കൊളംബോ: ശ്രീലങ്കയില്‍ വിദേശനാണയം ഇല്ലാത്തതിനാല്‍ രൂക്ഷമായ വിലക്കയറ്റത്തില്‍ വലഞ്ഞ് ജനം. അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാതെ ക്ഷാമം രൂക്ഷമായതോടെ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. യുദ്ധകാലത്ത് പോലും കാണാത്ത പ്രതിസന്ധിയില്‍ അരി കിലോയ്ക്ക് 448 ലങ്കന്‍ രൂപ (128 ഇന്ത്യന്‍ രൂപ) യാണ് വില. ഒരു ലിറ്റര്‍ പാല് വാങ്ങാന്‍ 263 (75 ഇന്ത്യന്‍ രൂപ) ലങ്കന്‍ രൂപയാവും.
ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ഉടനടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവും കത്തിപ്പടരുകയാണ്. അവശ്യവസ്തുകള്‍ക്ക് പുറമെ പെട്രോളിനും ഡീസലിനും നാല്‍പ്പത് ശതമാനം വില കൂടി. ഇതോടെ ഇന്ധനക്ഷാമം രൂക്ഷമായി. മണിക്കൂറുകളോളം കാത്തുകെട്ടിക്കിടക്കണം ഇപ്പോള്‍ പെട്രോളും ഡീസലും കിട്ടാന്‍. അതില്‍ തന്നെ ലിറ്ററിന് 283 ശ്രീലങ്കന്‍ രൂപയാണ് പെട്രോളിന്. ഡീസല്‍ ലിറ്ററിന് 176 ശ്രീലങ്കന്‍ രൂപ. ഇതോടെ രാജ്യത്തെ ഗതാഗത സംവിധാനം താറുമാറായി. വൈദ്യുതനിലയങ്ങള്‍ അടച്ചുപൂട്ടിയതോടെ രാജ്യത്തൊട്ടാകെ ദിവസം ഏഴര മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി.
പതിറ്റാണ്ടുകള്‍ക്കിപ്പുറം സാമ്പത്തികപ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് ശ്രീലങ്കന്‍ സാമ്പത്തികമേഖല. വിദേശനാണയം തീര്‍ന്ന് രാജ്യം പ്രതിസന്ധിയിലായതോടെ അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നിവൃത്തിയില്ലാതെയായി. ഇപ്പോള്‍ അന്താരാഷ്ട്ര നാണ്യനിധിയുടെയും ഇന്ത്യയുടെയുമെല്ലാം സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക.
തെരുവിലിറങ്ങി പ്രതിഷേധിച്ച് ജനം– കൊളംബോയില്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെക്കെതിരെ കടുത്ത പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. രാജപക്സെ ഉടനടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് പേരാണ് തെരുവില്‍ അണിനിരന്നത്. പ്രതിപക്ഷപാര്‍ട്ടിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. സര്‍ക്കാരിനെ താഴെ വീഴ്ത്താനുള്ള ആഹ്വാനമായി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയാണ്. ”രണ്ട് വര്‍ഷമായി നിങ്ങള്‍ ഈ ദുരിതമനുഭവിക്കുന്നു. ഇനിയും സഹിക്കാനാകുമോ?”എന്ന ബാനറുകളും ഫ്ലക്സുകളുമായാണ് ജനം തെരുവിലെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: