ഇടുക്കി: സര്‍വകാല റെക്കോര്‍ഡും മറികടന്ന് കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം. താപനിലയില്‍ അല്പം കുറവ് വന്നെങ്കിലും കെഎസ്ഇബിയുടെ കണക്കുകൂട്ടലുകള്‍ പോലും തെറ്റിച്ചാണ് ഉപഭോഗം ദിവസംതോറും വര്‍ധിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 7ന് അവസാനിച്ച 24 മണിക്കൂറിലെ കണക്ക് പ്രകാരം 89.6188 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതില്‍ 30.3092 മില്യണ്‍ യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള് 58.1084 മില്യണ്‍ യൂണിറ്റും കേന്ദ്ര പൂളില്‍ നിന്നും ദീര്‍ഘകാല കരാര്‍ പ്രകാരവും പുറത്ത് നിന്നെത്തിച്ചതാണ്. 2021 മാര്‍ച്ച് 19 രേഖപ്പെടുത്തിയ 88.417 മില്യണ്‍ യൂണിറ്റ് ആയിരുന്നു ഇതുവരെയുള്ള സര്‍വകാല റിക്കാര്‍ഡ്.
തിങ്കളാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത് 87.5133 മില്യണ്‍ യൂണിറ്റായിരുന്നു. ഒരു ദിവസം കൊണ്ട് മാത്രം 21 ലക്ഷം യൂണിറ്റിന്റെ വര്‍ദ്ധനവാണ് ഉപഭോഗത്തില്‍ ഉണ്ടായത്. കുംഭച്ചൂടില്‍ നേരത്തെ ഓരോ ദിവസവും ഉപഭോഗം കൂടി വരികയായിരുന്നു. പിന്നാലെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മീനമാസത്തിലെ ആദ്യദിനം തന്നെ ഉപഭോഗം റെക്കോര്‍ഡ് ഭേദിച്ചത്. മാര്‍ച്ച് 1ന് 82 മില്യണ്‍ യൂണിറ്റായിരുന്ന ഉപഭോഗം പിന്നീട് താഴേക്ക്(അവധി ദിവസങ്ങളിലൊഴികെ) പോയിട്ടില്ല. കഴിഞ്ഞ 9ന് 85 മില്യണ്‍ യൂണിറ്റ് പിന്നിട്ടിരുന്നു.
നേരത്തെ 7 മുതല്‍ 8.30 വരെയായിരുന്ന പീക്ക് ടൈം(കൂടിയ ഉപഭോഗം) എങ്കില്‍ ഇപ്പോള്‍ അത് രാത്രി 10ലേക്ക് മാറി. 10.20നാണ് ചൊവ്വാഴ്ച രാത്രി പീക്ക് ടൈമിലെത്തിയത്, 4400 മെഗാവാട്ട്. ഇത് പിന്നീട് നേരിയ തോതില്‍ കുറയുമെങ്കിലും രണ്ട് മണിവരെ ഉയര്‍ന്ന് തന്നെ നില്ക്കും. പിന്നീടാണ് കുത്തനെ കുറയുന്നത്. എയര്‍കണ്ടീഷണര്‍, ഫാന്‍, കൂളര്‍ പോലുള്ളവയുടെ ഉപഭോഗമാണ് വൈദ്യുതി ഉപഭോഗം പെട്ടെന്ന് ഉയരാന്‍ മുഖ്യകാരണം. താപനിലയില്‍ കുറവ് വന്നെങ്കിലും അന്തരീക്ഷത്തിലെ ആര്‍ദ്രതയുടെ അളവ് കൂടി നില്ക്കുന്നതിനാല് ഉഷ്ണം അനുഭവപ്പെടുന്നതാണ് എസി പോലുള്ളവയുടെ ഉപയോഗം കൂടാന്‍ കാരണം.
അതേ സമയം വേനല്‍ മഴയെത്തിയില്ലെങ്കില്‍ ഉപഭോഗം ഓരോ ദിവസവും പുതിയ റിക്കാര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് സംസ്ഥാനത്തെ വൈദ്യുതി വിതരണം നിയന്ത്രിക്കുന്ന കളമശ്ശേരിയിലെ എസ്എല്‍ഡിസി അധികൃതരും വ്യക്തമാക്കി. ഇന്നലെയും വൈദ്യുതി ഉപഭോഗം ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. ഇത് 90ന് മുകളിലെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. വൈദ്യുതി പ്രതിസന്ധി നിലവിലില്ലെങ്കിലും ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ അടക്കം ഉത്പാദനം ഉപഭോഗം കൂടിയതിന് പിന്നാലെ ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: