തൃപ്പൂണിത്തുറ: പിണറായി സര്‍ക്കാര്‍ സ്വപ്ന പദ്ധതിയെന്ന് പറയുന്ന സില്‍വര്‍ലൈനിനെതിരേ സംസ്ഥാനത്തെങ്ങും കനത്ത പ്രതിഷേധം തുടരുന്നു. എന്നാല്‍ ജനരോഷം കണ്ടില്ലെന്നു നടിച്ച് പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് സര്‍ക്കാര്‍.
കഴിഞ്ഞ ദിവസം ചങ്ങനാശേരി മാടപ്പള്ളിയിലും കോഴിക്കോട് കല്ലായിയിലുമായിരുന്നു കല്ലിടലിനെതിരേ ശക്തമായ പ്രതിഷേധമെങ്കില്‍, ഇന്നലെ മലപ്പുറത്തെ തിരൂരിലും തിരുന്നാവായയിലും എറണാകുളത്ത് ചോറ്റാനിക്കരയിലുമായിരുന്നു ജനരോഷം കത്തിക്കയറിയത്. സ്വന്തം മണ്ണില്‍ പിണറായി സര്‍ക്കാര്‍ അനധികൃതമായി കുത്തിനാട്ടിയ കെ റെയില്‍ കല്ലുകള്‍ ജനങ്ങള്‍ പിഴുതെറിഞ്ഞു. കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരും അവര്‍ക്ക് രക്ഷയൊരുക്കിയ പോലീസും ജനരോഷത്തിന്റെ ചൂടറിഞ്ഞു.
ചോറ്റാനിക്കരയില്‍ പ്രതിഷേധക്കാര്‍ കല്ലു പിഴുതു തോട്ടിലെറിഞ്ഞു. ഒടുവില്‍ ചോറ്റാനിക്കര പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥര്‍ സമരക്കാരെ ഭയപ്പെട്ട് പിന്തിരിഞ്ഞു. വന്‍ പോലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥരെത്തിയത്. കൂടുതല്‍ സര്‍വേക്കല്ലുകള്‍ വാഹനത്തിലുണ്ടായിരുന്നെങ്കിലും പ്രതിഷേധം ഭയന്ന് അവ സ്ഥാപിക്കാതെ അവര്‍ മടങ്ങി. സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് പ്രതിഷേധിച്ചത്. സമരക്കാര്‍ ജാഥയായി അടിക്കല്‍ തോടിന് സമീപമെത്തി കഴിഞ്ഞ ദിവസം സ്ഥാപിച്ച ആറു കല്ലുകള്‍ അനൂപ് ജേക്കബ് എംഎല്‍എയുടെ നേതൃത്വത്തില്‍ പിഴുതെറിഞ്ഞു. പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പോലീസെത്തി. കല്ല് പിഴുതെറിഞ്ഞവരെ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
തിരൂരിലെ വെങ്ങാലൂരിലാണ് അധികൃതര്‍ സ്ഥാപിച്ച നിരവധി അടയാളക്കല്ലുകള്‍ വീട്ടുകാര്‍ തന്നെ പിഴുതുമാറ്റിയത്. വന്‍ പോലീസ് സന്നാഹവുമായാണ് അധികൃതര്‍ സ്ഥലത്തെത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോള്‍ പോലീസിനു നോക്കിനില്‍ക്കേണ്ടി വന്നു. സമീപത്തെ പള്ളിയില്‍ പ്രവേശിക്കാതെ വീട്ടുവളപ്പുകളിലാണ് ഇന്നലെ കല്ലിടല്‍ നടന്നത്.
പള്ളിയോടനുബന്ധിച്ചുള്ള ഖബറിടങ്ങളില്‍ കല്ലിട്ടാല്‍ പ്രതിഷേധം മറ്റു തലങ്ങളിലാവുമെന്ന ഭയമാണ് സര്‍ക്കാരിനെ അതില്‍ നിന്നു പിന്തിരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: