കൊച്ചി: സില്‍വര്‍ലൈന്‍ വിരുദ്ധ സമരം കരുത്താര്‍ജ്ജിച്ചതോടെ അമ്പരന്ന് സര്‍ക്കാര്‍. തുടക്കത്തില്‍ സമരത്തിന് ഏകീകൃത സ്വഭാവമില്ലാതിരുന്നതും പ്രതിഷേധങ്ങള്‍ ദുര്‍ബലമായിരുന്നതും മൂലം അവ പതുക്കെ കെട്ടടങ്ങുമെന്ന വിലയിരുത്തലിലായിരുന്നു സര്‍ക്കാരും ഇടതുപക്ഷവും. പക്ഷേ സ്ത്രീകളും കുട്ടികളുമടക്കം ജനങ്ങള്‍ രാഷ്ട്രീയഭേദം മറന്ന് ഇറങ്ങിയതോടെ സമരം സംഘടിതമായി.
മാടപ്പള്ളിയിലും കല്ലായിയിലും ചോറ്റാനിക്കരയിലും തിരൂരിലും തിരുന്നാവായയിലും നടന്ന പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. ചങ്ങനാശേരിയില്‍ കുട്ടികളെ സമരത്തിന് കൊണ്ടുവന്നെന്നു പറഞ്ഞ് ജിജി ഫിലിപ്പിനെതിരേ കേസെടുത്തിട്ടുണ്ട്. കള്ളക്കേസുകള്‍ ചുമത്തിയും ഭീഷണിപ്പെടുത്തിയും സമരം ഒതുക്കാനുള്ള സര്‍ക്കാര്‍ ശ്രമവും ഫലിക്കുന്നില്ല. ഇത് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതല്ല.
കല്ലിടാനടക്കം ഒന്നിനും കേന്ദ്രമോ കോടതിയോ അനുമതി നല്‍കിയിട്ടില്ല. വീടുകളും ഗേറ്റുകളും ചവിട്ടിത്തുറന്നും മതില് ചാടിക്കടന്നുമാണ് സ്വകാര്യവസ്തുക്കളില്‍ കല്ലിടുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജനം കല്ലുകള്‍ പിഴുതെറിയുന്നത്.
മാടപ്പള്ളിയില്‍ സമരമുഖത്തുണ്ടായിരുന്നവരില്‍ പലരും ഇടതുപക്ഷത്തിന് വോട്ടുകുത്തിയവരാണ്. സമരത്തിനിടെ ഒരു സ്ത്രീ ഇക്കാര്യം തുറന്നടിക്കുന്നതും കണ്ടിരുന്നു. മെട്രോമാന് ഇ. ശ്രീധരന് പറയുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. 9000 കുടുംബങ്ങളെ ഒഴിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ കണക്കെങ്കിലും 20,000 കുടുംബങ്ങളെ മാറ്റേണ്ടിവരുമെന്നാണ് ഇ. ശ്രീധരന് ചൂണ്ടിക്കാട്ടുന്നത്.
സമരം, ബംഗാളിലെ നന്ദിഗ്രാം പോലെ, ഇടതുപക്ഷത്തിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് പൊതു അഭിപ്രായം. അവിടെയും സമരം ക്രമാനുഗതമായാണ് ശക്തിയാര്‍ജ്ജിച്ചത്. പദ്ധതിയെക്കുറിച്ച് ഇടതുപക്ഷത്തിനുള്ളിലും സിപിഎമ്മിലും ഭിന്നതയുണ്ടെന്നാണ് സൂചന. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനെ ഭയന്ന് ആരും ഒരക്ഷരം പറയുന്നില്ലെന്നു മാത്രം.
തത്കാലം കല്ലിടല്‍ നിര്‍ത്തുകയാണ് നല്ലതെന്നും സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും ഒരു വിഭാഗം വിശ്വസിക്കുന്നുണ്ട്. സര്‍വേ പ്രകാരം 11 ജില്ലകളിലെ 180 വില്ലേജുകളിലൂടെയാണ് ലൈന്‍ കടന്നുപോകുന്നത്. തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവുമധികം വില്ലേജുകളിലൂടെ കടന്നുപോകുന്നത്, 35 വില്ലേജുകള്‍. വിശദമായ പദ്ധതി രേഖ തയ്യാറാക്കുകയോ പാരിസ്ഥിതികാഘാത പഠനം നടത്തുകയോ പോലും ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: