ആലപ്പുഴ: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പാഠ പുസ്തക വിതരണം കെബിപിഎസിനെ ഏല്‍പ്പിച്ചത് സംസ്ഥാന സര്‍ക്കാരിന് കോടികളുടെ അധികബാധ്യതയാകുന്നു. പാഠപുസ്തക ഓഫീസ് മുഖേന കുറ്റമറ്റ രീതിയില്‍ നടന്നിരുന്ന പുസ്തക വിതരണത്തിന്റെ ചുമതല കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് കെബിപിഎസിന് കൈമാറിയത്. അക്കാലയളവില്‍ വന്‍ വിവാദവും ഇതുമായി ബന്ധപ്പെട്ടുയര്‍ന്നിരുന്നു. പാഠപുസ്തക ഓഫീസ് മുഖേന പുസ്തക വിതരണം നടന്നിരുന്നതിനേക്കാള്‍ ആറും ഏഴും ഇരട്ടി തുകയാണ് സര്‍ക്കാരിന് ഇപ്പോള്‍ അധികമായി ചിലവാകുന്നതെന്ന് പി.വി. ശ്രീനിജന് എംഎല്‍എയ്ക്ക് നിയമസഭയില്‍ സര്‍ക്കാര്‍ രേഖാമൂലം നല്കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
2018-19 വര്‍ഷം 6.47 കോടി, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 7.01 കോടി, 4.93 കോടി, 2021-22 വര്‍ഷം 7.13 കോടി എന്നിങ്ങനെയാണ് കെബിപിഎസ് മുഖേന പാഠപുസ്തക വിതരണത്തിന് ചെലവഴിച്ചത്. 2010-11 വര്‍ഷം മുതലാണ് കെബിപിഎസിന് പുസ്തക വിതരണ ചുമതല കൈമാറിയത്. അതിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ ഇപ്പോള്‍ ചെലവാകുന്നതിനേക്കാള്‍ തീരെ കുറവ് പണമാണ് പുസ്തക വിതരണത്തിന് വേണ്ടി വന്നിരുന്നത്. 2006-07 വര്‍ഷം 82.80 ലക്ഷം, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 87.96 ലക്ഷം, 1.37 കോടി, 2009-10 വര്‍ഷം 1.36 കോടി എന്നിങ്ങനെയായിരുന്നു ചെലവ്.
കെബിപിഎസിന് പുസ്തക വിതരണ ചുമതല കൈമാറിയതോടെ ചെലവ് പലമടങ്ങ് വര്‍ധിച്ചു എന്നതല്ലാതെ മറ്റു മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ല. ഇപ്പോഴും കെബിപിഎസിന്റെ വിതരണത്തിന് ശേഷവും പുസ്തകങ്ങള്‍ ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് വലയുന്നത്. ഓരോ വര്‍ഷവും മുന്‍ വര്‍ഷത്തെ കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചാണ് പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റ് സമര്‍പ്പിക്കുകയും, പാഠപുസ്തകങ്ങള്‍ അച്ചടിക്കുകയും ചെയ്യുന്നത്. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് കെബിപിഎസ് പുസ്തക വിതരണം അവസാനിപ്പിക്കും.
എന്നാല്‍ ആറാം പ്രവര്‍ത്തിദിന കണക്ക് പ്രകാരം കുട്ടികളുടെ എണ്ണത്തില്‍ കൂടുതലോ കുറവോ ഉണ്ടാകുന്ന സാഹചര്യം ഉള്ളതിനാല്‍ സംസ്ഥാന പാഠപുസ്തക ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ തലം, ഉപജില്ലാ ഓഫീസ് എന്നിവ മുഖേന പുനഃക്രമീകരണങ്ങളും അധിക പുസ്തക വിതരണവും നടത്തേണ്ടി വരുന്നു. ചുരുക്കത്തില്‍ എം.എ. ബേബിയുടെ കാലത്ത് നടത്തിയ പരിഷ്കരണം സര്‍ക്കാരിന് കോടികളുടെ അധിക ചെലവ് വരുത്തുന്നു എന്നതല്ലാതെ യാതൊരു മെച്ചവും ഇല്ല.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: