ചാത്തന്നൂര്‍(കൊല്ലം): കേരളത്തെ വ്യവസായ സൗഹൃദമാക്കുമെന്നും സമരം നടത്തി വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടിക്കുന്നത് അനുവദിക്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തള്ളി ഇടത് തൊഴിലാളി യൂണിയനുകള്‍. ക്രെയിന്‍ ഉപയോഗിച്ച് സാധനങ്ങള്‍ ഇറക്കാന്‍ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയ ചാത്തന്നൂരിലെ ടോറിയന്‍ മെറ്റല്‍സ് ആന്‍ഡ് ട്രേഡിങ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനമാണ് നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു, എഐടിയുസി തൊഴിലാളികള്‍ തടസ്സപ്പെടുത്തുന്നത്.
സ്ഥാപനത്തിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ പ്രവേശന കവാടത്തില്‍ തടയുകയാണ് ഇവര്‍. ഒന്നരക്കോടിയോളം രൂപ വായ്പടെയുത്താണ് സ്ഥാപനം തുടങ്ങിയത്. 2019ലാണ് ചാത്തന്നൂര്‍ സ്വദേശിയായ യുവവ്യവസായി ഇരുമ്പ്, സ്റ്റീല്‍ മെറ്റല്‍ സ്ഥാപനം ആരംഭിച്ചത്. കയറ്റിറക്കുമായി ബന്ധപ്പെട്ട് ഇടതുയൂണിയനുകള്‍ സമരം ആരംഭിച്ചതോടെ സ്ഥാപനം അടച്ചിട്ടു. ക്രെയിന്‍ ഉപയോഗിച്ച് സാധനങ്ങള്‍ കയറ്റാനും ഇറക്കാനും കോടതിയില്‍ നിന്ന് അനുകൂലവിധി നേടിയ ശേഷം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.
ഇപ്പോള്‍ സിഐടിയു, എഐടിയുസി തൊഴിലാളികള്‍ സ്ഥാപനത്തിന്റെ പ്രവേശന കവാടത്തില്‍ വാഹനങ്ങള്‍ തടയുകയാണ്. മുന്‍ ജനപ്രതിനിധിയായ സിപിഐ നേതാവ് സ്ഥലത്തെത്തി ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കയറ്റിറക്ക് ജോലിക്ക് തൊഴിലാളികളെ ഉപയോഗിക്കണമെന്നും അല്ലെങ്കില്‍ നോക്കുകൂലി നല്‍കണമെന്നുമാണ് നേതാവിന്റെ ആവശ്യം.
തൊഴിലാളികള്‍ വ്യവസായ സ്ഥാപനത്തില്‍ പ്രവേശിക്കുന്നതു തടഞ്ഞും പ്രവര്‍ത്തനത്തിന് അനുകൂലമായും കോടതി ഉത്തരവുണ്ട്. ഇതെല്ലാം ലംഘിച്ചാണ് തൊഴിലാളികളുടെ പ്രവര്‍ത്തനം. ഏതാനും ദിവസം മുന്‍പ് പ്രദേശത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുവന്ന അഞ്ചു ഷട്ടറുകള്‍ ഇറക്കുന്നതിന് വന്‍തുക നോക്കുകൂലി ചോദിച്ച് ഇതേ യൂണിയനുകള്‍ രംഗത്തെത്തിയിരുന്നു. തൊഴിലാളികളെ ഉപയോഗിച്ച് രാഷ്ട്രീയനേതാക്കള്‍ ഗുണ്ടായിസം നടപ്പാക്കുകയാണെന്ന് വ്യവസായികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: