കൊച്ചി: കേരള ഒളിമ്പിക് ഗെയിംസിന്റെ മറവില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് മാത്രം പിരിച്ചെടുക്കുന്നത് കോടികളെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഓരോ കോര്‍പ്പറേഷനുകളില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും നഗരസഭ, ജില്ലാ പഞ്ചായത്തുകളില്‍ നിന്ന് അമ്പതിനായിരം രൂപ വീതവും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് 10,000 രൂപ വീതവും നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നോട്ടീസും അയച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവിന്റെ മറവില്‍ കായികമേഖലയെ കരുവാക്കി വന്‍തുക തട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ ആവശ്യപ്പെട്ട കണക്കനുസരിച്ച് മാത്രം ഒന്നേമുക്കാല്‍ കോടിയോളം രൂപ പിരിച്ചെടുക്കുമെന്നാണ് വിവരം. സംസ്ഥാനത്താകെയുള്ള 87 മുനിസിപ്പാലിറ്റികള്‍, 941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മാത്രം പണം എത്തുമ്പോള്‍ തന്നെ കേരള ഒളിമ്പിക് അസോസിയേഷന് അവകാശപ്പെട്ട ഒന്നര കോടി കഴിയും. മറ്റ് പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നുകൂടി പണം പിരിച്ചെത്തുന്നതോടെ വന്‍ തുക ലഭ്യമാകും. ബാങ്കുകള്‍, സൊസൈറ്റികള്‍ എന്നിവിടങ്ങളിലേക്കും സംസ്ഥാന സര്‍ക്കാര്‍ പണത്തിനായി നോട്ടീസ് അയച്ചിരുന്നു. ഇതിന് പുറമെ പൊതുമേഖലയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടുകളും ഇതിനായി ഉപയോഗിക്കാനും സര്‍ക്കാര്‍ അനുമതി നല്കി. ഇതോടെ സ്വകാര്യ മേഖലയില്‍ നിന്ന് ഗെയിംസിന്റെ പേരില്‍ വ്യാപകമായി പണം പിരിച്ചെന്നാണ് വിവരം. എന്നാല്‍ ഇതുവരെ എത്രരൂപ ലഭിച്ചെന്നോ വരവ് ചെലവ് കണക്കുകളോ കേരള ഒളിമ്പിക് അസോസിയേഷന് പുറത്തുവിട്ടിട്ടില്ല.
നേരത്തെ നടത്തിയ ജില്ലാ തല മത്സരങ്ങളുടെ ചെലവ് കണക്ക് പുറത്തുവിടാനും പരിശീലകര്‍ക്കിടയില്‍ ആവശ്യം ഉയരുന്നുണ്ട്. തട്ടിക്കൂട്ടി നടത്തിയ ജില്ലാ മത്സരങ്ങള്‍ക്ക് ലക്ഷങ്ങള്‍ കണക്കെഴുതുമെന്നാണ് പരാതി. കേരള ഒളിമ്പിക് ഗെയിംസ് എന്ന പേരില്‍ പുതിയൊരു കായിക മാമാങ്കത്തിന് തയ്യാറെടുക്കുമ്പോള്‍ പൊതു പരസ്യങ്ങളോ മറ്റ് ചടങ്ങുകളോ നടത്താതിരുന്നതും അഴിമതിക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
താരങ്ങളെ ആകര്‍ഷിക്കാന്‍ സാധാരണ നടത്തുന്ന പരസ്യ പ്രചരണങ്ങളും ഉണ്ടായിട്ടില്ല. മാത്രമല്ല, പങ്കെടുത്തവരുടെ എണ്ണവും കുറവാണ്. പരമാവധി ലളിതമാക്കി, പരസ്യ പ്രചരണം നല്‍കാതെ പണം തട്ടാനുള്ള ശ്രമം ഇതിന് പിന്നിലുണ്ടെന്നും ആക്ഷേപമുണ്ട്. സംസ്ഥാനത്തെ ജില്ലകളിലെല്ലാം മത്സരങ്ങള്‍ നടത്തിയെങ്കിലും പൊതുജനം കായികമേളയെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: