മലപ്പുറം : വണ്ടൂരിനടുത്ത് പൂങ്ങോട് ഫുട്ബോള്‍ ഗ്രൗണ്ടിലെ ഗ്യാലറി തകര്‍ന്ന് മുന്നൂറിലേറെ പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ മൂന്നുപേര്‍ ഗുരുതരാവസ്ഥയിലാണ്. ആളുകളുടെ അമിത ഭാരം മൂലം ഗ്യാലറി പൊട്ടി വീണാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം സംഭവിച്ചത്. പൂങ്ങോട് ഫ്രണ്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജനകീയ സമിതി നടത്തിയ ഫുട്ബോള്‍ മത്സരത്തിനിടെയാണ് അപകടം. ഒരു മാസമായി നടന്നു വരുന്ന ടൂര്‍ണമെന്റ് നടന്നു വരികയാണ് . ശനിയാഴ്ച ഫൈനല്‍ മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ മൈതാനം കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു. നൂറു രൂപ ടിക്കറ്റിലാണ് ആളുകളെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിച്ചത്. കാണികള്‍ മുളയും കവുങ്ങും കൊണ്ട് താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ ഗ്യാലറിയിലേക്ക് നിയന്ത്രണമില്ലാതെ കയറിയതോടെ അമിതഭാരത്താല്‍ ഗ്യാലറി പൊട്ടിവീഴുകയായിരുന്നു.
കണക്കുകൂട്ടല്‍ തെറ്റിച്ച് കാണികള്‍ കൂട്ടത്തോടെ എത്തുകയും കളി കാണാനെത്തിയവരെ ഗ്രൗണ്ടില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ സംഘര്‍ഷമുണ്ടാവുമെന്ന ഭയന്ന് സംഘാടകര്‍ മുഴുവന്‍ ആളുകള്‍ക്കും ടിക്കറ്റ് നല്കി ഗ്രൗണ്ടിലേക്ക് കയറ്റി. അതേസമയം അധികൃതരുടെ അനുവാദം വാങ്ങിയാണ് സംഘാടകര്‍ മത്സരം നടത്തിയത്. എന്നാല്‍ ഇത്രയും ആളുകളെ തിക്കിതിരക്കി കയറ്റി നിയമ ലംഘനം നടന്ന സാഹചര്യത്തിലാണ് സംഘാടകര്‍ക്കെതിരെ കേസെടുത്തത്. കാളികാവ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: