പീരുമേട്: പാറക്കുളം തൊണ്ടിയാര്‍ പ്രദേശത്തെ വന്യമൃഗ ശല്യത്തിന് പരിഹാരം. സ്ഥലത്ത് 35 ലക്ഷം രൂപ മുടക്കിയാണ് രണ്ട് കിലോമീറ്റര്‍ ദൂരം ട്രഞ്ച് നിര്‍മ്മിച്ചു. സംഭവത്തിന് നേതൃത്വം നല്കിയ വള്ളക്കടവ് റേഞ്ച് ഓഫീസര്‍ അജികുമാറിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും ആദരിച്ചു.
പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന വള്ളക്കടവ് റേഞ്ചിന്റെ കീഴിലുള്ള സ്ഥലമാണ് തൊണ്ടിയാര്‍, 62-ാം മൈല്‍, പാറക്കടവ് തുടങ്ങിയ പ്രദേശങ്ങള്‍. ഇവിടെ കാട്ടാന ശല്യം തടയാന്‍ 2011ന് ശേഷം 5 തവണ പണം അനുവദിച്ച് വര്‍ഷങ്ങള്‍ തോറും ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇത് കാട്ടാന ശല്യത്തിന് അറുതി വന്നില്ല. തുര്‍ന്ന് അറുപത്തിമൂന്നാം മൈല്‍, തൊണ്ടിയാര്‍ പുതുവല്‍, തൊണ്ടിയാര്‍ എസ്റ്റേറ്റ്, 6-ാം മൈല്പ്രദേശത്തെ നൂറുകണക്കിന് കര്‍ഷകര്‍ സംഘടിച്ച് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഇതിനിടയിലാണ് പുതുതതായി ചാര്‍ജെടുത്ത റേഞ്ചര്‍ അജി കുമാര്‍ സമരപ്പന്തലില്‍ എത്തിയത്. തുടര്‍ന്ന് കര്‍ഷകരുമായി സംസാരിച്ച് ശ്വാശ്വത പരിഹാരം ഉറപ്പു കൊടുത്തു, പിന്നാലെയാണ് അന്ന് സമരം അവസാനിപ്പിച്ചത്.
നിര്‍മ്മാണത്തിനിടെ കര്‍ഷകര്‍ക്ക് സ്ഥലം സന്ദര്‍ശിക്കാനും പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാനും അവസരം നല്കി. ഇത് പ്രകാരം 9 സ്ഥലത്ത് കല്ലുകെട്ടുകയും വീണ്ടും ആഴം കൂട്ടുകയും ചെയ്തു. പിന്നീട് വീണ്ടും പരിശോധന നടത്തിയ ശേഷമാണ് ബില്ല് മാറി നല്‍കിയത്. ആനകള്‍ പതിവായി എത്തുന്ന സ്ഥലത്ത് സംരക്ഷണ ഭിത്തിയും നിര്‍മ്മിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അറുപത്തിമൂന്നാം മൈലില്‍ കര്‍ഷക കൂട്ടായ്മയായ കിഫയുടെ നേതൃത്വത്തിലാണ് അനുമോദന സമ്മേളനം നടത്തിയത്. യോഗം കര്‍ഷക നേതാവ് ആന്റണി ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മാര്ട്ടിന് കൊച്ചു പുരയ്ക്കല്‍ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എസ് .പി.രാജേന്ദ്രന്, അഴുത, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി പൈനേടത്ത്, പഞ്ചായത്ത് അംഗങ്ങളായ പ്രിയങ്ക, ഹൈദ്രോസ് മീരാന്‍, കര്‍ഷക നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. തേക്കടി റേഞ്ചിലെ 500 മീറ്റര്‍ ദൂരത്തു കൂടി ട്രഞ്ച് നിര്‍മ്മിച്ചാല്‍ ഈ ഭാഗത്ത് വന്യമൃഗങ്ങള്‍ കടക്കുന്നത് പൂര്‍ണ്ണമായും തടയാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: