ഡോ.കെ.ജയപ്രസാദ്
ഭാരതത്തിന്റെ ജനാധിപത്യ പ്രക്രിയയെ ശക്തമായി നിലനിര്‍ത്തുന്നതില്‍ ഉത്തര്‍പ്രദേശ് വഹിച്ച പങ്ക് വളരെ വലുതാണ്. നെഹ്‌റു കുടുംബത്തിന്റെ ആധിപത്യത്തെ ആദ്യം വെല്ലുവിളിച്ചത് 1967ല്‍ ഉത്തര്‍പ്രദേശിലെ വോട്ടര്‍മാരാണ്. ഭാരതീയ ക്രാന്തിദളിന്റെ (ലോക്ദള്‍) നേതൃത്വത്തില്‍ ജനസംഘം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഭരണം അങ്ങനെയാണ് ഉത്തര്‍പ്രദേശില്‍ ഉണ്ടായത്. അടിയന്തരാവസ്ഥയുടെ ദുര്‍ഭരണത്തെ തകര്‍ത്തെറിഞ്ഞ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും മാത്രമല്ല, സംസ്ഥാനത്തെ ആകെയുള്ള 85 മണ്ഡലങ്ങളിലും ജനങ്ങള്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി. 1977 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 20ല്‍ ഇരുപതും നല്‍കി ഇന്ദിരാ ഗാന്ധിയുടെ സ്വേച്ഛാധിപത്യ ഭരണത്തോടൊപ്പം നിന്ന രാഷ്‌ട്രീയ ചരിത്രമാണ് കേരളത്തിന് അവകാശപ്പെടാന്‍ കഴിയുന്നത്. കോണ്‍ഗ്രസുമായി ‘സന്ധി ചെയ്ത’ ഇടതുപക്ഷം കേരളത്തില്‍ അന്ന് നോക്കുകുത്തിയായി. ജനങ്ങള്‍ നല്‍കിയ വിശ്വാസം തകര്‍ത്ത ജനതാപാര്‍ട്ടി മുന്നണിയെ 1980ലെ തെരഞ്ഞെടുപ്പില്‍ വലിച്ചെറിഞ്ഞ് യുപിയിലെ വോട്ടര്‍മാര്‍ വീണ്ടും ചരിത്രം രചിച്ചു. 1989 ല്‍ രാജീവ് ഗാന്ധിയുടെ അഴിമതി ഭരണത്തെ പുറത്താക്കി കേന്ദ്രത്തില്‍ ജനതാദള്‍ സര്‍ക്കാരിന് വഴിതുറന്നതും യുപിയിലെ വോട്ടര്‍മാരാണ്. എന്നാല്‍ 1989 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍മാര്‍ 17 സീറ്റുകള്‍ നല്‍കി രാജീവ് ഗാന്ധിയുടെ അഴിമതി ഭരണത്തിന് അനുകൂലമായി നിന്നു.
രാജ്യം കണ്ട അഴിമതി ഭരണത്തിന്റെ വിധി എഴുത്തായിരുന്നു 1996ല്‍ നടന്നത്. നരസിംഹറാവു മന്ത്രിസഭയിലെ പലരും അന്ന് ജയിലിലായിരുന്നു. 1996ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ ലഭിച്ചത് കേവലം അഞ്ച് സീറ്റുകളായിരുന്നു. എന്നാല്‍ കേരളത്തിലെ വോട്ടര്‍മാര്‍ കോണ്‍ഗ്രസ് മുന്നണിക്ക് പത്ത് സീറ്റുകള്‍ നല്‍കി. രാജീവ് ഗാന്ധിയുടെയും നരസിംഹ റാവുവിന്റെയും ഭരണകാലത്തെ അഴിമതി ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞപ്പോള്‍ കേരളത്തിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും അഴിമതിയെ പിന്തുണക്കുകയാണുണ്ടായത്. യുപിയിലെ വോട്ടര്‍മാരാണ് അടല്‍ബിഹാരി വാജ്‌പേയിക്ക് ഇന്ത്യ ഭരിക്കാന്‍ 1998 ലും 1999 ലും വേദി ഒരുക്കിയത്. 2014ല്‍ ഇന്ത്യയിലെ വോട്ടര്‍മാര്‍ മന്‍മോഹന്‍ സര്‍ക്കാരിന്റെ അഴിമതി ഭരണത്തെ തകര്‍ത്തെറിഞ്ഞ് ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം നല്‍കി തെരഞ്ഞെടുത്തു. ഈ പരീക്ഷണത്തിന് മുന്നില്‍ നിന്നത് ഉത്തര്‍പ്രദേശായിരുന്നു. കോണ്‍ഗ്രസിന് കേവലം രണ്ട് സീറ്റ് നല്‍കിയ ഉത്തര്‍പ്രദേശ് വോട്ടര്‍മാര്‍ ബിജെപിക്ക് 71 സീറ്റ് നല്‍കി. എന്നാല്‍ കേരളത്തിലെ വോട്ടര്‍മാര്‍ 20 ല്‍ പന്ത്രണ്ട് സീറ്റ് നല്‍കി മന്‍മോഹന്‍ സര്‍ക്കാരിന്റെ അഴിമതി ഭരണത്തെയും അംഗീകരിച്ചു. ഇന്ത്യയില്‍ മന്‍മോഹന്‍ ഭരണത്തിന് അനുകൂലമായി ഭൂരിപക്ഷം വിധി എഴുതിയ ഏക സംസ്ഥാനമായിരുന്നു കേരളം. സാക്ഷരതയില്‍ പിന്നില്‍ നില്‍ക്കുന്ന, വികസനത്തില്‍ പിന്നില്‍ നില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ രാജീവ് ഗാന്ധിയുടെയും നരസിംഹ റാവുവിന്റെയും അഴിമതി ഭരണത്തെ വിലയിരുത്തിയതുപോലെ പത്ത് വര്‍ഷത്തെ മന്‍മോഹന്‍ സിങ് ഭരണത്തെയും ശരിയായി വിലയിരുത്തി വോട്ട് ചെയ്തു. ഇത് സൂചിപ്പിക്കുന്നത് കേരളത്തിലെ വിദ്യാസമ്പന്നര്‍, വികസന സൂചികകളില്‍ മുന്നില്‍ നില്‍ക്കുന്നവര്‍, പത്രം വായിക്കുന്നവര്‍, സ്വയം വിവരം ഉണ്ടെന്ന് നടിക്കുന്നവര്‍ എല്ലാം അടിയന്തരാവസ്ഥയെ അംഗീകരിച്ചു. ജനാധിപത്യ അവകാശങ്ങളുടെ സംരക്ഷണം മുഖ്യവിഷയമായ 1977 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വേച്ഛാധിപത്യ ഭരണവുമായി സന്ധി ചെയ്ത കേരള വോട്ടര്‍മാര്‍ ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ ഒരു കറുത്ത അദ്ധ്യായമാണ് രചിച്ചത്. മാത്രമല്ല, അഴിമതി മുഖ്യവിഷയമായി 1989, 1996, 2014 എന്നീ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഭരണകൂടത്തോടൊപ്പം നിന്ന ഏക സംസ്ഥാനവും കേരളമാണ്. ഈ കേരളത്തെയാണ് യോഗി ആദിത്യനാഥ് മാതൃകയാക്കരുത് എന്ന് പറഞ്ഞത്. 2021ലും അഴിമതി മുഖ്യവിഷയമായ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍, മുഖ്യമന്ത്രിയുടെ ഓഫീസ് നയിച്ച ആള്‍ തന്നെ ജയിലില്‍ കിടന്ന നാളില്‍ കേരളത്തിലെ ഭൂരിപക്ഷം വോട്ടര്‍മാര്‍ പിണറായി വിജയന്റെ ഭരണത്തുടര്‍ച്ചയ്‌ക്ക് വിധി എഴുതിയ പശ്ചാത്തലത്തിലാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെ മാതൃകയാക്കരുത് എന്ന് പറഞ്ഞത്. 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ചൈനയ്‌ക്കു വേണ്ടി നിലകൊണ്ട ഇടതു കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെട്ട സിപിഎം, 1965ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി! അന്ന് ദേശീയ നിലപാടെടുത്ത സിപിഐ കേവലം മൂന്ന് സീറ്റിലാണ് വിജയിച്ചത്. ഈ രാജ്യദ്രോഹ നിലപാടുകളും യോഗി ആദിത്യനാഥ് കേരളത്തെ മാതൃകയാക്കരുത് എന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു (1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ജനകീയമായി എന്നതും മറക്കരുത്) 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ വോട്ടര്‍മാര്‍ നരേന്ദ്രമോദി സര്‍ക്കാരിനെ വിലയിരുത്തി സുസ്ഥിര, അഴിമതി രഹിത, വികസന സര്‍ക്കാരിന് 301 സീറ്റുകള്‍ ബിജെപിക്ക് നല്‍കി ഭരണത്തുടര്‍ച്ച നല്‍കിയപ്പോള്‍ കേരളത്തില്‍ 20ല്‍ 19 സീറ്റും കോണ്‍ഗ്രസിന് നല്‍കിയ കേരള വോട്ടര്‍മാര്‍ ഭാരതത്തിന്റെ ജനാധിപത്യ വ്യവസ്ഥയെയാണ് കളിയാക്കിയത്. ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ 80ല്‍ കേവലം ഒരു സീറ്റാണ് കോണ്‍ഗ്രസിന് നല്‍കിയത്. രാഹുല്‍ ഗാന്ധിയ്‌ക്കു പോലും ഇന്ന് കേരളത്തിന് പുറത്തുനിന്ന് കോണ്‍ഗ്രസ് സീറ്റില്‍ വിജയിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ട്. പക്ഷേ കേരളജനത അദ്ദേഹത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ്. ഈ രാഷ്‌ട്രീയ സംസ്‌കാരം മാതൃകയാക്കരുത് എന്ന് പറയുന്നത് കേരളത്തെ നന്നാക്കാന്‍ കൂടിയാവണം. രാജ്യത്തെ മദ്യ ഉപഭോഗത്തിന്റെ 16 ശതമാനം കേവലം 2.9 ശതമാനം ജനങ്ങള്‍ വസിക്കുന്ന കേരളത്തിലാണ്. മയക്കുമരുന്നിന് ഏറെ പ്രചാരമുള്ളതും കേരളത്തിലാണ്. തീവ്രവാദ ആശയങ്ങള്‍ക്കും ഏറ്റവും വേരോട്ടമുള്ള ഈ മണ്ണില്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, രാഷ്‌ട്രീയ കൊലപാതകം, ഏക പാര്‍ട്ടിക്ക് മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പാര്‍ട്ടി ഗ്രാമങ്ങള്‍, അഴിമതിയുടെ ജനകീയവത്കരണം, കള്ളക്കടത്ത്, ദേശവിരുദ്ധ ആശയങ്ങള്‍ക്ക് സ്വീകാര്യത, ജോലി നേടി സംസ്ഥാനത്തിന് പുറത്തുപോകേണ്ട അവസ്ഥ പേറുന്ന യുവാക്കളും യുവതികളും, മൂലധന നിക്ഷേപംനടക്കാത്ത സംസ്ഥാനം എന്നിവയൊക്കെ ചില ഉയര്‍ന്ന മാനവവികസന സൂചിക ഉയര്‍ത്തി കാണിച്ച് മറയ്‌ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. യോഗിയുടെ വിമര്‍ശനത്തെ പോസിറ്റീവായി കണ്ടാല്‍ കേരളത്തിന് രക്ഷപ്പെടാന്‍ കഴിയും. ഒരു ജോലി തേടി ലക്ഷക്കണക്കിന് യുവതികള്‍ രാജ്യത്തിന് പുറത്തുപോകുന്ന സംസ്ഥാനം എന്ന അവസ്ഥയും ഇന്നുണ്ട്. എന്തുകൊണ്ട് കേരള യുവത്വം പ്രവാസിയാകാന്‍ നിര്‍ബന്ധിതമാകുന്നു എന്നതും ചര്‍ച്ച ചെയ്യപ്പെടണം.
കേരളം ഒരു രാഷ്‌ട്രീയ മ്യൂസിയം
ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കഴിഞ്ഞ ഏഴര പതിറ്റാണ്ടിനിടയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. ഒരുപാട് രാഷ്‌ട്രീയ പരീക്ഷണങ്ങള്‍ നടന്നു. 1950കളിലെയും അറുപതുകളിലെയും എന്തിന് 1980കളിലെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ പലതും ഇന്ന് നിലവിലില്ല. പരമ്പരാഗത രാഷ്‌ട്രീയ പ്രക്രിയ ഇന്ന് കേരളത്തില്‍ മാത്രമാണുള്ളത്. സ്വാതന്ത്ര്യത്തിന് മുന്‍പുള്ള കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ്, മുസ്ലിംലീഗ് രാഷ്‌ട്രീയമാണ് ഇന്ന് കേരളത്തിലുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ പ്രാദേശിക രാഷ്‌ട്രീയത്തിലും മാറ്റങ്ങള്‍ ഉണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, എസ്പി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയവ താരതമ്യേന പുതിയ രാഷ്‌ട്രീയ പാര്‍ട്ടികളാണ്. പല സംസ്ഥാനങ്ങളിലും വിവിധ രാഷ്‌ട്രീയ പരീക്ഷണങ്ങള്‍ നടന്നു. ഉദാഹരണമായി ഉത്തര്‍പ്രദേശ് പരിശോധിച്ചാല്‍ കോണ്‍ഗ്രസിനെ കൂടാതെ, മുഖ്യമന്ത്രിമാരെ സംഭാവന ചെയ്ത പാര്‍ട്ടികള്‍ നിരവധിയാണ്. ഭാരതീയ ക്രാന്തിദള്‍, ജനതാപാര്‍ട്ടി, ലോക്ദള്‍, ജനതാദള്‍, ബിഎസ്പി, എസ്പി, ബിജെപി എന്നീ പാര്‍ട്ടികള്‍ക്ക് മുഖ്യമന്ത്രിമാരെ നിയോഗിക്കാന്‍ അവസരം നല്കി. സര്‍ക്കാരിന്റെ കാര്യക്ഷമത അളന്നു നോക്കിയാണ് ജനങ്ങള്‍ വിധി എഴുതുന്നത്. ബിജെപിക്ക് തുടര്‍ഭരണം ലഭിച്ചത് ഭരണ മികവിന്റെ അടിസ്ഥാനത്തിലാണ്. മത-ജാതി താല്‍പര്യങ്ങള്‍ ജനങ്ങള്‍ നോക്കിയില്ല. സദ്ഭരണത്തിന് തുടരാന്‍ അവസരം നല്കി.
കേരളത്തിലെ വോട്ടര്‍മാര്‍ മുന്‍വിധിയോടെ വോട്ട് ചെയ്യുന്നു. ഭാരത വിഭജനത്തിനു ശേഷം മുസ്ലിംലീഗിന് തുടരാന്‍ കഴിഞ്ഞത് കേരളത്തില്‍ മാത്രമാണ് (2019ല്‍ ഡിഎംകെ മുന്നണിയില്‍ ലീഗ് വിജയിച്ചത് ഒരു അപവാദമാകാം), ലോകം മുഴുവന്‍ തിരസ്‌കരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യം മുഴുവന്‍ തിരസ്‌കരിച്ചു എന്നു മാത്രമല്ല, അവര്‍ നീണ്ടനാള്‍ ഭരിച്ച പശ്ചിമബംഗാള്‍, ത്രിപുര ഉള്‍പ്പെടെ അവരെ നിരാകരിച്ചു. എന്നിട്ടും കേരളം നെഞ്ചോടു ചേര്‍ത്തു വയ്‌ക്കുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഒന്നും ഡിഎംകെ സഹായത്താല്‍ തമിഴ്‌നാട്ടില്‍ നിന്ന് രണ്ടുമാണ് സിപിഎമ്മിന്റെ ലോക്‌സഭയിലെ ആള്‍ബലം. എന്നാലും സംസ്ഥാന ഭരണം ലഭിക്കുന്നു. ഇന്ന് ഭാരതത്തിലെ ദേശീയ രാഷ്‌ട്രീയത്തിലും പ്രാദേശിക രാഷ്‌ട്രീയത്തിലും താരതമ്യേന പുതിയ രാഷ്‌ട്രീയ പാര്‍ട്ടികളാണ് മുന്നില്‍നില്‍ക്കുന്നത്. ബിജെപി 42 വയസ്സായ യുവത്വത്തിലാണ്. പക്ഷേ കേരളം ഇന്നും 1930കളിലെ രാഷ്‌ട്രീയ പാര്‍ട്ടികളെയും, അവയുടെ മുന്നണികളെയും ചുമക്കുന്നു. മാര്‍ക്‌സും ലെനിനും സ്റ്റാലിനും മാവോയും കാനേട്ടായും ചെഗുവേരയും സദ്ദാംഹുസൈനും ഗദ്ദാഫിയും ഒക്കെ കേരളത്തില്‍ ഇന്നും ആരാധിക്കപ്പെടുന്നു. ഇവരെയൊക്കെ കാണാന്‍ പഴയ കിഴക്കന്‍ യൂറോപ്പില്‍നിന്നും സോവിയറ്റ് റിപ്പബ്ലിക്കുകളില്‍നിന്നും പശ്ചിമേഷ്യയില്‍നിന്നും ടൂറിസ്റ്റുകള്‍ കേരളത്തില്‍ വരുന്നു എങ്കില്‍ അത്ഭുതപ്പെടാനില്ല. ലബോറട്ടറികളിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. മ്യൂസിയം കേവലം കാഴ്ച വസ്തു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: