ഡോ. സന്തോഷ് മാത്യു
ഒരു കിലോഗ്രാം അരിയുടെ വില 448 രൂപ. ഒരു ലീറ്റര്‍ പാലിന് 263 രൂപ. മണിക്കൂറുകളോളം കാത്തുകിടന്ന് വാങ്ങുന്ന പെട്രോളിന്റെ വില ലിറ്ററിന് 283 ശ്രീലങ്കന്‍ രൂപ!. അതിശയോക്തിയല്ല. നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്കയിലെ കാര്യമാണ്. വിലക്കയറ്റം മൂലം ഇവിടെ ജനം തെരുവിലിറങ്ങിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാന്‍, മാര്‍ച്ച് ഏഴിനു ശ്രീലങ്കന്‍ രൂപയുടെ മൂല്യം 15 ശതമാനം കുറച്ചതോടെയാണ് സാധന വിലയില്‍ കുതിപ്പുണ്ടായത്. ഒരു ശ്രീലങ്കന്‍ രൂപ = 29 ഇന്ത്യന്‍ പൈസ എന്നാണ് ഇപ്പോഴത്തെ കണക്ക്.
ദിവസവും ഏഴര മണിക്കൂറിലധികം പ്രഖ്യാപിത പവര്‍കട്ടിലാണ് ശ്രീലങ്ക. കാരണം ഇന്ധനം വാങ്ങാനുള്ള വിദേശ നാണ്യമില്ല. അനിയന്ത്രിത വിലക്കയറ്റം, എണ്ണയുടെ ദൗര്‍ലഭ്യം എന്നിവയൊക്കെ ശ്രീലങ്കയെ വലയ്ക്കുന്നു. ഇതിനു പുറമെ ശ്രീലങ്കന്‍ കറന്‍സിക്ക് വിലയിടിയുകയും ചെയ്യുന്നു. ശ്രീലങ്കന്‍ തേയിലയുടെ പ്രധാന വിപണികളായ റഷ്യയിലേക്കും ഉക്രൈനിലേക്കുമുള്ള കയറ്റുമതി, യുദ്ധം മൂലം മുടങ്ങിയിരിക്കുന്നു. ശ്രീലങ്കയിലേക്കുള്ള റഷ്യന്‍ വിനോദ സഞ്ചാരികളുടെ വരവും നിലച്ചു.
തകര്‍ന്നടിഞ്ഞ് ഉത്പാദനവും ടൂറിസവും
വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഇവിടെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. കാരണം തേടി അധികം അലയേണ്ടതില്ല-ചൈനയോടുള്ള അതിവിധേയത്വമാണ് ലങ്കയെ കുഴിയില്‍ ചാടിച്ചിരിക്കുന്നത്. രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ഭരണനേതൃത്വത്തിന്റെ സ്ഥാപിത താല്‍പ്പര്യങ്ങളും വരുംവരായ്കകള്‍ നോക്കാതെയുള്ള തീരുമാനങ്ങളും ചൈനയോടുള്ള അമിത ആശ്രിതത്വവുമൊക്കെ ഈ ദ്വീപ് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ കൂടുതല്‍ അപകടത്തിലാക്കി. കൊവിഡ് ടൂറിസം മേഖലയേയും തളര്‍ത്തി. രാജപക്ഷെ കുടുംബത്തിലെ ആറ് പേര് മന്ത്രിസഭയിലും അരങ്ങു തകര്‍ക്കുന്നു.
ഉത്പന്നങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നവരെ നേരിടാനാണ് സാമ്പത്തിക അടിയന്തരാവസ്ഥ എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. റേഷന്‍ കടകളില്‍ നിന്ന് അരിയും പഞ്ചസാരയുമടക്കമുള്ള ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനുള്ള നീണ്ട ക്യൂ ആണിപ്പോള്‍ ലങ്കയുടെ ചിത്രം. ഭക്ഷ്യ വിഭവങ്ങളില്‍ നല്ല പങ്കും ഇറക്കുമതിയാണ്. പക്ഷേ ഇറക്കുമതിക്കാവശ്യമായ വിദേശനാണ്യശേഖരവും തീരെക്കുറവ്. സാമ്പത്തികനില തകരാറിലായതിനാല്‍ ശ്രീലങ്കന്‍ രൂപയുടെ വിനിമയമൂല്യം കുത്തനെ ഇടിഞ്ഞു. കടുത്ത ഭക്ഷ്യക്ഷാമത്തിലൂടെയും സാമ്പത്തിക തകര്‍ച്ചയിലൂടെയും കടന്നുപോകുന്ന ശ്രീലങ്കയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ്. സര്‍ക്കാര്‍ വരുമാനത്തിന്റെ 80 ശതമാനത്തിലധികം പലിശ തിരിച്ചടവിന് മാത്രമായി നീക്കിവയ്ക്കേണ്ടി വരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വീകരിച്ച കടം ആഭ്യന്തര ഉത്പാദനത്തേക്കാള്‍ കൂടുതലായി തുടരുന്നുവെന്നാണ് കാണിക്കുന്നത്.
പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ടൂറിസം കരകയറാത്തതും വിദേശനാണ്യവരവ് കുറയാന്‍ കാരണമായി. 2019 ഈസ്റ്റര്‍ വേളയിലെ ഭീകരാക്രമണങ്ങള്‍ക്കുശേഷം ഇതാണ് സ്ഥിതി. കൊവിഡ് വന്നതോടെ തകര്‍ച്ച പൂര്‍ണമായി. യാതൊരു മുന്നൊരുക്കവും ഇല്ലാതെ രാസവള നിരോധനം വന്നതോടെ കാര്‍ഷിക മേഖലയും തകര്‍ന്നടിഞ്ഞു. ഉത്പാദനവും ഇടിഞ്ഞു. മൊത്ത ആഭ്യന്തര ഉത്പാദനത്തെക്കാള്‍ (ജിഡിപി) കൂടുതലാണ് ശ്രീലങ്കയുടെ കടം. ചൈനയില്‍ നിന്നു കടം വാങ്ങിയതിന്റെ തിരിച്ചടവ് പ്രതിസന്ധിയിലായപ്പോള്‍, പ്രശസ്തമായ ഹംബന്‍തൊട്ട രാജ്യാന്തര തുറമുഖവും ചേര്‍ന്നുള്ള 1500 ഏക്കറും 99 വര്‍ഷത്തേക്ക് ചൈനയ്ക്ക് കൈമാറേണ്ടിവന്നിട്ടും, കരകയറാനാവശ്യമായ സാമ്പത്തിക തന്ത്രങ്ങള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന് നിരീക്ഷകര്‍ പറയുന്നു. ചൈന കനിഞ്ഞില്ലെങ്കില്‍ ശ്രീലങ്ക മിക്കവാറും ഈ വര്‍ഷം പാപ്പരാകുമെന്നാണ് വിലയിരുത്തല്‍. വര്‍ഷങ്ങളായി ശ്രീലങ്കയില്‍ കയറ്റുമതിയെക്കാള്‍ കൂടുതല്‍ ഇറക്കുമതിയായിരുന്നതിനാല്‍ വിദേശനാണയ ശേഖരത്തില്‍ കുറവു വന്നുകൊണ്ടിരുന്നു. കയറ്റുമതി കുത്തനെ കുറയുകയും ഇറക്കുമതി മാറ്റമില്ലാതെ തുടരുകയും ചെയ്തതോടെ വിദേശനാണയ ശേഖരം തീര്‍ന്ന് രാജ്യം പ്രതിസന്ധിയിലായി.
കടത്തിനും പലിശക്കും ചൈന ഇളവ് നല്കിയാലും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രത്യേകിച്ച് കേരളത്തിന് അതീവ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പാണ്. കൊവിഡ് മൂലം തകര്‍ന്നടിഞ്ഞ കേരളത്തിലെ കുറേ ബിസിനസുകളുടെ മരണമണിയാകും അത്. കേരളത്തിന്റെ അതേ ഉത്പന്നങ്ങള്‍ ആണ് ശ്രീലങ്കയിലും ഉത്പാദിപ്പിക്കപ്പെടുന്നത്. വലിയ തോട്ടങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, ടൂറിസം എന്നീ മേഖലകള്‍ പ്രധാന വരുമാന മാര്‍ഗമായ സമ്പദ് വ്യവസ്ഥയാണ് ശ്രീലങ്കയുടേതും. ആയുര്‍വേദം മുതല്‍ തേയില, കാപ്പി തുടങ്ങി കേരളത്തിന്റെ ഏത് ഉത്പന്നങ്ങള്‍ എടുത്താലും ശ്രീലങ്ക ആണ് കേരളത്തിന്റെ ഉത്പന്നങ്ങളുമായി രാജ്യാന്തര തലത്തില്‍ മത്സരിക്കുന്നവര്‍. ലങ്കന്‍ തേയില ഇപ്പോള്‍ തന്നെ ഉന്നത നിലവാരം മൂലം നമ്മുടെ തേയിലയെ തകര്‍ത്തു കഴിഞ്ഞു. ഇതെല്ലം കേരളത്തിന് വരാനുള്ള സാമ്പത്തിക ഇരുട്ടടി സൂചനകളാണ്. ലങ്കന്‍ കമ്പനിയായ ദില്‍മ ആണ് ലോകത്തിലെ ഏറ്റവും മികച്ച തേയില ബ്രാന്‍ഡ്. ശ്രീലങ്ക ഉടനെ തന്നെ അന്താരാഷ്ട്ര നാണ്യനിധിയില്‍ നിന്നും വായ്പ എടുത്ത് അവരുടെ റുപ്പി ഡീ വാല്യൂ അഥവാ മൂല്യശോഷണം ചെയ്യാന്‍ സാധ്യതയുണ്ട്. അതിന്റെ അളവ് മാത്രമേ അറിയാനുള്ളൂ. അത് നടന്നു കഴിഞ്ഞാല്‍ ശ്രീലങ്കന്‍ ഉത്പന്നങ്ങള്‍ കേരളത്തിന്റെ കയറ്റുമതി വിപണി കൊടുങ്കാറ്റ് പോലെ കീഴടക്കും.
കടം കൊടുക്കും കെണിയിലാക്കും
കടം കൊടുത്തു അടിമയാക്കുക എന്ന ചൈനീസ് നയതന്ത്രം അഥവാ ഡെബ്റ്റ് ട്രാപ് ഡിപ്ലോമസി അങ്ങനെ വിജയകരമായി ശ്രീലങ്കയിലും ചൈനീസ് വ്യാളി പ്രയോഗിച്ച് കഴിഞ്ഞിരിക്കുന്നു. അങ്ങനെ ലങ്ക ചൈനയുടെ കോളനിയായി മാറി. പലര്‍ക്കും ഉള്ള ഒരു പാഠം ആണ് ഇത്. ‘ഡെബ്റ്റ് -ട്രാപ് ഡിപ്ലോമസി’ അഥവാ പണം കടം കൊടുത്തു രാജ്യങ്ങളെ ചൊല്പ്പടിയില് കൊണ്ടുവരുന്ന ചൈനീസ് നയത്തെ അങ്ങനെ ആദ്യമായി വിളിച്ചത് 2017ല്‍ ബ്രഹ്മചെല്ലാനി എന്ന അന്തര്‍ദേശീയ വിദഗ്ധനാണ്. ചൈനയുടെ സമുദ്ര പട്ടുപാതയാണ് ഇതിനു മികച്ച ഉദാഹരണം. ചൈന-പാകിസ്ഥാന് സാമ്പത്തിക ഇടനാഴി, ശ്രീലങ്കയിലെ ഹമ്പന്തോട്ട തുറമുഖം എന്നിങ്ങനെ നിരവധി പദ്ധതികളിലൂടെ ചൈന ഈ നയതന്ത്രം നടപ്പിലാക്കിവരികയാണ്. വായ്പാ തിരിച്ചടവ് മുടങ്ങുന്നതോടെ ചൈനക്ക് അടിയറവു പറയുന്നത് മാലദ്വീപിന്റെയും ബംഗ്ലാദേശിന്റെയും കാര്യത്തില്‍ അനുദിനം നമ്മള് കണ്ടുകൊണ്ടിരിക്കുന്നു. ശ്രീലങ്കയിതാ മുങ്ങിത്താണും ഇരിക്കുന്നു.
രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും ജൈവ വളങ്ങളും കീടനാശിനികളും കര്‍ഷകര്‍ക്ക് എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് കള്ളക്കടത്തായി രാസവളം വമ്പന്മാര് എത്തിക്കുന്നുമുണ്ടായിരുന്നു. ജൈവ ഉത്പന്നങ്ങള്‍ക്ക് അന്തര്‍ദേശീയ വിപണിയിലെ വമ്പന്‍ വിലയിലൂടെ കാര്‍ഷിക നഷ്ടം പരിഹരിക്കാനാവുമെന്നായിരുന്നു കണക്കുകൂട്ടലുകള്‍.
ഒടുവില്‍ ശ്രീലങ്ക രാസവളങ്ങളിലേക്ക് തിരിച്ചുപോകാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു. സമ്പൂര്‍ണ ജൈവ കൃഷി എന്ന ഉദാത്ത ആശയം ഫലിക്കാതെ വന്നപ്പോഴേക്കും ശ്രീലങ്കന്‍ തേയില ഉത്പാദനം തകര്‍ന്നു കഴിഞ്ഞിരുന്നു. ചൈന, ഇന്ത്യ, കെനിയ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ തേയില ഉത്പാദനത്തില്‍ ശ്രീലങ്കയ്ക്കാണ് സ്ഥാനം. വര്‍ഷം തോറും നേടുന്ന പതിനായിരം കോടിയുടെ വിദേശ നാണ്യമാണ് വികലമായ നയങ്ങളിലൂടെ അവര്‍ക്കു നഷ്ടമായത്. 2020 മാര്‍ച്ചില്‍ ആരംഭിച്ച പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. ഈ വര്‍ഷം ഇതുവരെ 140 കോടി ഡോളറിന്റെ സഹായം ഇന്ത്യ ശ്രീലങ്കയ്ക്കു നല്കി. സിലോണ്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇന്നത്തെ ശ്രീലങ്കക്ക് ഇന്ത്യ തന്നെയാണ് അവസാന അത്താണി എന്നതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: