ശ്രീനഗര്‍: വിവേക് അഗ്നിഹോത്രിയുടെ സിനിമ ദ കശ്മീര്‍ ഫയല്‍സിനെതിരെ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. സിനിമ ഒരുപാട് അവാസ്ഥവമായ കാര്യങ്ങള്‍ പറയുന്നുവെന്നാണ് ഒമറിന്റെ വാദം. കശ്മീര്‍ ഫയല്‍സ് പുറത്തിറങ്ങിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കശ്മീരി യുവാക്കള്‍ ഭീതിയിലാണെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.
ദ കശ്മീര്‍ ഫയല്‍സില്‍ ഒമറിന്റെ പിതാവും ദീര്‍ഘകാലം ജമ്മുകശ്മീര്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായിരുന്ന ഫറൂഖ് അബ്ദുള്ളയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. വിഘടവാദികള്‍ക്കൊപ്പം നിന്ന് തഴ്വരയിലെ പണ്ഡിറ്റുകളെ പാലായനം ചെയ്യിക്കാന്‍ കൂട്ടുനിന്നു എന്ന തരത്തിലാണ് ആരോപണം. തീവ്രവാദി നേതാവായ കരാട്ടെ ബിട്ടയുമായുള്ള ഫറൂഖിന്റെ ബന്ദവും ചിത്രത്തില്‍ തുറന്നുകാട്ടുന്നു. ദല്‍ഹിയില്‍ ദേശീയവാദിയും ജമ്മുവില്‍ കമ്മ്യൂണിസ്റ്റും കശ്മീരില്‍ വിഘടനവാദിയുമാണ് ഫറൂഖ് എന്ന തരത്തില്‍ ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതാണ് ഒമറിനെ ചൊടിപ്പിച്ചിരിക്കുന്നത്.
കശ്മീര്‍ ഹിന്ദു പണ്ഡിറ്റ് സമുദായത്തില്‍ നിന്നുള്ള ആളുകളെ ആസൂത്രിതമായി കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് കശ്മീരി ഹിന്ദുക്കളുടെ പലായനമാണ് ചിത്രത്തിന്റെ കഥാസാരം. അനുപം ഖേര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ദര്‍ശന്‍ കുമാര്‍, മിഥുന്‍ ചക്രവര്‍ത്തി, പല്ലവി ജോഷി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എക്കാലത്തെയും ബ്ലോക്ക്ബസ്റ്റര്‍ ഹിന്ദി ചിത്രങ്ങളുടെ നിരയിലേക്ക് ‘കശ്മീര്‍ ഫയല്‍സ്’ എത്തിയെന്ന് പ്രശസ്ത സിനിമാ നിരൂപകന്‍ തരണ്‍ ആദര്‍ശ് വ്യക്തമാക്കി.
മാര്‍ച്ച് 18ന് ഇന്ത്യയിലെ മാത്രം കളക്ഷന്‍ 100 കോടി കടക്കും. റിലീസായി ‘രണ്ടാമത്തെ ആഴ്ചയിലും കശ്മീര്‍ ഫയല്‍ തീയെറ്ററുകളില്‍ ആധിപത്യം സ്ഥാപിക്കുമെന്ന് ഉറപ്പാണെന്നും മുന്‍കൂര്‍ ബുക്കിംഗുകള്‍ കുതിച്ചുയരുകയാണെന്നും ആദര്‍ശ് ട്വീറ്റില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: