ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രണ്‍ജിത് ശ്രീനിവാസനെ(45) പോപ്പുലര്‍ ഫ്രണ്ടുകാര്‍ വധിച്ച കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 1100 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ആകെ 35 പ്രതികളാണുള്ളത്. 200 ഓളം പേരെ സാക്ഷികളായും ചേര്‍ത്തിട്ടുണ്ട്. ഇതില്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരും ഗൂഡാലോചനയില്‍ മുഖ്യ പങ്കാളികളും അടക്കം 15 പ്രതികളെക്കുറിച്ചാണ് ആദ്യഘട്ട കുറ്റപത്രം. പ്രതികളെല്ലാം എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ടുകാരാണ്. കൊലയില്‍ നേരിട്ട് പങ്കെടുത്ത 12 പ്രതികളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു.
മണ്ണഞ്ചേരി സ്വദേശികളായ നൈസാം,അജ്മല്‍, മന്‍ഷാദ്, അടിവാരം സ്വദേശി അബ്ദുള്‍ കലാം, വട്ടയാല്‍ സ്വദേശി അനൂപ്, തെക്കനാര്യാട് സ്വദേശി മുഹമ്മദ് അസ്ലം, പൊന്നാട് സ്വദേശി സലാം എന്ന അബ്ദുല്‍ കലാം, ആലപ്പുഴ മുല്ലാത്തുവളപ്പ് സ്വദേശി സഫറുദ്ദീന്‍, ഇരവുകാട് സ്വദേശി അക്കു എന്ന ജെസീബ് രാജ,കല്ലുപാലം സ്വദേശി നവാസ്, വടക്കനാര്യാട് സ്വദേശി നസീര്‍, സമീര്‍ എന്നിവരാണ് ആണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികളെ പലപ്പോഴായി വിവിധയിടങ്ങളില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഒന്ന് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 19 ന് രാവിലെ 6.30നാണ് ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ അതിക്രമിച്ചു കയറി രണ്‍ജീതിനെ കൊലപ്പെടുത്തിയത്. അമ്മയുടേയും, ഭാര്യയുടേയും, മകളുടെയും മുന്നിലായിരുന്നു അതിക്രൂരമായ കൊലപാതകം. 12അംഗ സംഘം ഇരുചക്ര വാഹനത്തിലെത്തിയാണ് കൃത്യം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. പ്രതികള്‍ക്ക് വ്യാജ മൊബൈല്‍ സിം എടുത്ത് നല്കിയ എസ്ഡിപിഐ നേതാവും പുന്നപ്ര തെക്ക് പഞ്ചായത്തംഗവുമായ സുള്‍ഫിക്കര്‍ പോലീസ് മുന്‍പാകെ കീഴടങ്ങിയിരുന്നു. ഉന്നത തല ഗൂഡാലോചന കേസില്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് പഞ്ചായത്തംഗം കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ എടുത്ത വ്യാജസിം പിന്നീട് ഡിസംബറില്‍ നടന്ന കൊലപാതകത്തില്‍ കൊലയാളി സംഘം ഉപയോഗിച്ചു എന്നത്.
എന്നാല്‍ അന്വേഷണം ഉന്നതരിലേക്ക് നീങ്ങിയില്ല. ഭരണകക്ഷി ജനപ്രതിനിധികള്‍ അടക്കം കേസില്‍ ഇടപെട്ടതായി ആക്ഷേപം ഉയര്‍ന്നിരുന്നു. പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ ജില്ലാ നേതാക്കളെ അടക്കം പല തവണ പോലീസ് ചോദ്യം ചെയ്തെങ്കിലും വിട്ടയയ്ക്കുകയായിരുന്നു. ആലപ്പുഴ ഡിവൈഎസ്പി എന്‍. ആര്. ജയരാജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു.
അതിനിടെ എസ്ഡിപിഐ നേതാവ് ഷാന്‍ കൊല്ലപ്പെട്ട കേസില്‍ 483 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകത്തിലും ഗൂഡാലോചനയിലും പങ്കാളികളായ 11 പേരാണുള്ളതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഷാന്‍ വധക്കേസില്‍ 143 പേരെ സാക്ഷികളായും പ്രതി ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: