ന്യൂദല്‍ഹി: തിരുവനന്തപുരം ലോ കോളേജില്‍ കെഎസ്യു പ്രവര്‍ത്തകരെ എസ്എഫ്ഐ ആക്രമിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് എറണാകുളം എംപി ഹൈബി ഈഡന്. ലോക് സഭയിലാണ് എംപി ആവശ്യം ഉന്നയിച്ചത്. എസ്എഫ്ഐയെ നിരോധിക്കണമെന്നും ഹൈബി ഈഡന് ആവശ്യപ്പെട്ടു.
തീവ്രവാദ സംഘടകളെ പോലെയാണ് എസ്എഫ്ഐ പെരുമാറുന്നതെന്ന് ഹൈബി ഈഡന് ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥിനികള്‍ അടക്കം ആക്രമിക്കപ്പെടുകയാണ്. എസ്എഫ്ഐ ഉണ്ടാക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഉയര്ഡന്നുവരുകയാണെന്നും ഹൈബി പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. കോളേജ് യൂണിയന് ഉദ്ഘാടനത്തിനിടെ ഇരു കൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. കെഎസ്യു ഭാരവാഹി ആഷിഖിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെയാണ് സഫ്നയ്ക്ക് അടിയേല്‍ക്കുന്നത്. സഫ്നയെ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മദ്യപിച്ചെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരാണ് പ്രശ്നമുണ്ടാക്കിയതെന്ന് കെഎസ്യു പ്രവര്‍ത്തകരും കെഎസ്യു പ്രവര്ത്തകന് വിദ്യാര്‍ത്ഥിനിയോട് മോശമായി സംസാരിച്ചത് ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തില്‍ കെഎസ്യുക്കാര് ആക്രമിക്കുകയായിരുന്നെന്ന് എസ്എഫ്ഐയും ആരോപിക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്ന് കെഎസ്യു പ്രവര്‍ത്തകര്‍ ആരോപിച്ചു.
സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുമായി ആശുപത്രിയിലെത്തിയപ്പോള്‍ അവിടെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മെഡിക്കല്‍ കോളേജിന് മുന്നിലേക്ക് യൂണിവേഴ്സിറ്റി കോളേജില്‍ നിന്നടക്കം പ്രവര്‍ത്തകരെത്തിയതോടെ പ്രദേശത്ത് പോലീസിനെ വിന്യസിച്ചു.
അടുത്തിടെ നടന്ന കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ യൂണിയന് എസ്എഫ്ഐയ്ക്ക് ലഭിച്ചെങ്കിലും വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം കെഎസ്യു നേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. യൂണിയന് പരിപാടിക്കിടെ ഇത് വീണ്ടും ഉടലെടുക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ എട്ട് പേര്‍ക്ക് എതിരെ പോലീസ് കേസ് എടുത്തു. എട്ടുപേരും എസ്എഫ്ഐ പ്രവര്‍ത്തകരാണ്. എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു എന്ന പരാതിയില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്.
അക്രമിച്ചതിനും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനുമാണ് പുതിയതായി കേസ് എടുത്തിരിക്കുന്നത്. അക്രമിക്കപെട്ട കെഎസ്യു നേതാവ് സഫീനയുടെ മൊഴിയെടുത്തു. സഫീനയെ അക്രമിച്ചതിനു കേസ് നേരത്തെ എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: