ചെങ്ങന്നൂര്‍: കെ-റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ പിടിവാശി തുടരുമ്പോള്‍ പ്രളയഭൂമിയായ ചെങ്ങന്നൂരും പരിസര പ്രദേശങ്ങളും ആശങ്കയില്‍. സംസ്ഥാനത്ത് തന്നെ ഭൂമിശാസ്ത്ര പരമായ ദുര്‍ബലത നേരിടുന്ന പ്രദേശത്ത് ഏക്കര്‍ കണക്കിന് ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരുക. എന്നാല്‍ മണ്ഡലത്തിന്റെ ദുരിതം നേരിട്ടറിയുന്ന മന്ത്രി പോലും വേണ്ട ജാഗ്രത പുലര്‍ത്തിയില്ല. പദ്ധതിയുടെ തുടക്കംതന്നെ ആശങ്കകള്‍ പ്രദേശ വാസികള്‍ അറിയിച്ചെങ്കിലും വേണ്ട നടപടികള്‍ എടുക്കാന്‍ അദ്ദേഹത്തിനും പാര്‍ട്ടിക്കും സാധിച്ചില്ല.
മണ്ഡലത്തിന്റെ തെക്ക് വടക്ക് പ്രദേശത്ത് കൂടിയാണ് പാത കടന്നുപോകുന്നതെങ്കിലും അതിന്റെ അനുരണനങ്ങള്‍ മറ്റിടത്തിലേക്ക് വരുമെന്ന് ഉറപ്പ്. ഏക്കര്‍ കണക്കിന് പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തുന്നതോടെ മഴക്കാലത്തെ ജലനിരപ്പിനെയും ബാധിക്കും. അച്ചങ്കോവില്‍,പമ്പ,മണിമല ആറുകള്‍ സാധാരണതന്നെ പെരുകാറുണ്ട്. അങ്ങിനെ വരുമ്പോള്‍ നിലവിലെ പദ്ധതി പ്രകാരം പണിപൂര്ത്തിയാക്കുന്നതോടെ കാര്യങ്ങള്‍ ഇരട്ടി ദുരിതത്തിലാകും. മണ്ഡലത്തല്‍ അല്പം ഉയര്‍ച്ചയുള്ള പ്രദേശമായ മുളക്കുഴയിലൂടെയാണ് പാത കടന്നുപോകുന്നത്. കൊല്ലത്തിനും കോട്ടയത്തിനുമിടയിലുള്ള നിര്‍ദിഷ്ട സ്റ്റേഷന് മുളക്കുഴ പഞ്ചായത്തിലെ പിരളശ്ശേരി ഭാഗത്താണു നിര്‍മിക്കുന്നത്.
ഇതിനായി സമീപ പഞ്ചായത്തിലെ നെല്‍പ്പാടങ്ങളടക്കം ഏക്കറുകണക്കിനു സ്ഥലമേറ്റെടുക്കും. പദ്ധതി നടപ്പാക്കുമ്പോള്‍ സമീപപ്രദേശമെന്ന നിലയില്‍ അതിന്റെ പ്രത്യാഘാതം മറ്റിടത്തും ബാധിക്കും. 2018ലെ പ്രളയം സംസ്ഥാനത്ത് ദുരിതമുണ്ടാക്കിയപ്പോള് കാര്യങ്ങള്‍ ഏറ്റവും ദുഷ്കരമായത് ചെങ്ങന്നൂരിലാണ്. കെ റെയില്‍ പദ്ധത്തി പൂര്‍ത്തിയാക്കുന്നതോടെ നിലവിലെ ആശങ്ക ഇരട്ടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: