ആലപ്പുഴ: പുതിയ നവോത്ഥാന നായകരെ സൃഷ്ടിക്കുന്ന സമൂഹം ശ്രീനാരായണ ഗുരുവിനെ താഴ്ത്തി കാണിക്കാനാണ് ശ്രമിക്കുന്നതെന്ന് ശിവഗിരിമഠം മഠാധിപതി സ്വാമി സച്ചിദാനന്ദ. വാടപ്പുറം ബാവ ഫൗണ്ടേഷന് സംഘടിപ്പിച്ച തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്റെ ശതാബ്ദി ജന്മവാര്ഷിക സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവന്റെ സംഭാവനകളെ ചെറുതാക്കി, തമസ്ക്കരിക്കുന്ന പ്രവണതകളാണ് സമൂഹത്തില്‍. കേരളത്തില്‍ ജനിച്ചതിനാലും പിന്നാക്ക സമുദായത്തില്‍ പെട്ടതിനാലുമാണോ ഇന്നും ഗുരുദേവന് വേണ്ടത്ര അംഗീകാരം നല്‍കാത്തത്. 1904ല്‍ സ്ത്രീസമ്മേളനവും 1912ല്‍ വിദ്യാര്‍ഥി, സ്പോര്‍ട്സ്- ഗെയിംസ് സമ്മേളനങ്ങളും സംഘടിപ്പിച്ചത് ഗുരുദേവന്റെ നിര്‍ദേശാനുസരണമായിരുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചതും ശാസ്ത്ര സാങ്കേതിക വളര്‍ച്ചയ്ക്ക് പ്രചോദനം നല്കിയതും ഗുരുദേവ ദര്‍ശനങ്ങളും പ്രവര്‍ത്തനവുമാണ്. ഇനി വരാന്‍ പോകുന്നത് തൊഴിലാളികളുടെ കാലമാണെന്ന് മുന്‍കൂട്ടി തിരിച്ചറിഞ്ഞ സംന്യാസിയായിരുന്നു ഗുരുദേവന്. 1918ല്‍ നടന്ന എസ്എന്‍ഡിപി യോഗത്തിന്റെ 15-ാം വാര്‍ഷിക യോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തൊഴിലാളിസംഘമാണ് ആദ്യത്തേത്. 63 കൃതികളാണ് ഗുരു രചിച്ചത്. മലയാളം, സംസ്കൃതം, തമിഴ് ഭാഷകളില്‍ കവിതകള്‍ രചിച്ച സംന്യാസി ആരെന്ന് ചോദിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് ശ്രീനാരായണ ഗുരുദേവനാണെന്ന് അറിയുന്നില്ല. ഗുരുവിന്റെ ചരിത്രം പഠിക്കാത്തതാണ് ഇതിന് കാരണം. വാടപ്പുറം ബാവ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്നും സ്മരിക്കപ്പെടണമെന്നും ജലരേഖയായി മാറരുതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: