ചെന്നൈ: മുന്‍ എബിവിപി ദേശീയ അധ്യക്ഷന്‍ ഡോ. സുബ്ബയ്യ ഷണ്മുഖത്തെ അറസ്റ്റ് ചെയ്ത് ഡിഎംകെ സര്‍ക്കാര്‍. ബിജെപിയ്ക്കെതിരായ പ്രതികാരരാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്ന് ആരോപിക്കപ്പെടുന്നു. ചെന്നൈ പൊലീസാണ് ഇദ്ദേഹത്തെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
മതപരിവര്‍ത്തനശ്രമത്തിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ ഈയിടെ ആത്മഹത്യ ചെയ്ത ലാവണ്യ എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് വേണ്ടി സമരം ചെയ്തതിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട എബിവിപി നേതാവ് നിധി ത്രിപാഠിയെ ജയിലില്‍ സന്ദര്‍ശിച്ചതിന് ഡോ.സുബ്ബയ്യ ഷണ്മുഖത്തെ ഡിഎംകെ സര്‍ക്കാര്‍ കഴിഞ്ഞ മാസം സസ്പെന്റ് ചെയ്തിരുന്നു. ഈ നടപടിക്ക് പിന്നാലെയാണ് അറസ്റ്റ് നടന്നിരിക്കുന്നത്.
വാഹന പാര്‍ക്കിംഗ് സംബന്ധിച്ച് അയല്‍വാസിയായ 60 കാരിയുമായി 2020ല്‍ ഉണ്ടായ വഴക്കാണ് അറസ്റ്റിന് കാരണം. നേരത്തെ എ ഐഎഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് നടപടിയെടുക്കാതിരുന്ന കേസിലാണ് ഇപ്പോള്‍ തിരക്കിട്ട് അറസ്റ്റ് നടന്നത്. സ്ത്രീയുടെ വീടിന്റെ പരിസരത്ത് മാലിന്യങ്ങള്‍ തള്ളിയെന്നതാണ് ഡോക്ടര്‍ക്കെതിരായ കുറ്റം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇത് കൃത്രിമമായി നിര്‍മ്മിച്ചതാണെന്നാണ് ഡോക്ടറുടെ വിശദീകരണം. ഇദ്ദേഹത്തിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയിരുന്നു. കെഎസ് യുവിന്റെ ദേശീയ യൂണിറ്റായ എന്‍എസ് യു (ഐ) ശക്തമായ സമ്മര്‍ദ്ദം ഡിഎംകെ സര്‍ക്കാരില്‍ ചെലുത്തിയിരുന്നു. ഇതോടെ പ്രശ്നം രാഷ്ട്രീയമായി മാറി. ഡോക്ടര്‍ക്കെതിരെ ശക്തമായ പ്രചാരണമാണ് ട്വിറ്ററില്‍ നടക്കുന്നത്. ഇതും രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് കരുതുന്നു. മാര്‍ച്ച് 31 വരെ റിമാന്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്.
പൊതുവേ തമിഴ്നാട്ടില്‍ ബിജെപിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ ഡിഎംകെയില്‍ അതൃപ്തി വളരുകയാണ്. ബിജെപി പ്രസിഡന്റ് അണ്ണാമലൈയുടെ നേതൃത്വത്തില്‍ ലാവണ്യയുടെ ആത്മഹത്യക്കേസില്‍ സിബി ഐഅന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി.
ഇക്കഴിഞ്ഞ മാസം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഔദ്യോഗിക വസതിക്ക് മുന്‍പിലാണ് എബവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാഠിയുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തന സമ്മര്‍ദ്ദം മൂലം ആമ്തഹത്യ ചെയ്ത ലാവണ്യയ്ക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരം നടന്നത്. പൊലീസിന്റെ സുരക്ഷാവലയം ഭേദിച്ചു എന്ന കാരണം പറഞ്ഞാണ് നിധി ത്രിപാഠിയെ ജയിലിലടച്ചു. പിന്നീട് ബിജെപി ദേശീയ അഭിഭാഷകരുടെ സഹായത്തോടെ കേസ് വാദിച്ചാണ് നിധി ത്രിപാഠിയ്ക്ക് ജാമ്യം സംഘടിപ്പിച്ചത്. ഇവരെ സന്ദര്‍ശിക്കാന്‍ പുഴല്‍ ജയിലില്‍ പോയതിനാണ് അര്‍ബുദരോഗ ചികിത്സകനായ ഡോ. സബ്ബയ്യ ഷണ്മുഖത്തെ സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയാണ് സുബ്ബയ്യ ഷണ്മുഖം. മേലധികാരികളുടെ നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ വിദ്യാഭ്യാസഡയറക്ടറേറ്റ് അന്വേഷണവിധേയമായി മുന്‍ എബിവിപി ദേശീയ പ്രസിഡന്റുകൂടിയായ ഡോ. സുബ്ബയ ഷണ്മുഖത്തെ സസ്പെന്റ് ചെയ്തത്.
തമിഴ്നാട് സര്‍ക്കാര്‍ ജീവനക്കാരുടെ സ്വഭാവച്ചട്ടങ്ങള്‍ 1973ലെ 14ാം ചട്ടത്തിന് വിരുദ്ധമായി ഡോ. സുബ്ബയ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതായി സര്‍ക്കാര്‍ ആരോപി്ക്കുന്നു. 2020ല്‍ ലഭിച്ച ഒരു സ്ത്രീപീഢനക്കേസുമായി ബന്ധപ്പെട്ട ഡിപാര്‍ട്മെന്റ് അന്വേഷണവും ഡോ.സുബ്ബയ്യ നേരിടേണ്ടതുണ്ടെന്നും ഡിഎംകെ സര്‍ക്കാര്‍ പറയുന്നു.’എന്നാല്‍ തമിഴ്നാട്ടില്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍, പാര്‍ട്ടി യോഗങ്ങള്‍ എന്നിങ്ങനെയുള്ള പരിപാടികളില്‍ പങ്കെടുക്കുന്ന അധ്യാപകര്‍, പൊലീസുദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയൊന്നും ഇതേ നിയമമുപയോഗിച്ച് കേസെടുക്കുന്നില്ലെന്ന കാര്യം സൗകര്യപൂര്‍വ്വം വിസ്മരിക്കപ്പെടുന്നു. താന്‍ പെരിയാറെ പിന്തുടരുന്നയാളാണെന്ന് ഭാരതിയാര്‍ സര്‍വ്വകലാശാല വിസി പി. കാളിരാജ് പരസ്യമായി പറഞ്ഞിട്ടുണ്ട്. ബിജെപി ഇതിനെതിരെ സമരം ചെയ്തിട്ടും കാളിരാജ് തല്‍സ്ഥാനത്ത് തുടരുന്നു. മറ്റൊരു വൈസ് ചാന്‍സലര്‍ സഭാപതി മോഹന്‍ താന്‍ ഡിഎംകെ അംഗമാണെന്ന് പറഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെയൊന്നും സര്‍ക്കാര്‍ നടപടിയെടുക്കാത്തതെന്തുകൊണ്ട്?’- രാഷ്ട്രീയ വിമര്‍ശകയായ പ്രിയ വെങ്കട്ട് ചോദിക്കുന്നു.
സുബ്ബയ്യ 2014 മുതല്‍ 2020 വരെ എബിവിപി ദേശീയ പ്രസിഡന്റായിരുന്നുവെന്ന് സര്‍ക്കാരിനറിയാം. അദ്ദേഹം ജയിലില്‍ നിധിയെ സന്ദര്‍ശിക്കുന്നതുവരെ ഡിഎംകെ സര്‍ക്കാരിന് യാതൊരു പ്രശ്നവുമുണ്ടായില്ല. എബിവിപി സമരങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമം മാത്രമാണ് ഈ ശിക്ഷാനടപടി,’- പ്രിയ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: