കണ്ണൂര്‍: ഏപ്രില്‍ ആറ് മുതല്‍ 10 വരെ കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പിണറായി കോണ്‍ഗ്രസായി മാറും. സംസ്ഥാന സമ്മേളനത്തില്‍ പിണറായിയായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചത്. സംസ്ഥാന സമിതി, സെക്രട്ടേറിയറ്റ് അംഗങ്ങളെ നിശ്ചയിക്കുന്ന കാര്യത്തിലടക്കം തിരുവായ്ക്ക് എതിര്‍വാ ഇല്ലാതെ പിണറായി സ്വന്തം അജണ്ട നടപ്പാക്കി.
പിണറായി തന്നെയാവും പാര്‍ട്ടി കോണ്‍ഗ്രസിലും അവസാന വാക്ക്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കോ പിബിയിലോ കേന്ദ്ര കമ്മിറ്റിയിലോ അംഗങ്ങളായ ഒരാള്‍ക്ക് പോലുമോ പിണറായിക്കെതിരെ നിലകൊള്ളാന്‍ കഴിയില്ല. രാജ്യത്താകമാനം തകര്‍ന്നടിഞ്ഞ സിപിഎമ്മിന്റെ സാമ്പത്തിക സ്രോതസും ആള്‍ബലവും കേരളത്തില്‍ മാത്രമാണ്. ബംഗാളിലും ത്രിപുരയിലും അംഗങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടതോടെ ലെവിവരുമാനം പോലുമില്ലാതായി. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പാര്‍ട്ടിയിലെ കേന്ദ്ര നേതൃത്വത്തില്‍ നിന്നു പോലും എതിര് ശബ്ദമുയരാത്തത് പിണറായി ഭയം മൂലമാണ്. പദ്ധതി വഴി കോടികള്‍ പാര്‍ട്ടിക്ക് എത്തുമെന്നതിനാല്‍ പ്രതിനിധികളാരും ഇതിനെ തള്ളിപ്പറയില്ല.
പ്രചാരണത്തിന് മാത്രം കോടികളാണ് ഒഴുക്കിയത്. മതിലായ മതിലിലെല്ലാം പാര്‍ട്ടി സമ്മേളന പരസ്യങ്ങള്‍ സ്ഥാനം പിടിച്ചു. സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള കലാകാരന്മാരെ വലിയ തുക പ്രതിഫലം നല്കി എത്തിച്ച് ചുവര് ചിത്രങ്ങളും പ്രചരണ ബോര്‍ഡുകളും സ്ഥാപിക്കുന്നത് ആഴ്ചകളായി തുടരുന്നു. പൊതുസ്ഥലങ്ങള്‍ കൈയേറി പാതയോരങ്ങളില്‍ സര്‍വ്വ നിയമങ്ങളും കാറ്റില്‍പ്പറത്തി കുടിലുകള്‍ പോലുള്ള പ്ലോട്ടുകള്‍ കെട്ടിപ്പൊക്കി. സമ്മേളനത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപയാണ് ജനങ്ങളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും പിരിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: