ഇറക്കത്ത് രാധാകൃഷ്ണന്
ദ്വാരകയിലെത്തിയ ദേവര്‍ഷിയോട് വസുദേവര്‍ ഭാഗവതധര്‍മത്തെക്കുറിച്ച് പറഞ്ഞു തരുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ നാരദമുനി നിമി- നവയോഗി സംവാദം വിശദീകരിക്കുന്നു. നിമിരാജാവിന്റെ ഒന്നും രണ്ടും ചോദ്യങ്ങള്‍ക്ക് കവിയോഗിയും ഹരിയോഗിയും മറുപടി പറഞ്ഞു. വീണ്ടും നിമിരാജാവിന്റെ സംശയം തീര്‍ന്നില്ല. അദ്ദേഹം വീണ്ടും ചോദിക്കുന്നു. മായാ സ്വരൂപത്തേയും അതിനെ കടക്കാനുള്ള മാര്‍ഗത്തേയും ബ്രഹ്മത്തേയും കര്‍മത്തേയും എന്താണെന്നറിയാന്‍ ആഗ്രഹിക്കുന്നു. പറഞ്ഞു തന്നാലും.
ഇതിനുള്ള മറുപടി മൂന്നാമനായ യോഗി അന്തരീക്ഷനാണ് നല്‍കുന്നത്. മായയുടെ ശക്തി ഇന്നവിധമെന്നു ചിന്തിക്കാന്‍ പ്രയാസമാണ്. അപ്പോള്‍ സ്വരൂപ നിരൂപണം സാദ്ധ്യമല്ലെന്ന് പറയേണമോ. സൃഷ്ടി മുതലായ മായാകാര്യങ്ങള്‍ വിവരിക്കാം. അതുമൂലം കാരണമായ മായാസ്വരൂപം അറിയാന്‍ കഴിയും. കല്പാരംഭത്തിലും കല്പാനന്തരവും ഉള്ളവനാണ് ഭഗവാന്. എല്ലാറ്റിനും കാരണമാകയാല്‍ കാര്യങ്ങളുണ്ടാകും മുമ്പേ തന്നെയുണ്ട്. ഭഗവാന് ഭൂമ്യാദി പഞ്ചഭൂതങ്ങളെക്കൊണ്ട് ദേവന്, മനുഷ്യന്, പ്രാണികള്‍ എന്നിങ്ങനെ പറയപ്പെടുന്ന ഉത്കൃഷ്ട നികൃഷ്ടങ്ങളായ നാനാദേഹങ്ങളെ സൃഷ്ടിച്ചു. ഈ ദേഹങ്ങളില്‍ ഭഗവാന് സ്വയം പ്രവേശിച്ച് മനസ്സിന്റെ രൂപത്തില്‍ ഒന്നും, വെളിയില്‍ ഇന്ദ്രിയങ്ങളുടെ രൂപത്തില്‍ പത്തും, ആയി വിഭജിച്ചിട്ട് വിഷയങ്ങളെ അനുഭവിക്കുന്നു. ജീവന് ആത്മാവിനാല്‍ പ്രകാശിതമായ ഇന്ദ്രിയങ്ങളെ കൊണ്ട് വിഷയങ്ങളെ അനുഭവിച്ച് അതില്‍ ആസക്തരായി തീരുന്നു. കര്‍മ്മേന്ദ്രിയങ്ങളാല്‍ വാസനായുക്തരായിട്ട് കര്‍മ്മങ്ങള്‍ ചെയ്ത് അതിന്റെ ഫലമായ സുഖദുഃഖങ്ങള്‍ അനുഭവിച്ച് സംസാരത്തില്‍ ചുറ്റിക്കറങ്ങി ജനിച്ചും മരിച്ചും കഴിയുന്നു. ഇതിനെല്ലാം കാരണം മായ തന്നെ. ഇന്ദ്രിയങ്ങളാല്‍ വിഷയങ്ങളെ അനുഭവിക്കുന്നവനായിട്ട് സൃഷ്ടിക്കപ്പെട്ട ഈ ശരീരത്തെ ആത്മാവാണെന്ന് വിചാരിച്ച് ശരീരാദികളില്‍ ആസക്തിയുള്ളവനായി ഭവിക്കുന്നു. ഈ അനുഭവം അവസാനിപ്പിക്കുമ്പോള്‍ ജീവഭാവവും നശിച്ച് മുക്തരായി ഭവിക്കും.
പുണ്യപാപ കര്മ്മങ്ങളാല് കിട്ടുന്ന സുഖദുഃഖാദികള്‍ അനുഭവിക്കാന്‍ ദേവ മനുഷ്യാദി യോനികളില്‍ ജനിക്കുക, ബഹുവിധ സന്തോഷസന്താപാദികള്‍ക്കു കീഴടങ്ങി ജീവിക്കുക, എന്നതിലകപ്പെട്ടിരിക്കുന്ന ജീവന് കല്പകാലം വരെയും ജനനമരണങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കണം.
ഭക്തികൊണ്ടു മാത്രമേ ഇതിനെ കീഴടക്കാന്‍ കഴിയൂ. ഭക്തി എന്നു വച്ചാല്‍ പ്രേമം എന്നാണര്‍ത്ഥം. ഈ പ്രേമം മായയില്‍ ആയാല്‍ അനര്‍ത്ഥങ്ങളില്‍ ചെന്നു വീഴും. ഭഗവാനിലാണെങ്കില്‍ ജീവന് പുരുഷാര്‍ത്ഥം സിദ്ധമാകും. മായയില്‍ നിന്ന് ജീവന് ഭോഗസുഖങ്ങള്‍ കിട്ടും. ഭക്തികൊണ്ട് മായയില്‍ നിന്ന് മുക്തി ലഭിക്കും. മായയെ ആഗ്രഹിച്ചാല്‍ മായയുടെ സുഖം ലഭിക്കും. ഭഗവാനെയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഭഗവത് സുഖം ലഭിക്കും. ആഗ്രഹം എന്നു വച്ചാല്‍ ഏതൊന്നു മുമ്പില്‍ ദൃശ്യമായിരിക്കുന്നുവോ അതിനെ പിടിക്കുകയെന്നര്‍ത്ഥം. അനുഗ്രഹം എന്നു വച്ചാല്‍ ആദ്യം ഭഗവാനെ എടുത്തിട്ട് പിന്നെ ജഗത്തിനെ സ്വീകരിക്കുക എന്നാണ്. സാധാരണ മനുഷ്യര്‍ സൃഷ്ടിയെ ആദ്യം കണ്ടിട്ട് അത് ഭഗവാന് സൃഷ്ടിച്ചതാണെന്ന് വിചാരിക്കുന്നു. പക്ഷേ ആനന്ദരൂപനും ജ്ഞാനരൂപനുമായ സൃഷ്ടി എങ്ങനെയുണ്ടായി എന്നറിയാന്‍ പ്രയാസമാണ്. അതുകൊണ്ടാണ് ബ്രഹ്മാവും മോഹിതനായിപ്പോകുന്നത്.
മിതമായ ശീതോഷ്ണ സ്ഥിതിയെ അനുസരിച്ച് ലോകം നിലനില്ക്കുന്നു. കഠിനമായ തണുപ്പോ ചൂടോ ഉള്ള ദിക്കില്‍ വസിക്കുവാന്‍ കഴിയുകയില്ല. ജനങ്ങള്‍ക്ക് സഹിക്കാന്‍ കഴിയാത്ത ശീതോഷ്ണം നിമിത്തം എല്ലാം നശിച്ചുപോകാറുണ്ട്. ലോകം നശിക്കാറായ കാലത്തു വളരെക്കാലം മഴയില്ലാതെ വരും. സൂര്യകിരണങ്ങളുടെ താപം നിമിത്തം മൂന്നു ലോകവും വലയും. പാതാളലോകവും ചൂട് പിടിക്കുന്നു. ആദി ശേഷന്റെ മുഖത്തുനിന്നും പുറപ്പെടുന്ന അഗ്നിയും വായുവാല് പ്രേരിതമായിട്ട് മൂന്ന് ലോകങ്ങളേയും ദഹിപ്പിക്കാന്‍ തുടങ്ങും. അതിനുശേഷം 100 വര്‍ഷങ്ങള്‍ ഘോരമായ മഴയുണ്ടാകും. അഖില ബ്രഹ്മാണ്ഡവും ജലത്തില്‍ മുങ്ങും. പൃഥ്വി ജലമയമായിപ്പോകും. അപ്പോള്‍ ഭഗവാന് വിരാട് രൂപം ഉപേക്ഷിക്കുന്നു. വിറക് കത്തിത്തീര്‍ന്ന അഗ്നിപോലെ സൂക്ഷ്മമായ അവ്യക്തത്തെ പ്രവേശിക്കുന്നു. അഗ്നിവായുവിലും വായു ആകാശത്തിലും ലയിക്കും. ആകാശം താമസ അഹങ്കാരത്തിലും അഹങ്കാരം അതിന്റെ ഗുണങ്ങള്‍ സഹിതം മഹത്ത്വത്തിലും ലയിക്കും. മഹത്ത്വം മൂല പ്രകൃതിയിലും ലയിക്കും.
മനുഷ്യര്‍ക്ക് ഉല്പത്തിയും സ്ഥിതിയും ഇഷ്ടമാണെങ്കിലും ലയം അഥവാ നാശം ഇഷ്ടമല്ല. വീട്ടില്‍ കുട്ടികള്‍ ജനിച്ചു നല്ലതുപോലെ വളരുന്നത് എല്ലാവര്ക്കും ഇഷ്ടമാണെങ്കിലും മരണം ആര്‍ക്കും ഇഷ്ടമല്ല. പക്ഷേ നാശം കൂടാതെ ഉല്പത്തി ഉണ്ടാകുകയില്ല. നാം പാടത്തിട്ട വിത്തു നശിക്കാതെ അതില്‍ നിന്നും ചെടിയുണ്ടാകുന്നില്ല. നമ്മുടെ കുട്ടിക്കാലത്തെ ശരീരം മാറാതെ വലിയ ശരീരം ഉണ്ടാകുന്നില്ല. യുദ്ധവും ലഹളയുമെല്ലാം നാശത്തിന്റെ ലീലകളാണ്. പുതിയ ജീവിതത്തിന് പഴയ ജീവിതം നശിക്കണം. ഇങ്ങനെയുള്ള മായയെ ജയിക്കാന്‍ ചിത്തത്തിന്റെ ചഞ്ചലതയെ ജയിക്കണം. ചിത്തചഞ്ചലത മാറാന്‍ ഭക്തിയും വൈരാഗ്യവും ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: