കോട്ടയം : സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. മഞ്ഞക്കല്ലുമായി കെ റെയില്‍ ഉദ്യോഗസ്ഥര്‍ ഇനി വന്നാലും ജനങ്ങള്‍ ഇത് കൈകാര്യം ചെയ്യണം. കോടതി അനുമതി നല്കിയ സാമൂഹികാഘാത പഠനം നടത്താന്‍ കല്ലിടേണ്ട ആവശ്യമില്ല. ജനങ്ങള്‍ക്ക് നിയമ പോരാട്ടം നടത്താന്‍ ബിജെപി പിന്തുണ നല്‍കുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരന് അറിയിച്ചു. മാടപ്പള്ളിയിലെ സംഘര്‍ഷ സ്ഥലത്ത് ജങ്ങളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്കെതിരെയുള്ള ഒരു പദ്ധതി നടപ്പിലാക്കാനും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കില്ല. മാടപ്പള്ളിയിലെ കെ റെയിലിന്റെ പേരില്‍ അരങ്ങേറിയ പോലീസ് നടപടികള്‍ ആസൂത്രിതമായിരുന്നു. അവിടെയെത്തിയ പോലീസുകാര്‍ക്ക് നെയിം ബാഡ്ജ് ഇല്ലായിരുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി.
ആളാരെന്ന് മനസിലാകാതിരിക്കാനാണ് നെയിം ബാഡ്ജ് അടക്കമുള്ളവ ഒഴിവാക്കി ഹെല്‍മറ്റ് ധരിപ്പിച്ച് പോലീസുകാരെ സംഘര്‍ഷ സ്ഥലത്തേയ്ക്ക് ഇറക്കി വിട്ടത്. അല്ലാതെ ആ സമയത്തുണ്ടായ പ്രകോപനത്തിന്റെ പേരിലോ പ്രതിഷേധക്കാരോട് ചെറുത്ത് നില്‍ക്കുന്നതിന് വേണ്ടിയോ അല്ല ബാഡ്ജ് ഇല്ലാതെ പോലീസുകാരെ സംഘര്‍ഷ സ്ഥലത്ത് എത്തിച്ചത്.
സ്ത്രീകള്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഡിവൈഎസ്പി ശ്രീകുമാര്‍ കയറിപ്പിടിച്ചുവെന്ന് ഒരു സ്ത്രീ പരാതിപ്പെട്ടിട്ട് സര്‍ക്കാര്‍ എന്ത് നടപടിയെടുത്തു. ഒരു നടപടിയുമുണ്ടായില്ല. കേരളത്തില്‍ വീടിന് വെളിയിലിറങ്ങി നിന്നാല്‍ പോലീസ് കയറി പിടിക്കുന്ന സ്ഥിതിയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: