കോട്ടയം: സമഗ്ര സാമൂഹിക-സാമ്പത്തിക-സാമുദായിക സര്‍വേ നടത്താനാവില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്. സാമ്പിള്‍ സര്‍വേ സമഗ്രസര്‍വേക്ക് പകരമാവില്ലെന്നും സ്റ്റാറ്റിയൂട്ടറി കമ്മിഷന് പറഞ്ഞിട്ടുള്ള സമഗ്രസര്‍വേ സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടും തയ്യാറാകാത്തതിനാലാണ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു.
സമഗ്ര സര്‍വേ നടത്തണമെന്ന ജസ്റ്റിസ് രാമകൃഷ്ണപിള്ള കമ്മിഷന് റിപ്പോര്‍ട്ടിലെ നിര്‍ദേശം സര്‍ക്കാരിന്റെ മുന്നില്‍ നിലനില്‍ക്കുമ്പോഴാണ് സാമ്പിള്‍ സര്‍വേക്ക് സാമ്പത്തിക അനുമതി ചോദിച്ച മാത്രയില്‍ സര്‍ക്കാര്‍ അത് അനുവദിച്ചത്. സാമ്പിള്‍ സര്‍വേ നടത്തി സമഗ്ര സര്‍വേക്കുള്ള നിര്‍ദേശം അട്ടിമറിക്കുകയായിരുന്നു സര്‍ക്കാരിന്റെ ഗൂഢമായ ഉദ്ദേശ്യം. എന്നാല്‍ ഹൈക്കോടതിയുടെ ഇടപെടല്‍മൂലം അത് നടപ്പായില്ല. സാമ്പിള്‍ സര്‍വേ സമഗ്രസര്‍വേക്ക് പകരമാവില്ലെന്നുള്ള പ്രഖ്യാപനം രേഖപ്പെടുത്തി, സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള എന്‍എസ്എസിന്റെ അവകാശം നിലനിര്‍ത്തിക്കൊണ്ടാണ് കേസ് ഹൈക്കോടതി തീര്‍പ്പാക്കിയിരിക്കുന്നത്.
സര്‍ക്കാരിന് കൊവിഡാനന്തര സാമ്പത്തിക ഞെരുക്കം ഉള്ളതിനാല്‍ തല്ക്കാലം സമഗ്രസര്‍വേ നടത്താന്‍ കഴിയില്ലെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. സാമ്പിള്‍ സര്‍വേക്ക് സാമ്പത്തിക അനുമതി നല്കിയ സര്‍ക്കാരിന് സമഗ്രസര്‍വേ നടത്താന്‍ സാമ്പത്തിക ഞെരുക്കമാണെന്നു പറയുന്നത് വിരോധാഭാസമാണ്. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: