യാഗങ്ങളില്‍ ധര്മപ്രധാനങ്ങളാണ് സോമയാഗം, അതിരാത്രം തുടങ്ങിയവ. അഗ്നിയിലൂടെ ആത്മശുദ്ധീകരണം നടത്തി സ്വര്‍ഗപ്രാപ്തിക്ക് വഴിയൊരുക്കുന്ന യാഗങ്ങള്‍. എന്നാല്‍ വ്യക്തി, കുടുംബം, ദേശം, രാജ്യം എന്നിങ്ങനെ അനുക്രമമായൊരു സംവിധാനത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് നടത്തുന്നതാണ് മഹാകുബേര യാഗം. ദ്വിതീയ പുരുഷാര്ത്ഥമായിരിക്കുന്ന അര്‍ത്ഥത്തെ ആശ്രയിച്ചാണ് ഈ യാഗം നടത്തുന്നത്. ഭൂമിയില്‍ തന്നെ സ്വര്‍ഗം തീര്‍ത്ത് സുഖസൗകര്യങ്ങളെല്ലാം ഇവിടെത്തന്നെ അനുഭവവേദ്യമാക്കുന്നതിനാണ് മഹാകുബേര യാഗം നടത്തുന്നത്.
‘വിത്ത കാമോ യജതേ’ എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് മഹാകുബേര യാഗം നടത്തുന്നത്. കടബാധ്യതകളൊന്നുമില്ലാതെ ഒരു വ്യക്തിക്ക് ജീവിതത്തിലെ ആഗ്രഹങ്ങളും ആവശ്യങ്ങളുമെല്ലാം സാര്‍ത്ഥകമാക്കി ജീവിതം സമൃദ്ധിയോടെയും ഐശ്വര്യത്തോടെയും മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള എല്ലാ വസ്തുക്കളെയും ചേര്‍ത്ത് പറയുന്നതാണ് വിത്തമെന്ന വാക്ക്. മഹാകുബേരയാഗം നടത്തിയാല്‍ ജീവിത സമൃദ്ധിക്കാവശ്യമായതെല്ലാം മഹാദേവനും കുബേരനും നല്കി അനുഗ്രഹിക്കുമെന്നാണ് സങ്കല്പം. ഈ യാഗത്തിന് നിദാനമായൊരു കഥയുണ്ട്.
ബ്രഹ്മാവിനെ തപസ്സു ചെയ്ത് ദിക്പാലകത്വം നേടിയെടുത്ത കുബേരന് താമസിച്ചിരുന്നത് ലങ്കാപുരിയിലായിരുന്നു. സ്വര്‍ണ്ണ നിര്‍മിതമായിരുന്നു ലങ്കാപുരി. കുബേരന്റെ സഹോദരനായിരുന്നു രാവണന്. ഒരിക്കല്‍ രാവണന്, പുഷ്പകവിമാനമുള്പ്പെടെ കുബേരന്റെ സ്വത്തുക്കളെല്ലാം കൈക്കലാക്കി കുബേരനെ ലങ്കയില്‍ നിന്ന് പുറത്താക്കി. എല്ലാം നഷ്ടപ്പെട്ട കുബേരന് അതത്രയും തിരികെ കിട്ടുന്നതിനും കൂടുതല്‍ കരുത്തനായി ജീവിക്കുന്നതിനും ലക്ഷ്യമിട്ട് സരസ്വതീ നദിയുടെ തീരത്ത് മഹായാഗം നടത്തി. (ഈ സ്ഥലം പിന്നീട് കുബേര തീര്‍ത്ഥം എന്നറിയപ്പെട്ടു). യാഗത്തില്‍ സംപ്രീതനായ മഹാദേവന്, കുബേരനെ അളകാപുരിയുടെയും മറ്റനേകം നിധികളുടെയും അധിപനാക്കി യക്ഷരാജാവായി പട്ടാഭിഷേകം ചെയ്തു. സര്‍വതും നഷ്ടമായ കുബേരന് സര്‍വൈശ്വര്യങ്ങളും തിരികെ നല്കിയ കുബേരയാഗം ധനാഭിവൃദ്ധിക്കായി പിന്നീടും ഭാരതത്തില്‍ തുടര്‍ന്നു പോന്നു. കാലാന്തരത്തില്‍ അത് വിസ്മൃതിയിലാണ്ടു.
പൂജകളുടെയും യാഗങ്ങളുടെയും അധീശത്വം ഭൗതിക ജീവിതത്തോട് വിരക്തിയുള്ള സംന്യാസി സമൂഹത്തില്‍ ഒതുങ്ങിയതോടെ മഹാകുബേരയാഗം കാലഹരണപ്പെട്ടു എന്നു കരുതാവുന്നതാണ്. ഇതേക്കുറിച്ചുള്ള അറിവുകള്‍ സംന്യാസിമാരിലേക്ക് എത്തിയതെങ്ങനെയെന്ന് പുരാണങ്ങള്‍ പറയുന്നുണ്ട്. ബ്രഹ്മാവാണ് വേദങ്ങളെ ബൃഹസ്പതിക്ക് ഉപദേശിച്ചത്. ബൃഹസ്പതി അത് ഇന്ദ്രനും ഇന്ദ്രന് ഭരദ്വാജനും ഭരദ്വാജന് ഋഷിമാര്‍ക്കും ഉപദേശിച്ചു. പുരാതന കാലം മുതല്‍ സാമ്പത്തികമായി ഉന്നതശ്രേണിയിലായിരുന്നു ഭാരതം. സ്വര്‍ണം കൊണ്ടുള്ള രമ്യഹര്‍മ്യങ്ങള്‍ ഇവിടെയുയായിരുന്നതായി വിദേശസഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിവിശിഷ്ടമായ കോഹിനൂര്‍ രത്നം ഭാരതത്തിന്റെ സ്വത്തായിരുന്നു. കാലക്രമേണ ഭാരതത്തിന്റെ സാമ്പത്തികാവസ്ഥ ദുര്‍ബലമായി. അതിനെ മറികടക്കാന്‍, ഭാരതീയരുടെ ഈ ദുരവസ്ഥ മാറാന്‍ പൗരാണികമായ ആ അനുഷ്ഠാന വഴിയിലേക്ക് തിരികെപോകേണ്ടിയിരിക്കുന്നു. അതുകൊണ്ടാവാം മഹാകുബേര യാഗം പുനര്‍ജനിയുടെ പാതയിലാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: