കോട്ടയം : കെ റെയിലിനായി കല്ലിടുന്നതിനിടെയുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരിയില്‍ ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെറെയില്‍ വിരുദ്ധ സംയുക്ത സമരസമിതിയുടേതാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ല, കടകള്‍ അടഞ്ഞു കിടക്കും. മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ- റെയില്‍ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധമാണ് പോലീസുകാരുമായുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്.
കെ റെയില്‍ വിരുദ്ധ സമരത്തിനിടെ പോലീസ് പിടികൂടിയ പ്രതിഷേധക്കാരെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കണമെന്നാണ് സമരക്കാരുടെ ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ബിജെപിയും യുഡിഎഫും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 10 മണിക്ക് ചങ്ങനാശ്ശേരി നഗരത്തില്‍ സംയുക്തസമരസമിതി പ്രകടനം നടത്തും. പ്രാദേശികതലത്തിലും പ്രകടനങ്ങള്‍ നടത്തുമെന്ന് സമരസമിതി അറിയിച്ചു. 12 മണിക്ക് മാടപ്പള്ളിയില്‍ പ്രതിഷേധയോഗവും നടക്കും. മാടപ്പള്ളിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.
നാട്ടുകാര്‍ക്ക് നേരെ പോലീസിന്റെ ബലപ്രയോഗം ഉണ്ടായി. സ്ത്രീകളെ പോലീസ് നിലത്ത് വലിച്ചിഴയ്ക്കുകയും സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നാല് സ്ത്രീകള്‍ ഉള്‍പ്പടെ 23 പേരാണ് അറസ്റ്റിലായത്.
പോലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. സമരക്കാരെ പൂര്‍ണമായും നീക്കം ചെയ്തതിന് പിന്നാലെ കല്ലിടല്‍ നടപടികള്‍ പുനരാരംഭിച്ചു. കെ റെയിലോ, പണമോ വേണ്ട.. സ്വന്തം വീട് മതിയെന്ന നിലപാടിലാണ് നാട്ടുകാര്‍. പോലീസിന്റെ ആക്രമണ മനോഭാവത്തെയും നിരവധി പേര് വിമര്‍ശിക്കുന്നുണ്ട്. ജോസഫ് എം പുതുശ്ശേരി, മിനി കെ ഫിലിപ്പ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മനുഷ്യശൃംഖല തീര്‍ത്തായിരുന്നു രാവിലെ മുതല്‍ ഇവിടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
അതിനിടെ മാടപ്പള്ളിയില്‍ സ്ഥാപിച്ച കെ- റെയിലിന്റെ സര്‍വേ കല്ലുകള്‍ അപ്രത്യക്ഷമായി. സര്‍വേക്കല്ലുകള്‍ രാത്രിതന്നെ ആരോ പിഴുതെറിയുകയായിരുന്നു. വ്യാഴാഴ്ച കെ- റെയില്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മാടപ്പള്ളിയിലും റീത്തുപള്ളിയിലും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. സമരം ചെയ്ത സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പോലീസിന്റെ മര്‍ദനമേറ്റിരുന്നു. സമരസമിതി പ്രവപര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് മാടപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഉദ്യോഗസ്ഥര്‍ കല്ലുകള്‍ സ്ഥാപിച്ചിരുന്നത്. കല്ലുകള്‍ പിഴുതുമാറ്റുമെന്ന് അറസ്റ്റ് ചെയ്ത ഘട്ടത്തില്‍ തന്നെ സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: