കെ. റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനെതിരായ ജനകീയ പ്രക്ഷോഭം അനുദിനം ശക്തിപ്പെട്ടു വരികയാണ്. പിണറായി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലും ഭീഷണിയുമൊന്നും വകവയ്ക്കാതെ ജനങ്ങള്‍ സമരരംഗത്തിറങ്ങിയിരിക്കുന്നു. പദ്ധതികള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി ഹൈക്കോടതി വിധി ദുര്‍വ്യാഖ്യാനിച്ച് കല്ലിടല്‍ പുരോഗമിക്കുകയാണ്. ഒരു സെന്റ് ഭൂമിയിലെ ഒറ്റ മുറി വീട്ടില്‍ കഴിയുന്നവരുടെ അടുപ്പുകല്ലു പൊളിച്ചുപോലും കല്ലുകള്‍ സ്ഥാപിക്കുന്ന മനുഷ്യത്വരാഹിത്യമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കല്ലിടുന്നതിനെ എതിര്‍ക്കുന്നവരെ പോലീസിനെ ഉപയോഗിച്ചും പാര്‍ട്ടിക്കാരെ ഇറക്കിയും മര്‍ദ്ദിച്ചു പിന്മാറ്റാനാണ് ശ്രമം. കേസെടുക്കുമെന്നും പിഴചുമത്തുമെന്നുമൊക്കെയുള്ള ഭീഷണികള്‍ക്ക് വഴങ്ങാതെ സ്ത്രീകളടക്കമുള്ള നൂറുകണക്കിനാളുകളാണ് ഓരോ പ്രദേശങ്ങളിലും സമരരംഗത്തുള്ളത്. കെ.റെയില്‍ എന്നെഴുതി സ്ഥാപിച്ചിട്ടുള്ള പല കല്ലുകളും ഇതിനകം ജനങ്ങള്‍ പിഴുതെറിഞ്ഞു കളഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം പിറന്ന മണ്ണില്‍ മരിക്കുന്നതുവരെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് ഈ സമരം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും നല്കുന്ന വിശദീകരണങ്ങളും വാഗ്ധാനങ്ങളുമൊന്നും വിശ്വസിക്കാന്‍ അവര്‍ തയ്യാറല്ല. വിവിധ പദ്ധതികള്‍ക്കായും മറ്റും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ അനുഭവിക്കുന്ന ദുഃഖദുരിതങ്ങള്‍ നേരില്‍ കാണുന്നവരാണ് കേരളത്തിലെ സാധാരണക്കാര്‍. പശ്ചിമബംഗാളിലെ നന്ദിഗ്രാം സമരമാണ് അവിടുത്തെ മൂന്നരപ്പതിറ്റാണ്ടു നീണ്ട ഇടതുഭരണത്തിന് അന്ത്യംകുറിച്ചത്. കെ.റെയില്‍ പദ്ധതിക്കെതിരായ സമരത്തിന് നന്ദിഗ്രാം സമരത്തെക്കാള്‍ വ്യാപ്തിയുണ്ടെന്ന കാര്യം പിണറായി വിസ്മരിക്കരുത്.
കേരളത്തിന്റെ വികസനത്തിനുവേണ്ടിയാണ് സില്‍വര്‍ ലൈന്‍ പദ്ധതി എന്ന വാദം അസംബന്ധമാണ്. ഒരു വികസനവും ഇത് കൊണ്ടുവരാന്‍ പോകുന്നില്ല എന്നു മാത്രമല്ല കേരളത്തിന്റെ വികസനത്തിന് പലതരത്തില്‍ ഈ പദ്ധതി വിഘാതമാവുകയും ചെയ്യും. രാജ്യം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അഴിമതി നടത്താനുള്ള അവസരമായാണ് മുഖ്യമന്ത്രിയും സംഘവും ഇതിനെ കാണുന്നത്. ഇനിയങ്ങോട്ട് അധികാരമുണ്ടായാലും ഇല്ലെങ്കിലും പാര്‍ട്ടി നടത്തിക്കൊണ്ടുപോവാനും, നേതാക്കള്‍ക്ക് ആഡംബര ജീവിതം നയിക്കാനുമുള്ള സഹസ്രകോടികള്‍ സ്വരൂപിക്കുകയാണ് ലക്ഷ്യം. പദ്ധതിക്ക് ഒത്താശ ചെയ്യുന്നവര്‍ക്കും രാഷ്ട്രീയ വേര്‍തിരിവില്ലാതെ ഇതിന്റെ വിഹിതം ലഭിക്കും. നിയമസഭയിലെ ഔദ്യോഗിക പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് ഉയര്‍ത്തുന്ന എതിര്‍പ്പുകളെ സര്‍ക്കാരും സിപിഎമ്മും ഗൗരവത്തിലെടുക്കാത്തത് ഇതിനാലാണ്. കോണ്‍ഗ്രസ്സ് നേതാക്കളുടെ വീരവാദങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നില്ല. പക്ഷേ ജനങ്ങള്‍ എതിരാവുമെന്ന പേടിയുണ്ട്. കള്ളപ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നതാണ് ഇതിനു കണ്ടുവച്ചിട്ടുള്ള പോംവഴി. പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ചും, അത് വന്നാലുണ്ടാകുന്ന പ്രയോജനങ്ങളെക്കുറിച്ചും നട്ടാല്‍ കുരുക്കാത്ത നുണകളാണ് യാതൊരു ലജ്ജയുമില്ലാതെ മുഖ്യമന്ത്രിയും കൂട്ടരും പ്രചരിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും പുതിയതാണ് കെ.റെയില്‍ എംഡി കഴിഞ്ഞ ദിവസം എംഎല്‍എമാര്‍ക്കു നല്കിയ വിശദീകരണം. പദ്ധതിക്കുവേണ്ടി വരുന്ന കല്ലും മറ്റും തമിഴ്നാട്ടില്‍ നിന്നുകൊണ്ടുവരാന്‍ റെയില്‍വേ സമ്മതിച്ചിട്ടുണ്ടത്രേ. നിശ്ചിത തുക അടച്ചാല്‍ ആര്‍ക്കും എന്തു സാധനവും ട്രെയിന്‍ വഴി കൊണ്ടുവരാമെന്നിരിക്കെ എന്തിനാണ് ഇങ്ങനെയൊരു പ്രഖ്യാപനം? സില്‍വര്‍ ലൈന്‍ പദ്ധതിക്ക് റെയില്‍വേയുടെ അനുമതിയുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ലക്ഷ്യം.
ഇപ്പോഴത്തെ നിലയ്ക്ക് സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റും അവകാശവാദങ്ങള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഈ പദ്ധതി നടപ്പാക്കാനാവില്ല. ആയിരം കോടി രൂപയില്‍ കൂടുതല്‍ ചെലവു വരുന്ന എല്ലാ പദ്ധതികള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ഇപ്പോള്‍ കിട്ടിയിരിക്കുന്ന തത്വത്തിലുള്ള അനുമതി നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. പദ്ധതി തുടങ്ങാനുള്ള അനുമതിയല്ല. അനുമതി ലഭിക്കാത്ത ഒരു പദ്ധതിയുടെ പേരില്‍, അലൈന്‍മെന്റുപോലും തീര്‍ച്ചപ്പെടുത്താത്ത ഒരു പദ്ധതിക്കുവേണ്ടി പിണറായി സര്‍ക്കാര്‍ എന്തിനാണ് ഇത്ര ആവേശം കാണിക്കുന്നതെന്നാണ് മനസ്സിലാവാത്തത്. പദ്ധതിക്കുവേണ്ട എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി സംഘടിപ്പിച്ചെടുക്കാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണ്. ഇങ്ങനെയൊരു വിനാശകരമായ പദ്ധതി കേരളത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചാല്‍ പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും സാമൂഹ്യജീവിതത്തെയുമൊക്കെ അത് താളം തെറ്റിക്കുമെന്നും, തലമുറകള്‍ അതിന്റെ ദുരന്തം അനുഭവിക്കേണ്ടിവരുമെന്നും കേന്ദ്രസര്‍ക്കാരിനെ ധരിപ്പിക്കാന്‍ വിവേകമതികള്‍ക്ക് കഴിയും. ആ ദൗത്യം ഇപ്പോള്‍ തന്നെ അവര്‍ നിര്‍വഹിക്കുന്നുമുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ്, അല്ലാതെ കെ.റെയിലിന്റെ പേരില്‍ കടമെടുക്കാന്‍ പോകുന്ന സഹസ്രകോടികള്‍ക്കൊപ്പമല്ല കേന്ദ്രസര്‍ക്കാര്‍ നില്‍ക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മനസ്സിലാക്കിയാല്‍ കൊള്ളാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: