യായികയ്‌ക്ക് ആവശ്യമില്ല. എഴുത്തുകാരന്റെ ഭാവനാവിലാസത്തിനും അവിടെ ഒരിടം കൊടുത്തേ പറ്റൂ. പഴയകാലത്ത് സഞ്ചാരികള്‍ എഴുതിയ യാത്രാവിവരണങ്ങളില്‍ കാണുന്ന അത്രയും അബദ്ധങ്ങളും പര്‍വ്വതീകരണങ്ങളും സിവിയുടെ ആഖ്യായികളിലില്ല. പല സഞ്ചാരക്കുറിപ്പുകളും വെറും ഭാവനാവിലാസങ്ങളോ അന്ധവിശ്വാസങ്ങളോ ആയിരുന്നു. അതുകൊണ്ടാണല്ലോ പടിഞ്ഞാറ് ഒരിന്ത്യയും അവിടെ കുറെ ഇന്ത്യക്കാരും ഉണ്ടായത്.
സിവി കൃതികളിലെ ചരിത്രവസ്തുതകളെ വേര്‍തിരിച്ചു പഠിക്കുന്നതിനേക്കാള്‍ ഗദ്യസാഹിത്യത്തിന് ആ മഹാപ്രതിഭാശാലി നല്‍കിയ സംഭാവനകളെ പഠന വിധേയമാക്കാനാണു പുതുതലമുറ ശ്രമിക്കേണ്ടത്. ഡോ.കെ. ഭാസ്‌കരന്‍ നായരുടെ ‘ദൈവനീതിക്കു ദാക്ഷിണ്യമില്ല’, പ്രൊഫ.എന്‍. കൃഷ്ണപിള്ളയുടെ ‘പ്രതിപാത്രം ഭാഷണഭേദം’ തുടങ്ങി കുറച്ചു പഠനങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ച് ഉണ്ടായിട്ടുണ്ടെങ്കിലും പ്രഹസനങ്ങളെക്കുറിച്ചും ലേഖനങ്ങളെക്കുറിച്ചും കാര്യമായ പഠനങ്ങളില്ല. അവയും ഉണ്ടാകേണ്ടിയിരിക്കുന്നു.
രാമരാജ ബഹദൂര്‍ എന്ന ചരിത്ര നോവലിലെ കഥാപാത്രം കുഞ്ചൈക്കുട്ടിപ്പിള്ള കാര്യക്കാര്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്ന ആള്‍ തന്നെയാണോ. അതോ സിവിയുടെ വെറും ഭാവനയാണോ എന്നറിയില്ല. പെരിയാറിന്റെ മുകള്‍ഭാഗത്തെത്തി ഒരു വലിയ പാറയെ ഉരുട്ടിമാറ്റി നദിയില്‍ വെള്ളപ്പൊക്കമുണ്ടാക്കി ടിപ്പുവിന്റെ സൈന്യത്തെ പ്രളയത്തില്‍ മുക്കിക്കൊല്ലുകയും നാടിനുവേണ്ടി ആത്മാഹുതി ചെയ്യുകയും ചെയ്തു എന്നതും ചരിത്രത്തില്‍ നടന്നതു തന്നെയാണോ എന്നും അറിയില്ല. പക്ഷേ ആ കഥാപാത്രവും ആഖ്യായികയുടെ രചനാരീതിയും മലയാള സാഹിത്യത്തില്‍ എക്കാലത്തും തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു പ്രകൃഷ്ട കൃതി നമുക്കു സമ്മാനിച്ചു.
സിവിയുടെ തലപ്പൊക്കമുള്ള മറ്റൊരു ഗദ്യസാഹിത്യകാരനും മലയാളത്തില്‍ നാളിതുവരെ ഉണ്ടായിട്ടില്ല. എങ്കിലും അദ്ദേഹത്തിനുലഭിക്കുന്ന പരിഗണന ദയനീയമാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിക്കന്‍സിനും സ്പാനിഷില്‍ സെര്‍വാന്റസിനും റഷ്യനില്‍ അലക്‌സാണ്ടര്‍ പുഷ്‌കിനും ഫ്രഞ്ചില്‍ അലക്‌സാണ്ടര്‍ ഡ്യൂമയ്‌ക്കും ലഭിക്കുന്ന പദവിയും അംഗീകാരവും മലയാളത്തില്‍ ലഭിക്കേണ്ട എഴുത്തുകാരനാണ് സിവി. എന്നാല്‍ അതൊന്നും ഈ മഹാപ്രതിഭയ്‌ക്കു ലഭിക്കുന്നില്ല. അദ്ദേഹത്തിന്റെ മുഖ്യ പ്രവര്‍ത്തന മേഖലയായിരുന്ന തിരുവനന്തപുരം നഗരത്തില്‍പോലും കാര്യമായ അനുസ്മരണം ലഭിക്കുന്നില്ല.
വലിയ ആഘോഷങ്ങള്‍കൊണ്ട് സമ്പന്നമാകേണ്ട സിവിയുടെ ജന്മദിനങ്ങളും ചരമദിനങ്ങളും ഏതാണ്ട് നിശബ്ദമായിത്തന്നെയാണ് ഇപ്പോഴും കടന്നുപോകുന്നത്. എന്‍.പി. മുഹമ്മദ് ഒരിക്കല്‍ എഴുതിയ ഒരു വാക്യം ഓര്‍മിക്കാം. ‘ഇതിഹാസ കര്‍ത്താക്കളുടെ ചെറുകൂട്ടത്തിലേക്ക് മലയാള ഭാഷയ്‌ക്ക് സംഭാവന ചെയ്യാന്‍ ഒരാളേയുള്ളൂ. വാഗ്‌ദേവതയുടെ വീരഭടന്‍ ഒരാള്‍ മാത്രം; സി.വി.രാമന്‍പിള്ള’ ആ മഹാപ്രതിഭാശാലിയുടെ നൂറാം ചരമദിനവും വലിയ ആരവങ്ങളോ അനുസ്മരണങ്ങളോ ഇല്ലാതെ കടന്നുപോകുന്നത് കൈരളിയുടെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: