ഇടുക്കി: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപമെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍ മഴ തുടരും. സംസ്ഥാനത്തെമ്പാടും ആകാശം ഭാഗീകമായി മേഘാവൃതമായതിനാല്‍ പകല്‍ ചൂടിന് ഗണ്യമായ കുറവ് വന്നിട്ടുണ്ട്. 19, 20 തീയതികളില്‍ ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ട്. ഇന്നലെ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് പുനലൂരിലാണ് 7 സെ.മീ, മാവേലിക്കര- 4, കായംകുളം, പെരിങ്ങമല(തിരുവനന്തപുരം)- 3 സെ.മീ. വീതവും മഴ ലഭിച്ചു.
നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള ന്യൂനമര്‍ദം 20ന് രാവിലെയോടെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിന് സമീപമെത്തി തീവ്ര ന്യൂനമര്‍ദമാകും. 21നാണ് അസാനി ചുഴലിക്കാറ്റാവുക. രണ്ട് പതിറ്റാണ്ടിനിടയില്‍ മാര്‍ച്ച് മാസത്തിലുണ്ടാകുന്ന ആദ്യ ചുഴലിക്കാറ്റാകും അസാനി. ശ്രീലങ്കയാണ് ഈ പേര് നല്‍കിയിരിക്കുന്നത്.
ചുഴലിക്കാറ്റ് വടക്ക്- വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി 23ന് ബഗ്ലാദേശ്, വടക്കന്‍ മ്യാന്മര് തീരത്തെത്തും. തുടര്‍ന്ന് ദുര്‍ബലമാകുമെന്നാണ് നിരീക്ഷണമെങ്കിലും കനത്തമഴയ്ക്കും വ്യാപക നാശത്തിനും ഇടയാക്കിയേക്കും. സംസ്ഥാനത്ത് വേനല്‍മഴയില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം 36 ശതമാനത്തിന്റെ കുറവുണ്ട്. 1.47 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 0.94 സെ.മീ. ആണ് കിട്ടിയത്. ഇടുക്കി, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് വലിയ കുറവുള്ളത്. അതേ സമയം ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ശരാശരി മഴ കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: