പാലക്കാട്: വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട. ലോറിയില്‍ കടത്താന്‍ ശ്രമിച്ച 165 കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഡ്രൈവർ ഉൾപ്പടെ മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ടാർപോളിൻ കൊണ്ട് മൂടിയ റൂഫ് ടോപ്പിൽ 60 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
തിരൂര്‍ സ്വദേശികളായ നൗഫല്‍, ഫാസില്‍, ഷാഹിദ് എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. ഇത് എവിടെനിന്നാണ് കൊണ്ടുവന്നതെന്ന് വ്യക്തമല്ല. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുമെന്നാണ് എക്‌സൈസ് സംഘം പറയുന്നത്. എക്സൈസിന്റെ ക്രൈംബ്രാഞ്ച് സംഘവും ഇൻ്റലിജൻസ് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. നിർത്താതെ പോയ ലോറിയെ പിന്തുടർന്നെത്തിയാണ് പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ വാളയാര്‍ ടോള്‍ പ്ലാസയ്‌ക്ക് സമീപം കാറില്‍ കടത്തിയ 188 കിലോ കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇവരുടെ രണ്ട് കാറുകളില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. അടുത്തിടെയായി കേരളത്തിലേക്ക് ലഹരിക്കടത്ത് വ്യാപകമായിരിക്കുകയാണ്. കഞ്ചാവും മാരക ലഹരിമരുന്നുകളും ഇതില്‍പ്പെടും. ആന്ധ്രയില്‍ നിന്നും മറ്റുമാണ് സംസ്ഥാനത്ത് കൂടുതല്‍ കഞ്ചാവ് എത്തുന്നത്. കടത്താന്‍ ശ്രമിക്കുന്നതിലേറെയും യുവാക്കളാണ്.
കാരിയര്‍മാര്‍ മാത്രമായിരിക്കും പലപ്പോഴും പിടിക്കെപ്പെടുന്നത്. എളുപ്പത്തില്‍ പണക്കാരാവരണമെന്ന ആഗ്രഹമാണ് യുവാക്കളെ കുഴിയില്‍ ചാടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: